രാത്രിയിൽ ബസില്ല; മെഡിക്കൽ കോളജ്​ യാത്രക്കാർക്ക്​ ദുരിതം

കോട്ടയം: നൂറുകണക്കിന്​ യാത്രക്കാർ സഞ്ചരിക്കുന്ന കോട്ടയം-മെഡിക്കൽ കോളജ്​ റൂട്ടിൽ രാത്രി സർവിസ്​ 7.50വരെ മാത്രം. പകൽ മിനിറ്റുകളുടെ ഇടവേളകളിലാണ്​ കോട്ടയത്തുനിന്ന്​ ​മെഡിക്കല്‍ കോളജിലേക്ക്​ സർവിസുകൾ. എന്നാൽ, സന്ധ്യമയങ്ങുന്നതോടെ ബസുകൾ അപ്രത്യക്ഷമാകും. ഇത്​ യാത്രക്കാർക്ക്​ കനത്ത ദുരിതമാണ്​ സമ്മാനിക്കുന്നത്​. നേരത്തേ 9.45വരെ സ്വകാര്യ ബസുകള്‍ കോട്ടയത്തുനിന്ന്​ മെഡിക്കല്‍ കോളജിലേക്ക്​ സര്‍വിസ് നടത്തിയിരുന്നു. പിന്നീട് 8.45നായി അവസാന സ്വകാര്യബസ്​. കോവിഡിനുശേഷം യാത്രക്കാര്‍ കുറഞ്ഞതോടെ ഇത്​ റദ്ദാക്കുകയായിരുന്നു. ഇപ്പോള്‍ യാത്രക്കാര്‍ എത്തിത്തുടങ്ങിയിട്ടും സര്‍വിസ് പുഃനസ്ഥാപിക്കാത്തത്​ വ്യാപക പ്രതിഷേധത്തിനും കാരണമാകുന്നുണ്ട്​. നേരത്തേ ഒമ്പത്​ മണിക്ക്​ കെ.എസ്​.ആർ.ടി.സി സർവിസ്​ ഉണ്ടായിരുന്നെങ്കിലും അതും നിലച്ചു. പകൽ നിരന്തരം സർവിസുകൾ ഉള്ളതിനാൽ രാത്രിയിൽ ബസ്​ കാണുമെന്ന പ്രതീക്ഷയിൽ എത്തുന്നവരാണ്​ വലയുന്നത്​. ​ജോലിക്കുശേഷം കൂട്ടിരിക്കാനും മറ്റ്​ സഹായങ്ങൾക്കുമായി പലരും സന്ധ്യക്കുശേഷം ആശുപത്രിയിലേക്ക്​ പോകാറുണ്ട്​​. ഇവരും പലപ്പോഴും നഗരത്തിൽ കുരുങ്ങുകയാണ്​. ദിവസേന നൂറുകണക്കിന്​ രോഗികളാണ്​ പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍നിന്ന്​ ഉള്‍പ്പെടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു പോകാനെത്തുന്നത്​. സ്​ത്രീകളടക്കം ബസില്ലാത്ത വിവരം അറിയാതെ തിരുനക്കരയിലെത്തി കുടുങ്ങുന്ന സ്ഥിതിയാണ്​. രാത്രി ബസുകള്‍ ഇല്ലാതായതോടെ തിരുനക്കര ബസ്​സ്റ്റാൻഡ്​​ പലപ്പോഴും വിജനമാകും. ഈ സമയത്ത്​ ഒറ്റക്ക്​ സ്ത്രീകളടക്കം കാത്തുനിൽക്കുന്ന സ്ഥിതിയാണ്​. പലപ്പോഴും ബസ് വരുമെന്ന ധാരണയില്‍ മണിക്കൂറുകള്‍ കാത്തുനിന്ന ശേഷം ഓട്ടോകളെ ആശ്രയിക്കുകയാണ്​ ​യാത്രക്കാർ ചെയ്യുന്നത്​. അവസരം മുതലെടുത്ത് ചില ഓട്ടോക്കാര്‍ 300 മുതല്‍ 500 രൂപവരെ ഈടാക്കുന്നതായും പരാതിയുണ്ട്. ചിലർ വഴിയാത്രക്കാരോട്​ ചോദിച്ച്​ ബേക്കർ ജങ്​ഷനിലെത്തി ഇവിടെ നിന്ന്​ എം.സിറോഡിലൂടെയുള്ള കെ.എസ്​.ആർ.ഡി.സി ബസിൽ കയറി സംക്രാന്തിയിലിറങ്ങി അവിടെ നിന്ന്​ ഓട്ടോ വിളിച്ച്​ പോകുകയാണ്​. ഭൂരിഭാഗവും സാധാരണക്കാരായതിനാൽ ഇവർക്ക്​ വലിയ സാമ്പത്തിക ഭാരമാണ്​ ഇത്​ വരുത്തിവെക്കുന്നത്​. കൂട്ടിരിപ്പുകാർക്ക്​ പല ദിവസങ്ങളിൽ ഇത്തരത്തിൽ സഞ്ചരിക്കേണ്ടി വരും. ഞായറാഴ്ചകളിൽ പലപ്പോഴും വലിയതോതിൽ സ്വകാര്യ ബസുകൾ സർവിസ്​ വെട്ടിക്കുറക്കുന്നതായും ആക്ഷേപമുണ്ട്​. ഇതുമൂലം ഞായറാഴ്ച ചുങ്കം-മെഡിക്കൽ കോളജ്​ റൂട്ടിൽ വലിയ തോതിലുള്ള യാത്രക്ലേശമാണ്​ അനുഭവപ്പെടുന്നത്​. മെഡിക്കൽ കോളജ്​ റൂട്ടിലോടി വരുമാനമുണ്ടാക്കുന്ന ബസുകൾപോലും രാത്രിയിൽ സർവിസ്​ നടത്താത്തത്​ ക്രൂരതയാണെന്നും യാത്രക്കാർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.