തിരുനക്കര ബസ്​ സ്റ്റാൻഡ്​ വ്യാപാര സമുച്ചയം ഇന്ന്​ ഒഴിപ്പിക്കും; തടയാൻ വ്യാപാരികൾ

കോട്ടയം: കോടതി ഉത്തരവനുസരിച്ച്​​ തിരുനക്കര ബസ്​ സ്റ്റാൻഡ്​ വ്യാപാര സമുച്ചയത്തിലെ കടക്കാരെ ബുധനാഴ്ച​ ഒഴിപ്പിക്കും. പൊലീസ്, മോട്ടോർവാഹന വകുപ്പിന്റെ സഹായത്തോടെയാണ് രാവിലെ 11ന്​ നടപടി സ്വീകരിക്കുക. എന്നാൽ, ഇതിനെതിരെ 52 ലൈസൻസികളും കുടുംബാംഗങ്ങളും തിരുനക്കര ബസ്​ സ്​റ്റാൻഡ്​ സംരക്ഷണസമിതിയും ചേർന്ന്​ പ്രതിരോധം തീർക്കാനാണ്​ വ്യാപാരികളുടെ തീരുമാനം. ഒഴിപ്പിക്കലിനെതിരെ സുപ്രീംകോടതിയിൽ ഹരജി നൽകിയിട്ടുണ്ട്​. കോടതി തീരുമാനം വരുന്നതുവരെ നടപടി ഒഴിവാക്കണമെന്നാണ്​ ഇവരുടെ ആവശ്യം. 2018ല്‍ വിവരാവകാശ പ്രവർത്തകനായ മഹേഷ്​ വിജയൻ നൽകിയ പൊതുതാൽപര്യ ഹരജിയാണ്​ ബസ്​ സ്റ്റാൻഡ്​ കെട്ടിടം പൊളിക്കുന്നതിലേക്കെത്തിച്ചത്​. കെട്ടിടം അപകട ഭീഷണിയിലാണെന്നുകാണിച്ച് നൽകിയ ഹരജിയിൽ കോടതി ​കെട്ടിടത്തിന്‍റെ ബലപരിശോധന നടത്താൻ ഉത്തരവിട്ടു. തിരുവനന്തപുരം എന്‍ജിനീയറിങ്​ കോളജിലെ സിവില്‍ എന്‍ജിനീയറിങ്​ വിഭാഗത്തിൽനിന്നുള്ള രണ്ട് പ്രഫസർമാരാണ്​​ ബലപരിശോധന നടത്തിയത്. സി.പി.ഡബ്ല്യു.ഡി മാനുവല്‍ പ്രകാരം അറ്റകുറ്റപ്പണി ചെയ്താല്‍ 10 മുതല്‍ 15 വര്‍ഷം കൂടി ആയുസ്സുണ്ടാകുമെന്ന്​ ഇവർ റിപ്പോർട്ട്​ നൽകി. 2021ല്‍ നഗരസഭ കോടതിയെ വീണ്ടും സമീപിച്ചു. 50 ലക്ഷം രൂപ ബജറ്റില്‍ നീക്കിവെച്ച് രണ്ടു പ്രാവശ്യം ടെൻഡര്‍ വിളിച്ചിട്ടും ആരും വരാത്തതിനാല്‍ കെട്ടിടം പൊളിക്കാൻ കൗണ്‍സില്‍ യോഗം ഐകകണ്​ഠ്യേന തീരുമാനിച്ചു. ഇതനുവദിച്ച കോടതി കെട്ടിടം പൊളിക്കാനുത്തരവിട്ടു. കെട്ടിടം പൊളിക്കുന്നതി​ന്​ എന്തു നടപടിയെടുത്തു എന്ന്​ അടുത്തതവണ കേസ്​ പരിഗണിക്കുമ്പോൾ കോടതിയെ അറിയിക്കണം. അല്ലെങ്കിൽ കോടതിയലക്ഷ്യമാവും. പിന്നിൽ വൈസ്​ ചെയർമാൻ നിക്ഷിപ്ത താൽപര്യങ്ങൾക്കുവേണ്ടി വൈസ്​ചെയർമാനാണ്​ ഇതിനുപിന്നിൽ കളിക്കുന്നതെന്നാണ്​ വ്യാപാരികളുടെ ആരോപണം. കൗൺസിൽ ഒറ്റക്കെട്ടായി തീരുമാനിച്ചു എന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ്​ കെട്ടിടം പൊളിക്കാൻ അനുമതി വാങ്ങിയത്​. കോടതിയിൽ നൽകിയ രേഖയിൽ ഒപ്പിട്ട, ഭരണപക്ഷത്തെയടക്കം പല കൗൺസിലർമാരും കെട്ടിടം പൊളിക്കാനുള്ള തീരുമാനം അറിഞ്ഞിട്ടില്ല. സബ്കമ്മിറ്റിയിൽ വെച്ചാണ്​ വൈസ് ​ചെയർമാൻ ​അനുമതി