മനോഹര തീരം, സുന്ദരകാഴ്ചകൾ; തലവരക്ക് മാറ്റമില്ല -- അനാഥമായി നാലുപങ്കിലെ മനോഹര തീരത്തൊരുങ്ങിയ ഹൗസ് ബോട്ട് ടെർമിനൽ കോട്ടയം: കുമരകം വലിയ പ്രതീക്ഷയോടെ കാത്തിരുന്ന പദ്ധതിയായിരുന്നു ചിത്തിരക്കായലും വേമ്പനാട്ട് കായലും അതിർത്തി പങ്കിടുന്ന നാലുപങ്കിലെ മനോഹര തീരത്തൊരുങ്ങിയ ഹൗസ് ബോട്ട് ടെർമിനൽ. നീണ്ട കാത്തിരിപ്പിനൊടുവിൽ ഉദ്ഘാടനം നടന്നെങ്കിലും തലവരക്ക് മാറ്റമില്ല. കായൽക്കാഴ്ചകളിലേക്ക് കണ്ണെറിയാൻ ഏറെ അനുയോജ്യമാണെങ്കിലും സഞ്ചാരികൾക്ക് ഇവിടം ഇപ്പോഴും അന്യം. ഇരുന്ന് വിശ്രമിക്കാനോ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനോ സൗകര്യമില്ലാത്തതിനാൽ ആൾത്തിരക്കില്ല. യാത്രാസൗകര്യങ്ങൾ ഇല്ലാത്തതിനാൽ കേട്ടറിയുന്നവർക്കും എത്താനാകുന്നില്ല. ഹൗസ് ബോട്ടുകൾ നിർത്തിയിടാനുള്ള സൗകര്യത്തിനൊപ്പം സഞ്ചാരികൾക്ക് കാഴ്ചകളിലേക്ക് എത്താനായി നാലുപങ്ക് ടെർമിനലിനൊപ്പം വാച്ച് ടവർ അടക്കം നിർമിച്ചെങ്കിലും ഇവയടക്കം നാശത്തിൻെറ വക്കിലാണ്. സമീപ പുരയിടങ്ങളിൽ നിന്ന് ടെർമിനലിൻെറ നടപ്പാതയിലേക്ക് കാടുകയറി. ചെറിയ മരങ്ങളുടെ ശിഖരങ്ങൾ ഇവിടേക്ക് വളർന്നുനിൽക്കുന്നു. പുരയിടങ്ങളിൽനിന്ന് വിഷപ്പാമ്പുകൾ നടപ്പാതയിലേക്ക് കയറിയാൽപോലും അറിയില്ല. ---- തർക്കത്തോട് തർക്കം കുമരകത്തിൻെറ സമീപമേഖലകളിലേക്കും സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് ടൂറിസം വകുപ്പ് 3.8 കോടി ചെലവഴിച്ച് 2016ൽ നാലുപങ്ക് ടെർമിനൽ പദ്ധതിക്ക് രൂപം നൽകിയത്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്‌ചർ ഡെവലപ്‌മെന്‍റ് കോർപറേഷനായിരുന്നു (കെ.ഐ.ഐ.ഡി.സി) നിർമാണച്ചുമതല. എന്നാൽ, ടെർമിനലിൻെറ നിർമാണം തർക്കങ്ങളിൽതട്ടി നീണ്ടു. മത്സ്യസമ്പത്ത് നശിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഫിഷറീസ് വകുപ്പും പരിസ്ഥിതി സംരക്ഷകരും മത്സ്യകർഷകരും രംഗത്തുവന്നത് ആദ്യഘട്ടത്തിൽ പ്രതിസന്ധികൾ സൃഷ്ടിച്ചു. ഒടുവിൽ പ്രശ്നം പരിഹരിച്ച് നിർമാണം ആരംഭിച്ചെങ്കിലും പാതിവഴിയിലെത്തിയപ്പോൾ കെ.ഐ.ഐ.ഡി.