ചരിത്രനേട്ടത്തിലേക്ക്​ ഇടുക്കി പദ്ധതി

തൊടുപുഴ: സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയായ മൂലമറ്റം നിലയത്തിലെ ആകെ ഉൽപാദനം ഒരു ലക്ഷം മില്യൻ യൂനിറ്റിലേക്ക് എത്തുന്നു. ഞായറാഴ്​ച രാവിലെവരെ 99955.130 മില്യൻ യൂനിറ്റ്​ വൈദ്യുതിയാണ് ഉൽപാദിപ്പിച്ചത്​. രാജ്യത്ത് ആദ്യമായാണ് ഒരു ജലവൈദ്യുതി നിലയത്തില്‍നിന്ന്​ ഇത്രയും ഉൽപാദനം നടക്കുന്നത്​. ഈ ആഴ്​ച തന്നെ റെക്കോഡിലെത്താൻ കഴിയുമെന്നാണ്​ കെ.എസ്​.ഇ.ബിയുടെ പ്രതീക്ഷ. ഈ ചരിത്ര നേട്ടം വന്‍ ആഘോഷമാക്കാൻ നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ ആഘോഷം പരിമിതപ്പെടുത്താനാണ്​ തീരുമാനം. 11ന് വൈദ്യുതി മന്ത്രി എം.എം. മണി, കെ.എസ്.ഇ.ബി സി.എം.ഡി എന്‍.എസ്. പിള്ള അടക്കം പങ്കെടുക്കുന്ന ചെറിയ ആഘോഷ പരിപാടി മൂലമറ്റത്ത് നടക്കും. 1976 ഫെബ്രുവരി 12ന് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. കുറവന്‍-കുറത്തി മലകള്‍ക്കിടയില്‍ 500 അടിയിലേറെ ഉയരത്തില്‍ പണിത ആര്‍ച്ച് ഡാമിനു പിന്നില്‍ സംഭരിക്കുന്ന കോടിക്കണക്കിന് ലിറ്റര്‍ വെള്ളം, പാറക്കുള്ളിലൂടെ തുരന്നുണ്ടാക്കിയ ഭൂഗര്‍ഭ പവര്‍ഹൗസില്‍ എത്തിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്​ ഇന്നും വിസ്മയമാണ്. 130 മെഗാവാട്ട് വീതം ശേഷിയുള്ള ആറ് ജനറേറ്ററാണ് പദ്ധതിയിലുള്ളത്. 220 കോടിയോളം രൂപയാണ് പദ്ധതിക്കായി ചെലവാക്കിയത്. ഇടുക്കിയില്‍നിന്ന്​ ഒരു യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാന്‍ യൂനിറ്റിന് 25 പൈസയാണ് ഇപ്പോള്‍ ചെലവ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.