വാങ്ങിയത്​. ഭരണപക്ഷത്തുള്ള കൗൺസിലർമാരും കെട്ടിടം പൊളിക്കുന്നതിനെതിരാണ്​. പുതിയ കെട്ടിടം പണിതാൽ ഒഴിപ്പിച്ച കടക്കാർക്ക്​ മുൻഗണന നൽകുമെന്നു പറയുന്നുണ്ടെങ്കിലും കൂടിയ വാടകയിൽ കടകളെടുക്കാൻ ഈ ചെറുകിട വ്യാപാരികൾക്ക്​ കഴിയില്ല. സ്വാഭാവികമായും വൻകിട സ്ഥാപനങ്ങൾക്ക്​ കെട്ടിടം കൈയടക്കാനുമാവും. കെട്ടിടത്തിന്‍റെ ബലപരിശോധന നടത്തിയത്​ സാ​ങ്കേതിക സംവിധാനങ്ങളുപയോഗിച്ചല്ല. നാലുഘട്ടങ്ങളിലായി പണിതതിനാൽ കെട്ടിടങ്ങളുടെ കാലപ്പഴക്കം വ്യത്യസ്തമാണ്​. ആദ്യംപണിത ​എ ബ്ലോക്കിന്​ 63 വർഷമാണെങ്കിൽ അവസാനം പണിത ഡി ​ബ്ലോക്കിന്​ 49 വർഷമാണ്​ പഴക്കം. 2004ല്‍ നഗരസഭ ബസ്​ സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ച് 12നില ട്രേഡ് സെന്‍റര്‍ പണിയാന്‍ ഡി.പി.ആർ തയാറാക്കി മുന്നോട്ടുപോയെങ്കിലും എതിര്‍പ്പിനെ തുടര്‍ന്ന്​​ നിര്‍ത്തിവെക്കുകയായിരുന്നു​. നഗരസഭക്ക്​ ജൂബിലി സ്മാരക മള്‍ട്ടി കോംപ്ലക്സ് കം ബസ്ബേ പണിയാനാണ്​ കെട്ടിടം പൊളിക്കുന്നത്​. ഇതിനായി 75 ലക്ഷം ബജറ്റില്‍ മാറ്റിവെച്ചിട്ടുണ്ട്​. ആരും എതിര്‍ക്കാതിരിക്കാന്‍ അനുകൂല ഉത്തരവ് സമ്പാദിച്ച് 2022 ജനുവരി വരെ കാത്തിരുന്നു. പത്രങ്ങളിൽ വാർത്ത വന്നപ്പോൾ മാത്രമാണ്​ തങ്ങൾ വിവരമറിഞ്ഞത്​. അതിനാൽ കേസിൽ കക്ഷിചേരാനായില്ല. 'ഓണസീസൺ തകർന്നു' കെട്ടിടത്തിന്‍റെ ഒന്നാംനിലയിൽ ചെറുകിട കച്ചവടക്കാരും രണ്ടുംമൂന്നും നിലകളിൽ ഓഫിസ്​ സ്ഥാപനങ്ങളുമാണുള്ളത്​. കെട്ടിടം പൊളിക്കുന്നതോടെ വർഷങ്ങളായി ഇവിടെ കച്ചവടം ചെയ്യുന്ന വ്യാപാരികളും അവരുടെ കുടുംബാംഗങ്ങളും സ്റ്റാൻഡിനെ ചുറ്റിപ്പറ്റി ജീവിക്കുന്നവരുമടക്കം നിരവധിപേർ വഴിയാധാരമാകും. ഓണസീസൺ മുന്നിൽ കണ്ട്​ വായ്പയെടുത്തും മറ്റുമാണ്​ വ്യാപാരികൾ​ സാധനങ്ങളിറക്കിയത്​. കോവിഡ്​ പ്രതിസന്ധി നീങ്ങിയതിന്‍റെ പ്രതീക്ഷയിൽ കാത്തിരുന്ന തങ്ങൾക്ക്​​ നഗരസഭയു​ടെ തീരുമാനം വലിയ തിരിച്ചടിയാകുമെന്ന്​ വ്യാപാരികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മർച്ചന്‍റ്​സ്​ അസോ. പ്രസിഡന്‍റ്​ എം.കെ. ഖാദർ, എക്സിക്യൂട്ടിവ്​​ കമ്മിറ്റി അംഗം അഡ്വ. സന്തോഷ്​ വർഗീസ്​, വ്യാപാരികളായ എസ്​. ബൈജു, ആർ. രവി, അബൂബക്കർ, എ.എ. തോമസ്​, മാത്യു നൈനാൻ, പി.ബി. ഗിരീഷ്​ എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.