കാട്ടാനകൾ നാട്ടിലിറങ്ങുന്നു; ഭയന്നുവിറച്ച് മലയോരമേഖല

എരുമേലി: വേനൽ കടുത്തതോടെ കാട്ടാനകളടക്കം കാട്ടുമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് പതിവാകുന്നു. കിഴക്കൻ മലയോര മേഖലകളിലെ വനാതിർത്തിയിലെ ജനങ്ങൾ ഭീതിയോടെയാണ് ഓരോരാത്രിയും കഴിച്ചുകൂട്ടുന്നത്. രാത്രികാലങ്ങളിൽ കാടിറങ്ങുന്ന കാട്ടാനകൾ വീടുകൾക്ക് സമീപം എത്തുന്നത് കണ്ട് ശ്വാസമടക്കി കഴിയുകയാണ് പ്രദേശവാസികൾ. ജനവാസ മേഖലയായ എരുത്വാപ്പുഴ മേഖലയിൽ കഴിഞ്ഞ കുറച്ച് നാളുകളായി കാട്ടാനകൾ ഇറങ്ങുന്നത് പതിവാണ്​. കാട്ടാനകൾ കർഷകരുടെ കൃഷികൾ നശിപ്പിച്ച്​ വൻ നാശനഷ്ടമാണ് ഉണ്ടാക്കുന്നത്. കോഴിക്കുന്നേൽ വാസു, ശാന്തയിൽ സാബു, പൂതക്കുഴിയിൽ ചെല്ലപ്പൻ, കളത്തിപ്ലാക്കൽ ബാലൻ, വള്ളിക്കാട്ടിൽ ടി.കെ. സരോജിനി എന്നിവരുടെ കൃഷിഭൂമിയിൽ കാട്ടാനക്കൂട്ടം ഇറങ്ങി കൃഷികൾ നശിപ്പിച്ചു. വനപാലകരെത്തി പടക്കം പൊട്ടിച്ചും വെടിവെച്ചും ആനകളെ കാട്ടിലേക്ക് തിരികെ കയറ്റി വിടുന്നുണ്ടെങ്കിലും വീണ്ടും ഇവ ജനവാസമേഖലകളിലേക്ക് തിരിച്ചെത്തുന്നതായി പ്രദേശവാസികൾ പറയുന്നു. ആനകൾ അടുക്കാതെ തീ കത്തിച്ചുവെച്ചാണ് പലപ്പോഴും പ്രദേശവാസികൾ രാത്രി കഴിച്ചുകൂട്ടുന്നത്. വേനലിൽ ചൂട് കൂടുന്നതാണ് കാട്ടുമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങാൻ കാരണം. കാട്ടാനക്കൂട്ടത്തെ തടയാൻ സോളാർ വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ കാര്യക്ഷമമല്ലെന്നാണ് നാട്ടുകാർ പറയുന്നത്. സോളാർ വേലികളിൽ കാടുകയറുന്നതോടെ ബാറ്ററിയുടെ ചാർജ് പെട്ടെന്ന് നഷ്ടപ്പെടുന്നു. ഇതാണ് പ്രയോജനം ചെയ്യാത്തതെന്നും സോളാർ വേലിയുടെ പരിപാലനത്തിന് തദ്ദേശ വകുപ്പിന്‍റെയും പ്രദേശവാസികളുടെയും സഹകരണം അത്യാവശ്യമാണെന്നും വനപാലകർ പറയുന്നു. കിലോമീറ്ററുകൾ നീണ്ടുകിടക്കുന്ന വനാതിർത്തികളിൽ ഓടിയെത്താൻ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് സോളാർ വേലിയുടെ പരിപാലനം പ്രതിസന്ധിയിലാക്കുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സോളാർ വേലിക്ക് സമീപത്തെ കാടുകൾ തെളിക്കുന്ന ജോലി പഞ്ചായത്ത് നടത്തുന്നതുവഴിയും, കർഷകർ അവരുടെ അതിർത്തിയിലെ കാടുകൾ വെട്ടിമാറ്റുന്നതു വഴിയും സോളാർ വേലികളെ സംരക്ഷിക്കാനാകുമെന്നും വനപാലകർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.