രോഗികളോട് മോശം പെരുമാറ്റം മുണ്ടക്കയം ഗവ. ആശുപത്രിക്കെതിരെ രോഗികൾ

മുണ്ടക്കയം: ഹൈറേഞ്ചിന്റെ മെഡിക്കല്‍ കോളജ് എന്നറിയപ്പെടുന്ന മുണ്ടക്കയം സര്‍ക്കാര്‍ ആശുപത്രിയില്‍ ജീവനക്കാരുടെ മോശം മനോഭാവവും രോഗികളോടുള്ള പെരുമാറ്റവും ആശുപത്രിയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. കഴിഞ്ഞ ദിവസം ഒരു ഹൃദ്രോഗി ഒ.പിയിലെത്തി ഡോക്ടറെ കണ്ട് മരുന്ന് കുറിപ്പിച്ചെങ്കിലും താമസിച്ചെന്ന കാരണത്താല്‍ ഫാര്‍മസിസ്റ്റ് മരുന്നു നല്‍കാന്‍ തയാറായില്ല. ഉച്ചകഴിഞ്ഞ് ജീവിതശൈലി വിഭാഗം പ്രവര്‍ത്തിക്കുന്നി​ല്ലെന്നും അതിനാല്‍ ഡോക്ടര്‍ കുറിച്ചാലും മരുന്ന് തരാനാവില്ലെന്നുമായിരുന്നു വാദം. പിന്നീട് മരുന്നു നല്‍കാന്‍ ഡോക്​ടറും ഡ്യൂട്ടിയിലെ ചില ജീവനക്കാരും ആവശ്യപ്പെട്ടെങ്കിലും ഫാര്‍മസിസ്റ്റ് വിസമ്മതിച്ചു. കഴിഞ്ഞ ദിവസം ഒരു രോഗിക്ക് നഴ്‌സ്​ ചികിത്സ നിഷേധിച്ചതായും ആക്ഷേപമുണ്ട്. രണ്ടാഴ്ച മുമ്പ് ചികിത്സ തേടിയെത്തിയ വരിക്കാനി സ്വദേശിയായ യുവാവിനോട് അപമര്യാദയായി പെരുമാറിയത് സംബന്ധിച്ച് ആരോഗ്യ വകുപ്പിന് പരാതി നല്‍കിയിരുന്നു. താലൂക്ക് ആശുപത്രിയായി ഉയര്‍ത്താൻ ത്രിതല പഞ്ചായത്തുകളും ആശുപത്രി വികസന സമിതിയും പ്രവർത്തിക്കുന്നതിനിടെയാണ് ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള വീഴ്ചകൾ. കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയ മന്ത്രി വീണ ജോര്‍ജ് മുണ്ടക്കയം സര്‍ക്കാര്‍ ആശുപത്രിയില്‍ കിടത്തിച്ചികിത്സ ആരംഭിക്കുന്ന വിവരം അറിയിച്ചിരുന്നു. എന്നാല്‍, ഇതിൽ ചില ജീവനക്കാര്‍ക്ക് അതൃപ്തിയുണ്ട​ത്രേ. ജോലിസമയത്ത്​ ചില ജീവനക്കാര്‍ സംഘടന പ്രവര്‍ത്തനത്തിന്റെ പേരില്‍ മുങ്ങുന്നതും പതിവ് കാഴ്ചയാണ്. ഇവരില്‍ ചിലര്‍ മേലുദ്യോഗസ്ഥരോടുപോലും തട്ടിക്കയറുന്നതും പതിവായിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.