പി.സി. ജോർജിനുനേരെ​ ചീമുട്ടയേറ്​; കെ.എസ്​.യു, യൂത്ത്​ കോൺ. നേതാക്കൾക്ക്​ തടവും പിഴയും

തൊടുപുഴ: മുൻ എം.എൽ.എ പി.സി. ജോർജിനെ ചീമുട്ട എറിഞ്ഞ് കാർ തകർത്ത സംഭവത്തിൽ കെ.എസ്​.യു, യൂത്ത്​ കോൺഗ്രസ് നേതാക്കൾക്ക് ആറുമാസം തടവും 48,000 രൂപ പിഴയും. യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ല ജനറൽ സെക്രട്ടറി ടി.എൽ. അക്​ബർ, കെ.എസ്.യു സംസ്ഥാന സെക്രട്ടറിയും ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമായ മാത്യു കെ. ജോൺ എന്നിവരെയാണ് തൊടുപുഴ മുട്ടം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. 15 പ്രതികൾ ഉണ്ടായിരുന്ന കേസിൽ യഥാക്രമം രണ്ടും മൂന്നും പ്രതികളാണ് ഇവർ. രണ്ടുപേർ മുമ്പ്​ മരണപ്പെട്ടു. മറ്റുള്ളവരെ വെറുതെ വിട്ടു. പൊലീസിന്‍റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന്​ മൂന്നുമാസം തടവും 1000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ ഒരു മാസം അധികതടവും പൊതുമുതൽ നശിപ്പിച്ചതിന്​ ആറുമാസം തടവും 47,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധികതടവും ആണ്​ ശിക്ഷ. തടവ്​ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതി. 2015ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ചീഫ് വിപ്പായിരിക്കെ പി.സി. ജോർജിനെ തൊടുപുഴയിൽ ​വെച്ച് ചീമുട്ട എറിഞ്ഞ് സർക്കാർ വാഹനത്തിന്‍റെ ബീക്കൺ ലൈറ്റ് ഉൾപ്പെടെ തകർത്തു എന്നാണ് കേസ്. മന്ത്രിസഭയുടെ ഭാഗമായിരുന്നപ്പോൾതന്നെ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് എതിരെ പി.സി. ജോർജ് വിമർശനങ്ങൾ ഉന്നയിച്ചതാണ്​ പ്രതിഷേധത്തിന്​ കാരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.