കാട്ടാന ആക്രമണത്തിൽ വയോധികയുടെ മരണം; താലൂക്കാശുപത്രിയിൽ പ്രതിഷേധം

പുനലൂർ: കടശ്ശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധിക മരിച്ച സംഭവത്തിൽ പുനലൂർ താലൂക്കാശുപത്രിയിൽ എൽ.ഡി.എഫുകാരുടെ വൻ പ്രതിഷേധം. കൊല്ലപ്പെട്ട കടശ്ശേരി വിനോദ് ഭവനിൽ രാജമ്മയുടെ മൃതദേഹം താലൂക്കാശുപത്രിയിൽ എത്തിച്ച് ഇൻക്വസ്റ്റ് നടപടികൾ തുടങ്ങുന്നതിന് മുമ്പാണ് പ്രതിഷേധം ഉയർന്നത്. സംഭവം അറിഞ്ഞുടൻ ജ്യോതികുമാർ ചാമക്കാല എം.എൽ.എയും പത്തനാപുരത്തേയും പുനലൂരിലേയും എൽ.ഡി.എഫുകാരും ആശുപത്രിയിൽ എത്തിച്ചേർന്നു.

സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹവും എത്തി. കലക്ടർ ആശുപത്രിയിൽ എത്തിയതിന് ശേഷമേ മൃതദേഹം ഇൻക്വസ്റ്റ് ചെയ്യാൻ പാടുള്ളൂവെന്നായിരുന്നു മോർച്ചറിക്ക് മുന്നിൽ തടിച്ചുകൂടിയ എൽ.ഡി.എഫുകാരുടെ പ്രധാന ആവശ്യം. കൂടാതെ രാജമ്മയുടെ കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരവും കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലിയും നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടു. സമരക്കാരെ പിരിച്ചുവിടാൻ പൊലീസും പലതവണ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

പ്രതിഷേക്കാരും പൊലീസുമായി പലതവണ വാക്കേറ്റമുണ്ടായി. പ്രശ്നം രൂക്ഷമായതോടെ ആശുപത്രിയിൽ ഉണ്ടായിരുന്ന ജ്യോതികുമാർ ചാമക്കാല എം.എൽ.എയും മറ്റു അധികൃതരും കലക്ടറുമായി ബന്ധപ്പെട്ടു. തെരഞ്ഞെടുപ്പ് സംബന്ധമായ അടിയന്തര യോഗത്തിൽ ആയതിനാൽ എത്താൻ കഴിയില്ലെന്ന് കലക്ടർ അറിയിച്ചു. ഇൻക്വസ്റ്റ് അടക്കം മറ്റു നടപടിക്കായി പുനലൂർ ആർ.ഡി.ഒയെ കലക്ടർ ചുമതലപ്പെടുത്തി. കൂടാതെ വനം അധികൃതരുമായി ബന്ധപ്പെട്ട ശേഷം നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനം എം.എൽ.എയും അറിയിച്ചു.

കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരമായി പതിനായിരം രൂപയും കൂടാതെ അഞ്ച് ലക്ഷം രൂപയും തിങ്കളാഴ്ച തന്നെ വിതരണം ചെയ്യും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം സർക്കാറിന്റെ സഹായമായി അഞ്ച് ലക്ഷം കൂടി നൽകുമെന്നും കുടുംബത്തിലെ ഒരു അംഗത്തിന് സർക്കാർ ജോലിയും കുടുതൽ നഷ്ടപരിഹാരവും നൽകാൻ സർക്കാരുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുമെന്നതും എം.എൽ.എ അറിയിച്ചതോടെയാണ് സമരക്കാർ ശാന്തമായത്.

തുടർന്ന് ആർ.ഡി.ഒയുടെ മേൽനോട്ടത്തിൽ പത്തനാപുരം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഉച്ചയോടു കൂടി പൊലീസ് സർജൻ പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. 

Tags:    
News Summary - Elderly woman dies in wild elephant attack;Protest at Taluk Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.