സി കൃത്യമായി പണം നൽകുന്നില്ലെന്ന് ആരോപിച്ച് കരാറുകാരൻ പിന്മാറി. തുടർന്ന്, കാത്തിരിപ്പിനൊടുവിൽ കുടിശ്ശിക നൽകി നിർമാണം പുനരാരംഭിച്ചു. ഇതിനിടെ, പഞ്ചായത്തുമായി തർക്കങ്ങൾ. അവസാനം 2020 നവംബർ രണ്ടിന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ടെർമിനൽ തുറന്നുനൽകി. ഇതിനിടെ, ടെർമിനലിൻെറ ഉടമസ്ഥതയെച്ചൊല്ലി ടൂറിസം വകുപ്പും കുമരകം പഞ്ചായത്തും തമ്മിലെ തർക്കവും രൂക്ഷമായി. തങ്ങൾ സർക്കാറിന് സമർപ്പിച്ച പദ്ധതിയാണ് ടെർമിനലെന്നും ഇത് ടൂറിസം വകുപ്പ് തട്ടിയെടുക്കുകയാണെന്നുമായിരുന്നു കുമരകം പഞ്ചായത്തിൻെറ വാദം. ഇതോടെ ഡി.ടി.പി.സിയുടെ വാച്ച് മാൻ 'അപ്രത്യക്ഷനായി'. തീരുമാനമില്ലാതെ തർക്കം തുടർന്നതോടെ സാമൂഹികവിരുദ്ധരുടെ താവളമായി ഇത് മാറി. നായ്ക്കളും ഏറെ. ഇതിനിടെ, മൂന്ന് മാസംമുമ്പ് ടെർമിനൽ കുമരകം പഞ്ചായത്തിന് കൈമാറി ടൂറിസം വകുപ്പ് ഉത്തരവിറക്കി. ഇതോടെ ടെർമിനലിൻെറ സംരക്ഷണച്ചുമതല പഞ്ചായത്തിനായി. എന്നിട്ടും കാര്യങ്ങൾക്ക് മാറ്റമില്ല. --------- അടിസ്ഥാന സൗകര്യങ്ങളില്ല അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കാതെയായിരുന്നു ഉദ്ഘാടനം. കായൽ മനോഹാരിത ആസ്വദിക്കാനുള്ള വാച്ച് ടവറിൽ ഒതുങ്ങി സൗകര്യങ്ങൾ. സഞ്ചാരികൾക്ക് വിശ്രമകേന്ദ്രം, കാപ്പിക്കട, റസ്റ്റാറന്റ്, ടോയ്‌ലറ്റ് ബ്ലോക്കുകൾ എന്നിവ പദ്ധതിയിൽ ഉണ്ടായിരുന്നെങ്കിലും നടപ്പാക്കിയിട്ടില്ല. പിന്നീട് താൽക്കാലിക സംവിധാനമെന്നനിലയിൽ ശുചിമുറി സൗകര്യം ഏർപ്പെടുത്തിയെങ്കിലും കാറ്റിലും മഴയിലും ഇത് തകർന്നു. നിലവിൽ ഹൗസ് ബോട്ടുകളുടെ പാർക്കിങ്ങിന് കുമരകത്ത് സ്ഥിരം സംവിധാനമില്ല. കായലോരങ്ങളിൽ ഒരു സുരക്ഷയുമില്ലാതെ കെട്ടിയിടുകയാണ് പതിവ്. ഇതിന് മാറ്റം വരുത്താൻകൂടി ലക്ഷ്യമിട്ടാണ് ഒരേസമയം 40 ഹൗസ്‌ബോട്ടുകൾക്ക് പാർക്ക് ചെയ്യാൻ കഴിയുന്ന സംവിധാനം ഒരുക്കിയത്. നാലുപങ്ക് അടുത്തായതിനാൽ ആലപ്പുഴയിൽ നിന്നെത്തുന്ന ഹൗസ്‌ബോട്ടുകൾക്ക് ഇവിടെയെത്തി വിനോദ സഞ്ചാരികളെ കൊണ്ടുപോകാൻ കഴിയുമെന്നും ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. എന്നാൽ, ഹൗസ് ബോട്ട് ഉടമകൾ പദ്ധതിയോട് താൽപര്യം കാട്ടാത്തതിനാൽ ടെർമിനൽ ഉപേക്ഷിക്കപ്പെട്ട നിലയിലായി. ശക്തമായ കാറ്റ് അനുഭവപ്പെടുന്ന സ്ഥലത്താണ് ടെര്‍മിനൽ സ്ഥാപിച്ചതെന്നും ഇതുമൂലം ബോട്ട് അടുപ്പിക്കാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹൗസ്ബോട്ട് ഉടമകളുടെ നിസ്സഹകരണം. അസൗകര്യങ്ങൾക്കിടയിലും അവധിദിവസങ്ങളിൽ ഒറ്റപ്പെട്ട നിലയിൽ സഞ്ചാരികൾ ഇവിടേക്ക് എത്തുന്നുണ്ട്. സൗകര്യങ്ങൾ ഒരുക്കിയാൽ കുമരകത്തിൻെറ സ്വപ്നഇടമായി മാറാൻ കഴിയുന്ന പ്രദേശമാണിവിടം. സഞ്ചാരികർക്കായി നിർമിച്ച ചീപ്പുങ്കലിലെ കായലോര വിശ്രമകേന്ദ്രത്തിൻെറ സ്ഥിതിയും മറ്റൊന്നല്ല. അവിടുത്തെ കാഴ്ചകൾ നാളെ... --പടം- ---------------- --ബോക്സ്-- ടോയ്‌ലറ്റ് കോംപ്ലക്സ്: പദ്ധതിയുണ്ട്; സ്ഥലമില്ല കോട്ടയം: ഉത്തരവാദിത്ത ടൂറിസത്തിൻെറ ലോകമാതൃക കൂടിയാണ് കുമരകമെങ്കിലും ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് പ്രാഥമിക ആവശ്യം നിറവേറ്റണമെങ്കിൽ വൻതുക നൽകി റിസോർട്ടോ ഹൗസ് ബോട്ടോ ബുക്ക് ചെയ്യണം. ഇത് താങ്ങാനാകാത്ത സാധാരണ സഞ്ചാരികൾ, പ്രത്യേകിച്ച് സ്ത്രീകൾ എവിടെപ്പോകുമെന്ന ചോദ്യം നിരന്തരം ഉയർന്നതോടെയാണ് കുമരകത്ത് അന്താരാഷ്ട്ര നിലവാരത്തിൽ ടോയ്‌ലറ്റ് കോംപ്ലക്സ് നിർമിക്കുമെന്ന് ടൂറിസം വകുപ്പ് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ എല്ലാ പ്രധാന ടൂറിസം കേന്ദ്രങ്ങളിലും ഇത്തരം സംവിധാനം ഒരുക്കുന്നതിൻെറ ഭാഗമായിട്ടായിരുന്നു കുമരകത്തെ പദ്ധതി. എന്നാൽ, കാത്തിരിപ്പ് നീളുന്നു. സ്ഥലം ലഭിക്കാത്തതാണ് പ്രശ്നമെന്ന് ഡി.ടി.പി.സി അധികൃതർ പറയുന്നു. പഞ്ചായത്തുമായി ബന്ധപ്പെട്ട് സ്ഥലം ലഭിക്കുമോയെന്ന് അന്വേഷണം നടത്തിയെങ്കിലും വിജയിച്ചില്ല. സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് വാടക എടുത്ത് പദ്ധതി നടപ്പാക്കാൻ ശ്രമിച്ചെങ്കിലും ഇതും ഫലം കണ്ടില്ല. ''ആരും സ്ഥലം വിട്ടുനൽകാൻ തയാറാകുന്നില്ല. എട്ട് സെന്‍റ് സ്ഥലമോ 3000 ചതുരശ്ര അടി കെട്ടിടമോ ആണ് അന്വേഷിക്കുന്നത്. സ്ഥലം വാടകക്ക് കിട്ടിയാലും ആധുനിക ടോയ്‌ലറ്റ് പണിയാൻ ടൂറിസം വകുപ്പ് തയാറാണ്. അന്വേഷണം തുടരുകയാണ്''- ഡി.ടി.പി.സി അധികൃതർ പറയുന്നു. ഇതോടെ വൃത്തിയും വെടിപ്പുമുള്ള ടോയ്‌ലറ്റുകൾക്കായുള്ള കുമരകത്തിൻെറ കാത്തിരിപ്പ് നീളുമെന്ന് ഉറപ്പായി. കുമരകം ചന്തക്കവല, സർക്കാർ ബോട്ട് ജെട്ടി, കവണാറ്റിൻകര, കൈപ്പുഴമുട്ട്, ചീപ്പുങ്കൽ തുടങ്ങിയ ഹൗസ് ബോട്ടുജെട്ടികളിലൊന്നും ടോയ്‌ലറ്റ് സൗകര്യമില്ല. കെ.ടി.ഡി.സി വക മോട്ടൽ ആരാമത്തിനുസമീപം പൊതു ടോയ്‌ലറ്റുണ്ടെങ്കിലും കാടുപിടിച്ച സ്ഥലത്തായതിനാൽ പുറത്തുനിന്നെത്തുന്നവർ അറിയാറില്ല. വൃത്തിഹീനവുമാണ് ഇവിടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.