കോട്ടയം: പ്രതിഷേധങ്ങൾക്കും നാടകീയ രംഗങ്ങൾക്കുമൊടുവിൽ അയ്മനം വരമ്പിനകത്തെ പി.ആർ.ഡി.എസ് മന്ദിരം കോടതി ഉത്തരവിനെത്തുടർന്ന് പഞ്ചായത്ത് ഏറ്റെടുത്തു. മന്ദിരം പൊളിച്ചുമാറ്റാൻ ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇത് നടപ്പാക്കാൻ പൊലീസ് എത്തിയതോടെ പി.ആർ.ഡി.എസ് വിശ്വാസികൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പൊലീസ് എത്തുമെന്ന വിവരം മുൻകൂട്ടി ലഭിച്ചതിനെ തുടർന്ന് സംഘത്തെ തടയാൻ വിശ്വാസികളിൽ ഒരുവിഭാഗം കെട്ടിടത്തിനുമുകളിൽ നിലയുറപ്പിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ പത്തോടെ പൊലീസ് സംഘം സ്ഥലത്തെത്തിയതിനുപിന്നാലെ കെട്ടിടത്തിന്‍റെ മുകളിലുണ്ടായിരുന്ന മൂന്ന് പുരുഷമ്മാരും ഒരു സ്ത്രീയുമാണ് മണ്ണെണ്ണയും പെട്രോളും കൈയിലെടുത്ത് ആത്മഹത്യ ഭീഷണി മുഴക്കിയത്. ഇതിനിടെ ഒരുവിഭാഗം വിശ്വാസികൾ ആരാധനാലയത്തിനുള്ളിൽ പ്രാർഥനയും ആരംഭിച്ചു. ഇവരെ അനുനയിപ്പിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നാലെ സ്ഥലം ഏറ്റെടുക്കുവാൻ ഹൈകോടതി ചുമതലപ്പെടുത്തിയ സബ്ബ് ജഡ്ജ് സുധീഷ് കുമാറിന്‍റെ നേതൃത്വത്തിലെ സംഘം എത്തിയപ്പോൾ വിശ്വാസികൾ തടിച്ചുകൂടുകയും ഭീഷണി മുഴക്കുകയായിരുന്നു. അനുനയിപ്പിക്കാൻ പൊലീസും പഞ്ചായത്ത് അധികൃതരും ചേർന്നു ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് സബ് കലക്ടറുടെ നേതൃത്വത്തിൽ ചർച്ച നടത്തുകയും കെട്ടിടം പൊളിച്ചുനീക്കേണ്ടതില്ലെന്ന ധാരണയിലെത്തുകയുമായിരുന്നു. ഇത് പ്രതിഷേധക്കാരെ അറിയിച്ചതോടെയാണ് സംഘർഷത്തിന് അയവുണ്ടായത്. പഞ്ചായത്ത് ഏറ്റെടുക്കാനും ചർച്ചയിൽ തീരുമാനമായി. പിന്നീട് പഞ്ചായത്ത് സെക്രട്ടറി സോണി മാത്യു കെട്ടിടം പൂട്ടി സീൽ ചെയ്തു. കോട്ടയം ഡിവൈ.എസ്.പി ജെ. സന്തോഷ്‌കുമാർ, കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് കൃഷ്ണ, കുമരകം എസ്.എച്ച്.ഒ ബിൻസ് ജോസഫ്, എസ്.ഐ ടി. ശ്രീജിത് എന്നിവരുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘവും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. 1962 മുതലുള്ള ഈ കെട്ടിടത്തിൽ ആരാധനയും പ്രാർഥനയും വിശ്വാസികൾ നടത്തുന്നുണ്ടായിരുന്നു. ഇതിനിടെ പുറമ്പോക്കിലാണ് കെട്ടിടമെന്നും ഇതുമൂലം സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുന്നുവെന്നും കാട്ടി മൂന്നുവർഷം മുമ്പ് പ്രദേശവാസിയായ അനിൽകുമാർ ഹൈകോടതിയിൽ കേസ് നൽകി. തുടർന്നുള്ള പരിശോധനയിൽ പുറംപോക്കിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നതെന്ന് കണ്ടെത്തി. ഇതോടെയാണ്ഓഫിസും ആരാധനാലയവും പൊളിച്ചുമാറ്റാൻ കോടതി ഉത്തരവിട്ടത്. സംഘർഷം കണക്കിലെടുത്ത് മന്ദിരത്തിന് സമീപത്തുകൂടിയുള്ള ജലഗതാഗതം പൊലീസ് തടഞ്ഞിരുന്നു. കുമ്മനം-അയ്മനം പാതയിലും പൊലീസ് നിലയുറപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.