കോട്ടയം: നിശ്ചയിച്ച തീയതി പിന്നിട്ടിട്ടും നവീകരണം പൂർത്തിയാകാതെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്. മേയ് പത്തിനകം നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും നടന്നില്ല. യാത്രക്കാരുടെ ദുരിതം തുടരുന്നു. വീണ്ടും ശക്തമായ മഴയെത്തിയതോടെ ചളി നിറഞ്ഞ നിലയിലാണ്. കുഴികളിലെല്ലാം വെള്ളം കെട്ടിക്കിടക്കുകയാണ്. യാത്രക്കാരുടെ വസ്ത്രങ്ങളിലടക്കം ചളി നിറയുന്നു. ഇടക്കിടെ മഴ ചെയ്യുന്നതും ദുരിതം വർധിപ്പിക്കുകയാണ്. ശനിയാഴ്ച രാവിലെ കനത്ത മഴ പെയ്തതോടെ കാലുകുത്താൻ കഴിയാത്തവിധം ചളി നിറഞ്ഞു. യാത്രക്കാർക്കൊപ്പം ഇത് ജീവനക്കാർക്കും ദുരിതമായി. ബസ് കാത്തിരിക്കാന്‍ വേണ്ടത്ര സൗകര്യമില്ലാത്തതും പ്രതിസന്ധിയാണ്. കാത്തിരിപ്പ് കേന്ദ്രത്തോട് ചേർന്നും ചളിയാണ്. താൽക്കാലിക കടക്കാരടക്കം ബുദ്ധിമുട്ടുകയാണ്. താൽക്കാലികമായി ബസുകൾ കടത്തിവിടുന്ന റോഡും ചളിക്കെട്ടായി. മണ്ണ് ഒലിച്ചിറങ്ങുന്ന പ്രശ്നങ്ങളുമുണ്ട്. സ്റ്റാൻഡ് നവീകരണത്തിൻെറ ഭാഗമായി പുതിയത് നിർമിക്കാൻ നിലവിലെ ഡിപ്പോ കെട്ടിടം പൊളിച്ചതോടെയാണ് ദുരിതം ആരംഭിച്ചത്. താൽക്കാലിക ഷെഡിൽ വേണ്ടത്ര സൗകര്യമില്ല. ഇതോടെ യാത്രക്കാരെല്ലാം മഴയത്തായി. ബസിൻെറ ബോർഡ് കാണണമെങ്കിൽ മഴ നനഞ്ഞ് ഷെഡിന് പുറത്തിറങ്ങണം. രാത്രി യാത്രക്കാർക്കാണ് വലിയ ദുരിതം. വേണ്ടത്ര വെളിച്ചമില്ലെന്നും ആക്ഷേപമുണ്ട്. കാലവർഷം എത്തുന്നതോടെ ദുരിതം ഇരട്ടിക്കും. അതിന്മുമ്പ് നിർമാണം പൂർത്തിയാക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു. എന്നാൽ, നീളുമെന്നാണ് സൂചന. തിയറ്റർ റോഡിനോട് ചേർന്ന് 'എൽ' ആകൃതിയിൽ നിർമിക്കുന്ന കാത്തിരിപ്പ് കേന്ദ്രവും ഓഫിസും അടങ്ങിയ കെട്ടിടത്തിൻെറ ആദ്യനിലയുടെ നിർമാണം പൂർത്തിയായിട്ടുണ്ടെങ്കിലും മിനുക്കുപണികൾ അവശേഷിക്കുകയാണ്. ദിവസങ്ങൾക്ക് മുമ്പായിരുന്നു ഒന്നാംനിലയുടെ വാർപ്പ്. 6000 ചതുരശ്രയടിയുള്ള ബസ് ടെർമിനലും 50,000 ചതുരശ്രയടിയിൽ യാർഡുമാണ് നിർമിക്കുക. ഒപ്പം ടോയ്ലറ്റ് ബ്ലോക്കുമുണ്ടാകും. ഇതിനായി നിലവിലെ ടോയ്ലറ്റ് പൊളിച്ചുമാറ്റും. കെട്ടിടത്തിൻെറ നിർമാണം പൂർത്തിയാക്കിയശേഷം യാർഡിൽ ടൈൽ പാകും. എന്നാലിത് ആരംഭിച്ചിട്ടില്ല. കനത്ത മഴ തുടരുന്നതിനാൽ ഇത് വൈകിയേക്കും. നിർമാണം പൂർത്തിയാകാൻ ഇനി ഒരുമാസം കൂടി എടുത്തേക്കുമെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്നുള്ള 1.8 കോടി ഉപയോഗിച്ചാണ് നവീകരണം നടക്കുന്നത്. 91.69 ലക്ഷം രൂപ യാർഡ് വികസനത്തിനും 88.82 ലക്ഷം രൂപ ശൗചാലയ കോംപ്ലക്സ് നിർമാണത്തിനുമാണ് വകയിരുത്തിയിട്ടുള്ളത്. പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമാണം. മൂന്ന് നിലയില്ല; ഒന്നിലൊതുങ്ങും കോട്ടയം: കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് നവീകരണത്തിൻെറ ഭാഗമായി മൂന്നുനില കെട്ടിടം നിർമിക്കുമെന്നായിരുന്നു വ്യക്തമാക്കിയിരുന്നെങ്കിലും നിലവിൽ ഒറ്റ നിലമാത്രം. ഒരു നിലക്കുള്ള ഫണ്ട് മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ഇതോടെ പൊളിച്ചുനീക്കിയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫിസുകളിൽ ഭൂരിഭാഗവും നിലവിൽ പ്രവർത്തിക്കുന്ന കാന്‍റീൻ കെട്ടിടത്തിൽ തന്നെ തുടരും. സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസ്, വെഹിക്കിൾ സൂപ്പർവൈസർ ഓഫിസ് എന്നിവയാകും പുതുതായി നിർമിക്കുന്ന കെട്ടിടിത്തിലുണ്ടാകുക. യാത്രക്കാർക്കുള്ള കാത്തിരിപ്പുകേന്ദ്രവും ഇതിനൊപ്പമുണ്ടാകും. അമ്പതോളം പേർക്ക് ഇരിക്കാനുള്ള സൗകര്യവുമാണ് ഒരുക്കുന്നത്. ഒപ്പം ടോയ്ലറ്റ് ബ്ലോക്കുമുണ്ടാകും. പലതവണ നിർത്തിവെച്ചതിനൊടുവിലാണ് ഇപ്പോൾ ആദ്യഘട്ട നിർമാണം പൂർത്തീകരണത്തിലേക്ക് എത്തുന്നത്. ആദ്യം ഹാബിറ്റാറ്റാണ് നിർമാണം ഏറ്റെടുത്തിരുന്നതെങ്കിലും പിന്നീട് ഇവരെ മാറ്റി എച്ച്.പി.എൽ (ഹിന്ദുസ്ഥാൻ പ്രീഫാബ്സ് ലിമിറ്റഡ്) കമ്പനിക്ക് നിർമാണച്ചുമതല നൽകി. 45 ദിവസത്തിനുള്ളിൽ പണി പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, പണം ലഭിക്കാതിരുന്നതോടെ ഇവർ നിർമാണം പാതിവഴിയിൽ നിർത്തി. പിന്നീട് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഇടപെട്ട് തുക അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.