വൈക്കം: വെള്ളപ്പൊക്ക ദുരിതം രൂക്ഷമായ മറവൻതുരുത്തിലെ താഴ്ന്നപ്രദേശങ്ങളിലെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ ഒരു ക്യാമ്പുകൂടി തുറന്നു. ഇടവട്ടം അറുപതിലെ എസ്.എൻ.ഡി.പി ഹാളിൽ ആരംഭിച്ച ക്യാമ്പിൽ 12 കുടുംബങ്ങളിലായി 30ഓളം പേരുണ്ട്. വ്യാഴാഴ്ച തുടങ്ങിയ മറവൻതുരുത്ത് യു.പി.എസിലെ ക്യാമ്പിൽ 20 കുടുംബങ്ങളിലായി 60 പേരോളമുണ്ട്. കിഴക്കൻ വെള്ളത്തിന്‍റെ വരവ് ശക്തമായി തുടരുന്നതിനാൽ കൂടുതൽ പേരെ മാറ്റി പാർപ്പിക്കേണ്ടിവരുമെന്ന സ്ഥിതിയാണ്. മൂവാറ്റുപുഴയാറിന്‍റെ തീരത്തുള്ള തുരുത്തുമ്മയിലെയും ഏനാദിയിലെയും ദുരിതബാധിതരെ ബ്രഹ്മമംഗലം യു.പി.എസിലേക്ക് മാറ്റിപാർപ്പിച്ചു. വെള്ളൂർ തട്ടാവേലി, പുത്തൻചന്ത, കരിപ്പാടം ഭാഗങ്ങളിലെ വെള്ളപ്പൊക്ക ദുരിതത്തിലായ കുടുംബങ്ങളെ വെള്ളൂർ കുഞ്ഞിരാമൻ മെമ്മോറിയൽ സ്കൂളിൽ ആരംഭിച്ച ക്യാമ്പിലേക്ക് മാറ്റിയതായി വെള്ളൂർ പഞ്ചായത്ത് പ്രസിഡന്‍റ് നികിതകുമാർ പറഞ്ഞു. വെട്ടിക്കാട്ടുമുക്ക് - വെള്ളൂർ റോഡിൽ വെള്ളം കയറിയതോടെ ഇതുവഴി ഗതാഗതം തടസ്സപ്പെട്ടു. മറവൻതുരുത്ത്, ചെമ്പ്, തലയോലപ്പറമ്പ് പഞ്ചായത്തുകളിലെ വിവിധ കൃഷിയും വെള്ളത്തിൽ നശിച്ചു. ഉദയനാപുരം പഞ്ചായത്തിലെ വാഴമന, പടിഞ്ഞാറെക്കര, മുട്ടുങ്കൽ, ചെട്ടിമംഗലം ഭാഗങ്ങളിലെ വെള്ളത്തിൽ മുങ്ങിയ 20ഓളം കുടുംബങ്ങളെ വല്ലകം സെന്‍റ് മേരീസിൽ ആരംഭിച്ച ക്യാമ്പിലേക്ക് മാറ്റി. തലയാഴത്തെ തോട്ടകം, ചെട്ടിക്കരി, ഏഴാം ബ്ലോക്ക്, വനം, കൂവം, പുന്നപ്പുഴി ഭാഗങ്ങളിൽ നിരവധി വീടുകൾ വെള്ളക്കെട്ടിലാണ്. മഴ കനത്തു പെയ്താൽ തോട്ടകം ഗവ. എൽ.പി.എസിൽ ക്യാമ്പ് തുറക്കാനുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത് അധികൃതർ. വെച്ചൂരിലെ 35 പാടശേഖരങ്ങളിൽ 30ലും കൃഷിയുണ്ട്. പമ്പിങ് നടന്നുവരുന്നതിനാൽ പാടശേഖരത്തിനുള്ളിലും ജലാശയങ്ങളുടെ ഓരത്തും താമസിക്കുന്നവർക്ക് കൂടുതൽ ദുരിതം നേരിടേണ്ടി വന്നിട്ടില്ല. വെള്ളം കൂടിയാൽ വെച്ചൂർ ദേവീവിലാസം സ്കൂൾ, സെന്‍റ് മൈക്കിൾസ് സ്കൂൾ, ഇടയാഴം സെന്‍റ് മേരീസ് സ്കൂൾ എന്നിവടങ്ങളിൽ ക്യാമ്പ് ആരംഭിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. ഷൈലകുമാർ പറഞ്ഞു. കരിയാർ സ്പീൽവേയുടെ തൂണുകളിൽ പുൽക്കെട്ടും പായലും കനത്തതോതിൽ അടിഞ്ഞ് തങ്ങിനിൽക്കുന്നത് നീരൊഴുക്ക് തടസ്സപ്പെടുത്തുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. ------------------------ കലങ്ങിമറിഞ്ഞ് കിഴക്കൻ വെള്ളം: ഫാമിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി തലയോലപ്പറമ്പ്: കലങ്ങിമറിഞ്ഞെത്തിയ കിഴക്കൻവെള്ളം മത്സ്യഫാമിലെ വെള്ളത്തിൽ കലർന്ന് പുളി ഇളകിയതിനെ തുടർന്ന് കരിമീനടക്കം മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. മറവൻതുരുത്ത് വാളോർമംഗലത്തെ കുന്നക്കാട്ടുവേലിൽ മാമലശ്ശേരിൽ സി.ബി. രഘുവിന്‍റെ രണ്ടേമുക്കാൽ ഏക്കറിലുള്ള ഫാമിലാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തത്. ഒരുലക്ഷത്തിലധികം കരിമീനുകൾ, കട്ല, രോഹു തുടങ്ങിയ മത്സ്യങ്ങളാണ് ഇവിടെ വളർത്തിയിരുന്നത്. ഇതിനൊപ്പം പുതുതായി നിക്ഷേപിച്ച 30,000 പിരാന മത്സ്യക്കുഞ്ഞുങ്ങളും ചത്തു. ഫാമിലെ തൊഴിലാളികളായ കരിയിൽ തങ്കപ്പൻ, ചെട്ടിക്കാടൻതറയിൽ ശശി എന്നിവർ ഫാമിലെത്തിയപ്പോഴാണ് മത്സ്യങ്ങൾ ചത്തുപൊങ്ങിയത് കാണുന്നത്. മത്സ്യങ്ങൾ ചത്തതോടെ ഇവർക്ക് തൊഴിലും നഷ്ടപ്പെട്ടു. ഓണവിപണി ലക്ഷ്യമിട്ട് വളർത്തിയ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തത് കർഷകനും കനത്ത പ്രഹരമായി. പത്തുലക്ഷത്തോളം രൂപയുടെ നഷ്ടമാണുണ്ടായതെന്ന് ഫാമുടമ രഘു പറഞ്ഞു. കൃഷി ഓഫിസർ ലിറ്റി വർഗീസും മത്സ്യഫെഡ് അധികൃതരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ktl karimeen മത്സ്യങ്ങൾ ചത്തുപൊങ്ങിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.