എ.ടി.എം തകര്‍ത്ത്​ മോഷണം നടത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍

ഏറ്റുമാനൂര്‍: പേരൂര്‍ പുളിമൂട് ജങ്​ഷനിലെ എസ്​.ബി.ഐ എ.ടി.എം കൗണ്ടര്‍ തകര്‍ത്ത്​ മോഷണത്തിന് ശ്രമിച്ച പ്രതി പിടിയില്‍. ആലപ്പുഴ സ്വദേശി അപ്പുവാണ് (22) അറസ്റ്റിലായത്. ഞായറാഴ്ച രാത്രി തിരുവനന്തപുരത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപവത്​കരിച്ചായിരുന്നു അന്വേഷണം. എ.ടി.എമ്മിന്‍റെ ഉള്ളില്‍ സ്ഥാപിച്ചിരുന്ന സി.സി ടി.വി ദൃശ്യങ്ങളില്‍നിന്ന്​ പ്രതിയുടെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. അത് മുന്‍ കുറ്റവാളികളുടെ ഫോട്ടോകളുമായി താരതമ്യം ചെയ്തതില്‍ സമാനരീതിയില്‍ കൊല്ലത്ത് ചാമക്കടയില്‍ 2020ല്‍ എ.ടി.എം തകര്‍ത്ത കേസില്‍ പ്രതിയായ അപ്പുവിനെ ശിക്ഷിച്ചിരുന്നു. ഇയാള്‍ 2022 ജനുവരി ഒന്നിന്​ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയതായി പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ സ്ഥിരമായി ഒരുസ്ഥലത്ത് നില്‍ക്കാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന സ്വഭാവമുള്ളയാളാണെന്ന് മനസ്സിലായി. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഹോട്ടലുകളിലും കടകളിലും മറ്റും പുതുതായി ആളുകളെത്തുന്നുണ്ടോ എന്ന് അന്വേഷിച്ചുവരവേ തിരുവനന്തപുരത്ത് ഹോട്ടല്‍ ജോലിക്ക്​ എത്തിയതായി പൊലീസിന് വിവരം ലഭിച്ചു. അന്വേഷണസംഘം തിരുവനന്തപുരത്തെത്തി പ്രതിയെ ചോദ്യംചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു. ജനുവരി 30ന് പുലര്‍ച്ച 2.30ഓടെയാണ് പേരൂര്‍ പുളിമൂട് കവലയിലെ എ.ടി.എം കൗണ്ടര്‍ കുത്തിത്തുറന്ന് പണം കവരാന്‍ ശ്രമിച്ചത്. കോട്ടയം ഡിവൈ.എസ്​.പി സന്തോഷ്‌കുമാറിന്‍റെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ എസ്​.എച്ച്​.ഒ രാജേഷ്‌കുമാര്‍, എസ്.ഐ പ്രശോഭ്, എ.എസ്.ഐ പ്രദീപ്, ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ സീനീയർ സി.പി.ഒമാരായ പ്രവീണ്‍ പി. നായര്‍, അനീഷ് പ്രവിനോ, രാകേഷ്, ഏറ്റുമാനൂര്‍ സ്റ്റേഷനിലെ സി.പി.ഒമാരായ ജ്യോതികൃഷ്ണന്‍, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. KTG ATM അപ്പു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.