ഗുണ്ടുമലയിൽ ഒമ്പതുകാരി മരിച്ചിട്ട് മൂന്നുവർഷം; എങ്ങുമെത്താതെ അന്വേഷണം

മൂന്നാർ: മൂന്നുവർഷം മുമ്പ് എസ്റ്റേറ്റ് ലയത്തിൽ ഒമ്പതുകാരിയെ കയറിൽ കുരുങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നിലച്ചു. ഒരുവർഷം മുമ്പ് രൂപവത്​കരിച്ച പ്രത്യേക അന്വേഷണസംഘത്തിനും ഇതുവരെ പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. 2019 സെപ്റ്റംബർ ഒമ്പതിനാണ് ഗുണ്ടുമല എസ്റ്റേറ്റിലെ ലയത്തിൽ ഒമ്പതുകാരിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. തൊട്ടികെട്ടുന്ന പ്ലാസ്റ്റിക് കയറിൽ കുരുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി കണ്ടെത്തി. ഇതോടെയാണ് കൊലപാതകമാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. മൂന്നാർ പൊലീസ് മാസങ്ങളോളം അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഒരുവർഷത്തിനുശേഷം പെൺകുട്ടിയുടെ മാതാവ്​ ജില്ല പൊലീസ് മേധാവി ആർ. കറുപ്പുസ്വാമിക്ക് നൽകിയ അപേക്ഷയെ തുടർന്ന് കഴിഞ്ഞവർഷം ജൂലൈയിൽ പുതിയ അന്വേഷണസംഘത്തെ നിയോഗിച്ചു. നാർകോട്ടിക് ഡിവൈ.എസ്.പി എ.ജി. ലാലിനെയാണ് ചുമതല ഏൽപിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള 11 അംഗ സംഘം മൂന്നാറിൽ ക്യാമ്പ്ചെയ്ത് വിശദ അന്വേഷണം നടത്തി. ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനായി ഡമ്മി പരീക്ഷണവും നടത്തി. പരീക്ഷണത്തിലും മരണം കൊലപാതകമാണെന്ന നിഗമനത്തിലാണ് സംഘം എത്തിയത്. എന്നാൽ, കൊലപാതകിയിലേക്ക് മാത്രം എത്താൻ കഴിഞ്ഞില്ല. കുട്ടിയുടെ ബന്ധുക്കളെയും നാട്ടുകാരെയും വിശദമായി ചോദ്യംചെയ്തതോടെ ചില തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചതായി സൂചനകൾ ഉണ്ടായിരുന്നു. അറസ്റ്റ് ഉടൻ നടക്കുമെന്ന് വാർത്തയും പരന്നെങ്കിലും പൊലീസ് സ്ഥിരീകരിച്ചില്ല. ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചതായി സൂചനയുണ്ട്. ഇതോടെ അന്വേഷണം വീണ്ടും മുടങ്ങുമെന്ന ആശങ്കയിലാണ് തോട്ടം തൊഴിലാളികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.