സമൂഹവ്യാപനം: യുദ്ധകാലാടിസ്ഥാനത്തിൽ നടപടിയെടുക്കാൻ ജില്ല ഭരണകൂടങ്ങൾക്ക്​ നിർദേശം

കോട്ടയം: കോവിഡ്​ സമ്പർക്കരോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികളുമായി മുന്നോട്ടുപോകാൻ ജില്ല ഭരണകൂടങ്ങൾക്ക്​ നിർദേശം. കോവിഡ്​ വ്യാപനം തടയാനുള്ള നടപടികൾക്കാകണം മുൻഗണനയെന്നും നിർദേശമുണ്ട്​. ഏറ്റവും കൂടുതൽ രോഗബാധിതരുള്ള തിരുവനന്തപുരം, കൊല്ലം, തൃശൂർ, മലപ്പുറം, കാസർകോട്​​ ജില്ലകളിലും തീര​മേഖലകളിലും സ്വകാര്യമേഖലയുടെ സഹായം ഉറപ്പുവരുത്തണം. തീരമേഖലകളിൽ ശക്തമായ നിരീക്ഷണവും പരിശോധനയും തുടരണം. ക്വാറൻറീൻ കേന്ദ്രങ്ങൾക്കെതിരെ ഉയരുന്ന പരാതികൾ പരിഹരിച്ചും സമൂഹ വ്യാപനസാധ്യത തടയാൻ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയും വരാനിരിക്കുന്ന വൻ വിപത്തിനെ നേരിടണം. ഇതിനുള്ള നടപടികൾ ഏകോപിപ്പിക്കാൻ ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുടെ സാന്നിധ്യത്തിൽ ജനപ്രതിനിധികളുമായി അടിക്കടി ചർച്ച നടത്തണം. ആദ്യയോഗം ഉടൻ ചേർന്ന്​ സ്ഥിതി വിലയിരുത്തും. ഈ മാസം 23നകം സംസ്ഥാനത്താകെ 50,000 മുതൽ 60,000 വരെ കിടക്കകൾ സജ്ജമാക്കാനുള്ള നടപടി വേഗത്തിലാക്കാനും കലക്​ടർമാർക്കും ആരോഗ്യ-പൊലീസ്​-തദ്ദേശ സ്ഥാപന മേധാവികൾക്കും വീണ്ടും നിർദേശം നൽകി. ദിവസങ്ങൾക്കുമുമ്പ്​ ചീഫ്​ സെക്രട്ടറി നിർദേശം നൽകിയിട്ടും ഇതുവരെ 20,000ൽ താഴെ കിടക്കകളാണ്​ സജ്ജമാക്കിയത്​. പലയിടത്തും നടപടികൾ ഇഴയുകയാണ്​. പ്രാദേശികതലത്തിൽ പരമാവധി കിടക്കകൾ അടിയന്തരമായി തയാറാക്കണം. ഗ്രാമപഞ്ചായത്ത്​തലത്തിൽ നൂറും മുനിസിപ്പൽ വാർഡ്​തലത്തിൽ അമ്പതും കിടക്കകൾ കണ്ടെത്തണം. തീര​മേഖലകളിൽ എല്ലാവർക്കും പരിശോധന നടത്താനും നിർദേശമുണ്ട്​. ആ​േരാഗ്യ പ്രവർത്തകരിലും ഡോക്​ടർമാരിലും രോഗം വ്യാപിക്കുന്നതിലെ ആശങ്കയും സർക്കാർ ചൂണ്ടിക്കാട്ടുന്നു. സന്നദ്ധസംഘടനകളുടെ സേവനം പരമാവധി പ്രയോജനപ്പെടുത്താൻ തദ്ദേശ സ്ഥാപനങ്ങളോടും നിർദേശിച്ചു. മെഡിക്കൽ കോളജുകൾ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടിയെടുക്കാനും നിർദേശമുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.