കോട്ടയം: മൂന്നുപതിറ്റാണ്ടിന്‍റെ കാത്തിരിപ്പിനൊടുവിൽ സ്വപ്ന ട്രാക്കിലൂടെ പാലരുവി എക്‌സ്പ്രസ് കൂകിപ്പാഞ്ഞു. ഇതോടെ യാഥാർഥ്യമായത് സംസ്ഥാനത്തിന്‍റെ തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെ വൈദ്യുതീകരിച്ച ഇരട്ട റെയില്‍പാതയെന്ന സ്വപ്നം. മുളന്തുരത്തി -കായംകുളം ഇരട്ടപ്പാത യാഥാർഥ്യമാക്കി എറ്റുമാനൂര്‍ -ചിങ്ങവനം രണ്ടാംപാത തുറന്നു. പകൽ പത്തുമണിക്കൂറോളം നീണ്ട അവസാനഘട്ട ജോലികൾ പൂർത്തിയാക്കി ഞായറാഴ്ച രാത്രി 9.20ഓടെ പാലക്കാട്ടുനിന്ന് തിരുനെല്‍വേലിയിലേക്കുള്ള പാലരുവി എക്സ്പ്രസാണ് ആദ്യമായി കടന്നുപോയത്. ഞയാറാഴ്ച വൈകീട്ട് ആറോടെയാണ് നിർമാണ പ്രവൃത്തികൾ പൂർണമായത്. രാവിലെ ഏറ്റുമാനൂരിന് സമീപം പാറോലിക്കലിൽ പുതിയ പാതയും പഴയ പാതയും കൂട്ടിയോജിപ്പിക്കുന്ന കട്ട് ആൻഡ് കണക്ഷൻ നടപടികൾ ആരംഭിച്ചു. തുടർന്ന് ട്രാക്ക് അലൈൻമെന്‍റും ഇലക്ട്രിക് ലൈൻ കറക്ഷനും പൂർത്തിയാക്കി. ഒരു ബോഗിയുള്ള എൻജിൻ ഉപയോഗിച്ച് ഇരട്ടപ്പാതയിൽ ഓടിച്ച് സുരക്ഷയും ഉറപ്പാക്കി. ആറുമണിയോടെ പണി പൂർത്തിയായതായി റെയിൽവേ അധികൃതർക്ക് സർട്ടിഫിക്കറ്റ് കൈമാറി. രാത്രി പാലരുവി എക്‌സ്പ്രസ് പാറോലിക്കലിൽ റെയിൽവേ അധികൃതരുടെ നേതൃത്വത്തിൽ ഫ്ലാഗ്ഓഫ് ചെയ്ത് പുതിയ പാളത്തിലേക്കു കയറ്റി. കോട്ടയം റെയിൽവേ സ്റ്റേഷനിൽ തോമസ് ചാഴികാടൻ എം.പിയുടെ നേതൃത്വത്തിൽ പുതിയ പാതയിലൂടെ വന്ന ട്രെയിന് സ്വീകരണം നൽകി. തിരുവനന്തപുരം റെയിൽവേ ഡിവിഷനൽ മാനേജർ ആർ. മുകുന്ദ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. സ്ഥലമേറ്റെടുപ്പിലെ തടസ്സം മൂലം കോട്ടയം റൂട്ടിൽ അവശേഷിച്ച ഏറ്റുമാനൂര്‍- ചിങ്ങവനം 16.70 കിലോമീറ്റര്‍ പുതുപാത എത്തിയതോടെ മംഗലാപുരം മുതല്‍ തിരുവനന്തപുരം (കോട്ടയം വഴി) വരെയുള്ള 632 കി.മീറ്റര്‍ പൂർണമായി ഇരട്ടപ്പാതയായി. അതേസമയം, കോട്ടയം റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ ലൈനിന്‍റെ നിർമാണ ജോലികൾ തുടരുകയാണ്. ഇത് ജൂൺ 15ന് മാത്രമേ പൂർത്തിയാകൂവെന്ന് റെയിൽവേ അറിയിച്ചു. പടം KTG TARIN ഇരട്ടപ്പാത തുറന്നുകൊടുക്കുന്നതിന് മുന്നോടിയായി പുതുതായി നിർമിച്ച പാതയിലൂടെന്ന് ഒരു ബോഗിയുള്ള എൻജിൻ ഉപയോഗിച്ച് പരീക്ഷണയോട്ടം നടത്തിയപ്പോൾ ............... ദുഃഖത്തിലും സന്തോഷത്തിലും പാലരുവി എക്‌സ്പ്രസ് കോട്ടയം: ട്രെയിൻ യാത്രക്കാരുടെ മനസ്സിലിടം സ്വന്തമാക്കിയ കോട്ടയത്തെ ഇരട്ടത്തുരങ്കത്തിലൂടെ അവസാന യാത്ര നടത്തിയ പാലരുവി എക്‌സ്പ്രസ് തന്നെ സന്തോഷത്തിലേക്കും കൂകിപ്പാഞ്ഞു. റെയില്‍വേ സ്റ്റേഷനു സമീപമുള്ള ഇരട്ടത്തുരങ്കത്തിലൂടെയുള്ള യാത്ര അവസാനിപ്പിച്ചു കടന്നുപോയത് തിരുനെല്‍വേലിയില്‍നിന്ന് പാലക്കാട്ടേക്കുള്ള പാലരുവി എക്സ്പ്രസായിരുന്നു. ഞായറാഴ്ച പുതുപാതയിലൂടെയുള്ള ആദ്യയാത്രക്ക് നറുക്കുവീണതും പാലരുവിക്ക് തന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.