വില കുറഞ്ഞു; പച്ചക്കറി കിറ്റുകൾ മടങ്ങിയെത്തി

മൂന്നു മാസത്തെ ഇടവേളക്ക്​ ശേഷമാണ്​ പച്ചക്കറി വിലയിൽ കുറവുണ്ടായത് കോട്ടയം: പച്ചക്കറി വില കുറഞ്ഞതോടെ പച്ചക്കറി കിറ്റുകൾ മടങ്ങിയെത്തി. കടകൾക്കൊപ്പം റോഡരികുകളിലും കിറ്റ്​ വിൽപനക്കാർ വീണ്ടും ഇടംപിടിച്ചു. നേരത്തേ വില കുതിച്ചുയർന്നതോടെ 100 രൂപക്ക്​ നല്‍കിയിരുന്ന കിറ്റുകളുടെ വിൽപന ഭൂരിഭാഗം കടകളിലും നിര്‍ത്തിയിരുന്നു. ചില കടകളില്‍ 150 -200 രൂപ വരെയാക്കി വില വര്‍ധിപ്പിച്ചിരുന്നു. റോഡരികുകൾ കേന്ദ്രീകരിച്ച്​ നടന്നിരുന്ന 50 രൂപ കിറ്റ്​ വിൽപനക്കാരും പിൻമാറിയിരുന്നു. എന്നാൽ, ഇടവേളക്കുശേഷം വില താഴ്ന്നതോടെ കിറ്റ്​ വിൽപന വീണ്ടും സജീവമായി. കടകളിലെല്ലാം കിറ്റുകൾ നിരന്നുകഴിഞ്ഞു. വാഹനങ്ങളിലെ പച്ചക്കറി കിറ്റ്​ വിൽപനയും തിരിച്ചുവന്നിട്ടുണ്ട്​. മൂന്നു മാസത്തെ ഇടവേളക്ക്​ ശേഷമാണ്​ പച്ചക്കറി വിലയിൽ കുറവുണ്ടായത്​. പച്ചമാങ്ങ അടക്കമുള്ള ചില ഇനങ്ങൾ ഒഴിച്ചുനിർത്തിയാൽ നേരത്തേയുണ്ടായിരുന്ന വിലയിലേക്ക്​ എല്ലാസാധനങ്ങളും എത്തി. ഇതോടെ ഹോട്ടലുകളിലെ സാമ്പാറിലും അവിയലിലുമൊക്കെ കഷണങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്​. മഴക്കെടുതിയുടെ പേരില്‍ കുതിച്ചുയര്‍ന്ന തമിഴ്‌നാട് പച്ചക്കറിയുടെ വില താഴ്ന്നു തുടങ്ങിയതാണ് വിപണിക്ക്​ ആശ്വാസമായത്​. നാടന്‍ പച്ചക്കറികള്‍ വീണ്ടും മാര്‍ക്കറ്റിലേക്ക്​ വലിയതോതിൽ വന്നതും വിപണിയിൽ പ്രതിഫലിച്ചു. പയര്‍, പാവക്ക, കോവക്ക, വെള്ളരി, പടവലങ്ങ എന്നിവ പ്രാദേശിക വിപണികളില്‍നിന്ന്​ വലിയതോതിൽ വിപണിയിലേക്ക്​ എത്തുന്നുണ്ട്​. നാടന്‍ പച്ചക്കറികളുടെ വരവ്​ തുടരുന്ന സാഹചര്യത്തിൽ വില ഇനിയും കുറയാൻ സാധ്യതയുണ്ടെന്ന്​ വ്യാപാരികള്‍ പറയുന്നു. തമിഴ്‌നാട്ടില്‍നിന്ന് കൂടുതലായി പച്ചക്കറികൾ എത്തുന്നുണ്ടെന്നും ഇവർ പറയുന്നു. നേരത്തേ നൂറും കടന്നു മുന്നേറിയ തക്കാളി വില 30- 40 രൂപയിലെത്തി​. എന്നാല്‍, കാരറ്റ് വിലയില്‍ കാര്യമായ മാറ്റം ഇല്ല. കാരറ്റിന് ഇപ്പോഴും ചില്ലറ വില ചിലയിടങ്ങളില്‍ 80-90 എന്ന നിലയിലാണ്​. ഇതിനിടയിലും പച്ചമാങ്ങ വില ഉയർന്ന നിലയിലാണ്​. 129-139 വരെയാണ്​ പലരും കിലോക്ക്​ ഇടാക്കുന്നത്​. എന്നാൽ, കഴിഞ്ഞ ആഴ്ചത്തെ അപേക്ഷിച്ച്​ കുറവുണ്ടായിട്ടുണ്ട്​. കഴിഞ്ഞ ആഴ്ച 170 രൂപ വരെയായി ഉയർന്നിരുന്നു. ബീറ്റ്​റൂട്ടിനു 50 രൂപയും പാവക്ക 45 രൂപയുമാണ്​ ചില്ലറ വില. പാവക്കക്ക്​ ഒരു ഘട്ടത്തില്‍ സെഞ്ചുറിക്ക് അടുത്തെത്തിയിരുന്നുന്നെങ്കിലും ഇപ്പോൾ കുറഞ്ഞു. പടവലം, വെള്ളരി, പയര്‍ എന്നിവയുടെയും വിലയും താഴ്ന്നിട്ടുണ്ട്. മുരിങ്ങക്ക വില ഇപ്പോഴും സെഞ്ചുറി കടന്നാണ്​ നിൽപ്​. ഒരു മാസം മുമ്പ് മുരിങ്ങക്ക വില 400 രൂപ കടന്നിരുന്നു. ഇതിപ്പോൾ 170-200 രൂപയിലെത്തിയിട്ടുണ്ട്​. നാടന്‍ മുരങ്ങക്ക വന്നുതുടങ്ങുന്നതോടെ വില കുറയുമെന്ന പ്രതീക്ഷയിലാണു വ്യാപാരികള്‍. എന്നാൽ, പച്ചക്കറി വില കുറയുമ്പോഴും മത്സ്യവില ഉയര്‍ന്ന്​ നിൽക്കുന്നത്​ സാധാരണക്കാര്‍ക്ക് തിരിച്ചടിയാണ്​. ചെറുപ്പവലുപ്പ വ്യത്യാസമില്ലാതെ മീനുകള്‍ക്കെല്ലാം ഉയർന്ന വിലയാണ്. വരവ്​ കുറഞ്ഞതാണ്​ വില വര്‍ധനക്ക്​ കാരണമായി വ്യാപാരികള്‍ പറയുന്നത്. lead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.