പാറോച്ചാൽ, ചുങ്കത്തിൽ മുപ്പത്, പതിനഞ്ചിൽകടവ്, കാഞ്ഞിരം, ആർ-ബ്ലോക്ക്, മറ്റ് കായൽ പ്രദേശങ്ങളിലെ വിദ്യാർഥികൾക്ക് സ്കൂളിലെത്താം കോട്ടയം: കാത്തിരിപ്പിനൊടുവിൽ കോട്ടയം–ആലപ്പുഴ ബോട്ട് സർവിസ് കാഞ്ഞിരംവഴി. പൊക്കുപാലങ്ങൾ കടമ്പ തീർത്തതോടെ ഒരുവർഷമായി ബോട്ടുകൾ പള്ളം വഴിയായിരുന്നു സർവിസ് നടത്തിയത്. ഇതുമൂലം ബോട്ടിനെ ആശ്രയിച്ചിരുന്ന വിദ്യാർഥികൾ, കർഷകർ, കർഷക തൊഴിലാളികൾ, മത്സ്യബന്ധന തൊഴിലാളികൾ എന്നിവർ ദുരിതത്തിലായിരുന്നു. പാറോച്ചാൽ, ചുങ്കത്തിൽമുപ്പത്, പതിനഞ്ചിൽകടവ്, കാഞ്ഞിരം, ആർ-ബ്ലോക്ക്, മറ്റ് കായൽ പ്രദേശങ്ങളിലെ വിദ്യാർഥികൾ ബോട്ട് സർവിസിനെ ആശ്രയിച്ചായിരുന്നു സ്കൂളിലേക്ക് എത്തിയിരുന്നത്. കാഞ്ഞിരം എസ്.എൻ.ഡി.പി സ്കൂളിലെ മാത്രം 90 കുട്ടികളാണ് ബോട്ടിനെ ആശ്രയിക്കുന്നത്. ഇവരുടെ യാത്രക്ലേശത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്‍റ്, കാഞ്ഞിരം സ്കൂൾ അധികൃതരും കോട്ടയം നഗരസഭയെ സമീപിച്ചു. ജലഗതാഗത വകുപ്പും പാലങ്ങൾ നന്നാക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടു. ഇതോടെ തകരാറിലായിരുന്ന നാലു പൊക്കുപാലങ്ങളും അറ്റകുറ്റപ്പണി പണി നടത്തി. എന്നാൽ, ബോട്ടുകൾ കടന്നുവരുമ്പോൾ പാലങ്ങൾ ഉയർത്താൻ ജീവനക്കാരില്ലാത്തതിനാൽ സർവിസ് പുനരാരംഭിച്ചില്ല. പ്രതിഷേധം ഉയർന്നതോടെ കഴിഞ്ഞദിവസം താൽക്കാലിക ജീവനക്കാരെ നഗരസഭ നിയോഗിച്ചു. നേരത്തേ പൊക്കുപാലങ്ങൾ ഉയർത്തിയവരെ തന്നെയാണ് വീണ്ടും ചുമതലപ്പെടുത്തിയത്. ഇതോടെ വെള്ളിയാഴ്ച മുതൽ കാഞ്ഞിരംവഴി സർവിസ് പുനരാരംഭിച്ചു. കാഞ്ഞിരം ഭാഗത്തുള്ളവര്‍ക്ക് കോട്ടയം നഗരത്തിലേക്ക് എത്താനുള്ള യാത്രമാര്‍ഗം കൂടിയാണിത്. കോട്ടയം-ആലപ്പുഴ റൂട്ടിൽ കാരാപ്പുഴ നാടങ്കരി പാലം, പതിനാറിൽചിറ പാലം, പാറേച്ചാൽ പാലം, ചുങ്കത്ത് മുപ്പത് ഇരുമ്പുപാലം, കാഞ്ഞിരം പാലം എന്നിങ്ങനെ അഞ്ച് പൊക്കുപാലങ്ങളുണ്ട്. മീനച്ചിലാറിനു കുറുകെ ഈ പാലങ്ങൾ ഉയർത്തിയാണ് ബോട്ടുകൾ കടത്തിവിടുന്നത്. ഈ പാലങ്ങൾ തകരാറിലാകുന്നതോടെ ബോട്ടുകൾ കാരാപ്പുഴ, 16ൽചിറ, പാറോച്ചാൽ, ചായക്കട, ചാക്ക്, വെട്ടിക്കാട്, 12 പങ്ക്, എം.എം ബ്ലോക്ക് എന്നീ ജെട്ടികൾ ഒഴിവാക്കി പള്ളം പഴുക്കാനിലം വഴിയാണ് സർവിസ് നടത്തുക. കോടിമതയിൽനിന്നുള്ള രണ്ട് ബോട്ടുകളാണ് കോട്ടയം-ആലപ്പുഴ റൂട്ടിൽ സർവിസ് നടത്തുന്നത്. പള്ളം വഴി സർവിസ് നടത്തുന്നത് ബോട്ടുകളുടെ വരുമാനത്തെയും ബാധിച്ചിരുന്നു. കൂടുതൽ സമയവും ഇതിന് ആവശ്യമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.