ഉരുൾപൊട്ടലും മണ്ണിടിച്ചിലും വ്യാപക നാശനഷ്ടം

പാലാ: മീനച്ചിൽ താലൂക്കിലെ മലയോര മേഖലയിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയിൽ മീനച്ചിലാർ പലയിടങ്ങളിലും കരകവിഞ്ഞു. അപ്രതീക്ഷിത മഴയിൽ പുലർച്ച ഒന്നു മുതലാണ് മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയർന്നത്. താഴ്ന്നപ്രദേശങ്ങളിൽ താമസിക്കുന്നവരെയും വ്യാപാരികളെയും ഇത് ആശങ്കയിലാഴ്ത്തി. കൊല്ലപ്പള്ളി, മുണ്ടുപാലം, മൂന്നാനി, ഇടപ്പാടി, ചേർപ്പുങ്കൽ, കുമ്മണ്ണൂർ, കിടങ്ങൂർ മേഖലകൾ വെള്ളപ്പൊക്ക ഭീതിയിലായി. പാലാ- ഉഴവൂർ റോഡിൽ മുണ്ടുപാലം കണ്ടംഭാഗത്തും മുണ്ടുപാലം പള്ളി ഭാഗത്തെ വീടുകളിലും വെള്ളം കയറി. കരൂർ- ഏഴാച്ചേരി റോഡിലും വെള്ളം കയറി. പൂഞ്ഞാർ ഹൈവേയിൽ മൂന്നാനിയിലും ഇടപ്പാടിയിലും വെള്ളം കയറിയത് ഒരുമണിക്കൂറോളം ചെറുവാഹനങ്ങൾക്ക് ഗതാഗത തടസ്സമുണ്ടാക്കി. ഉച്ചയോടെ പാലാ മേഖലയിലെ എല്ലാ പ്രദേശങ്ങളിൽനിന്നും വെള്ളമിറങ്ങിയത് ആശ്വാസമായി. ചൊവ്വാഴ്ച രാത്രി പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഭരണങ്ങാനം, കടനാട്, തലപ്പലം, പൂഞ്ഞാർ നടുഭാഗം വില്ലേജുകളിലായി എട്ട് വീടിന്​ ഭാഗികമായി നാശം സംഭവിച്ചു. പത്ത് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി മീനച്ചിൽ തഹസിൽദാർ എസ്. ശ്രീജിത് അറിയിച്ചു. ഭരണങ്ങാനം വില്ലേജിൽ ബിനോയ് സ്കറിയ ചായനാനിക്കൽ, സഹോദരൻ ജോയി സ്കറിയ ചായനാനിക്കൽ, തലപ്പലം വില്ലേജിൽ മൈക്കിൾ പനച്ചിക്കൽ, പൂഞ്ഞാർ നടുഭാഗം വില്ലേജിൽ തങ്കപ്പൻ മൂഴിക്കൽ, കടനാട് വില്ലേജിൽ ജോസഫ് സെബാസ്റ്റ്യൻ ആമിക്കാട്ട്, ശാരദ പുരുഷോത്തമൻ തെക്കേടത്ത്, ശാരദ കുറ്റിയാങ്കൽ, ചിന്നമ്മ ജോസഫ് ചെറുകുന്നേൽ എന്നിവരുടെ വീടിനാണ്​ നാശം സംഭവിച്ചത്. ഭരണങ്ങാനം, കടനാട് പഞ്ചായത്തുകളുടെ അതിരിലായ കയ്യൂർ നാടുകാണി മലയിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ഇതാണ് മീനച്ചിലാറ്റിൽ അപ്രതീക്ഷിത വെള്ളപ്പൊക്കത്തിന് ഇടയാക്കിയത്. കടനാട് പഞ്ചായത്തിലെ കുറുമണ്ണ്, മേരിലാൻഡ്, കാവുംകണ്ടം പ്രദേശങ്ങളിൽ വ്യാപകമായ മണ്ണിടിച്ചിലുണ്ടായി. നിരവധിയിടങ്ങളിൽ മണ്ണിടിഞ്ഞ് കൃഷിനശിച്ചു. ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ പ്രദേശങ്ങൾ ജോസ് കെ. മാണി എം.പി, തഹസിൽദാർ എസ്. ശ്രീജിത്ത്, ജില്ല പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ, റവന്യൂ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ സന്ദർശിച്ചു. അടിയന്തര സഹായം എത്തിക്കണം -മാണി സി. കാപ്പൻ പാലാ: അപ്രതീക്ഷിതമായി പാലായിൽ ഉണ്ടായ കനത്തമഴയിൽ ദുരിതം നേരിട്ട വിവിധ മേഖലകൾ മാണി സി. കാപ്പൻ എം.എൽ.എ സന്ദർശിച്ചു. ദുരിതബാധിതർക്ക്​ അടിയന്തര സഹായം എത്തിക്കാൻ കലക്ടർ, ആർ.ഡി.ഒ എന്നിവർക്ക് എം.എൽ.എ നിർദേശം നൽകി. മഴയിലുണ്ടായ നാശനഷ്ടങ്ങളുടെ റിപ്പോർട്ട് തയാറാക്കാൻ തഹസിൽദാറോടും എം.എൽ.എ ആവശ്യപ്പെട്ടു. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ മന്ത്രി കെ. രാജനുമായി മാണി സി. കാപ്പൻ വിവരങ്ങൾ പങ്കുവെച്ചു. ജില്ലയിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ അടിയന്തര സാഹചര്യങ്ങളെ നേരിടാൻ തയാറാകാൻ പൊലീസ്, അഗ്നിരക്ഷ സേന, റവന്യൂ, തദ്ദേശ സ്വയംഭരണ, വൈദ്യുതി വിഭാഗങ്ങളോട് എം.എൽ.എ ആവശ്യപ്പെട്ടു. താലൂക്ക് ഓഫിസിൽ കൺട്രോൾ റൂം തുറക്കാനും നിർദേശിച്ചിട്ടുണ്ട്. സർക്കാർ വകുപ്പുകൾ നൽകുന്ന ജാഗ്രത നിർദേശങ്ങൾ പാലിക്കാൻ മാണി സി. കാപ്പൻ ജനങ്ങളോട് അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.