പീരുമേട്: സങ്കടങ്ങൾ ഉള്ളിലൊതുക്കി പുഞ്ചിരിയോടെ ജീവിതത്തെ നേരിട്ട സിദ്ദീഖ്, കളിയാരവം നിറച്ച വാർത്തകളില്ലാത്ത ലോകത്തേക്ക് മടങ്ങുമ്പോൾ സുഹൃത്തുക്കൾക്കും നാടിനും അത് അടങ്ങാത്ത വേദനയാകുന്നു. വാർത്തകളുടെ സഹയാത്രികനായി, കായികവിശേഷങ്ങൾ ആവേശം നിറഞ്ഞ വായനാനുഭവമാക്കുമ്പോഴും സിദ്ദീഖ് സ്വന്തം പ്രാരാബ്ധങ്ങൾ അടുത്ത സുഹൃത്തുക്കിൽനിന്നുപോലും മറച്ചുവെച്ചു. 'സിദ്ദീഖ്' എന്നാൽ, കൂട്ടുകാർക്ക് കറകളഞ്ഞ സൗഹൃദമായിരുന്നു. അതിനടിയിൽ ഒളിപ്പിച്ചുവെച്ച വേദനകളത്രയും അദ്ദേഹത്തെ അടുത്തറിയുന്നവർക്ക് ഇപ്പോൾ കണ്ണുനിറയുന്ന ഓർമകളാണ്. വണ്ടിപ്പെരിയാര്‍ തങ്കമലയിൽ തോട്ടം തൊഴിലാളിയായിരുന്ന ഉരുണിയില്‍ പരേതനായ ഹംസയുടെയും ഖദീജയുടെയും മകനാണ് സിദ്ദീഖ്. 14ാം വയസ്സിൽ പിതാവ് മരിച്ചു. ആര്‍.ബി.ടി തോട്ടം തൊഴിലാളിയായിരുന്ന മാതാവ് ഖദീജയാണ് പിന്നെ സിദ്ദീഖിനെയും സഹോദരങ്ങളായ അജു, ഹക്കീം, ഫൈസല്‍ എന്നിവരെയും വളർത്തിയത്. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യാസം. പിന്നീട് യൂത്ത് കോൺഗ്രസ് പ്രവർത്തകനും ജില്ല ഭാരവാഹിയുമായി. ഡി.ഐ.സിയിലും അംഗമായിരുന്നു. ഇബ്രാഹിംകുട്ടി കല്ലാര്‍ ഉടുമ്പൻചോലയില്‍ മത്സരിച്ചപ്പോള്‍ മീഡിയയുടെ ചുമതല വഹിച്ചു. 2006ൽ 'മംഗള'ത്തിന്‍റെ വണ്ടിപ്പെരിയാർ ലേഖകനായാണ് പത്രപ്രവർത്തനം തുടങ്ങിയത്. മുല്ലപ്പെരിയാർ തീരദേശവാസിയായ സിദ്ദീഖ്, തീരദേശവാസികളുടെ ആശങ്കകൾക്ക് വാർത്തകളിൽ ഇടം നൽകി. അവിടെനിന്ന് 'തേജസി'ലും 'സുപ്രഭാത'ത്തിലും എത്തി. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കായികമേഖലയിലെ വാർത്തകൾ റിപ്പോർട്ട് ചെയ്യാനുള്ള ഓരോ അവസരവും സന്തോഷത്തോടെ ഏറ്റെടുത്തു. ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്, ദക്ഷിണേഷ്യന്‍ ഗെയിംസ്, അണ്ടര്‍ 17 ലോകകപ്പ്, സന്തോഷ് ട്രോഫി എന്നിങ്ങനെ നിരവധി ദേശീയ, അന്തര്‍ദേശീയ കായിക മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്വന്തമായി ഒരു വീടായിരുന്നു സിദ്ദീഖിന്‍റെ ഏറ്റവും വലിയ സ്വപ്നം. ഇതിനായി, പട്ടയമില്ലാത്ത പത്ത് സെന്‍റ് ഭൂമിയിൽ തറമാത്രം കെട്ടിയുയർത്തി ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു. പത്രപ്രവർത്തകന്റെ പരിവേഷങ്ങളൊന്നുമില്ലാതെ സാധാരണക്കാരിൽ സാധാരണക്കാരനായി വാടകവീട്ടിലെ പരിമിതികൾക്ക് നടുവിലൂടെയാണ് ആ ജീവിതം മുന്നോട്ടുനീങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.