പ്രതീകാത്മക ചിത്രം 

സ്ത്രീ സുരക്ഷ പദ്ധതി; ഫോമുകളുമായി സി.പി.എം പ്രവർത്തകർ, എ.പി.എല്ലിന് ഇല്ലെന്ന് പറയേണ്ടെന്ന് നിർദേശം

കൊല്ലം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പദ്ധതിക്ക് അപേക്ഷിക്കാനുള്ള ഫോമുകൾ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ വിതരണം ചെയ്യാൻ എൽ.ഡി.എഫ്. അതേസമയം, ആനുകൂല്യം എ.പി.എൽ വിഭാഗക്കാർക്ക് ലഭിക്കില്ലെന്നത് വ്യക്തമായി പറയേണ്ടതില്ലെന്നും പ്രവർത്തകർക്ക് നിർദേശം നൽകി. ഏരിയ കമ്മിറ്റികൾ അപേക്ഷ ഫോം പകർപ്പെടുത്ത് വീടുകളിൽ വിതരണം ചെയ്യാനാണ് കൊല്ലം കോർപറേഷൻ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രചാരണരീതികൾ വിശദീകരിച്ച് ഇറക്കിയ സർക്കുലറിൽ നിർദേശിച്ചിരിക്കുന്നത്.

വീടുകൾ സന്ദർശിച്ച് റേഷൻ കാർഡ് പരിശോധിച്ച് നേരിട്ട് ഫോമുകൾ നൽകണം. എ.പി.എല്ലിൽ ഉൾപ്പെട്ട വനിതകളോട് വിവരം ചോദിക്കുമ്പോൾ അവർക്ക് ബുദ്ധിമുട്ട് വരാത്തവിധം കാര്യങ്ങൾ അവതരിപ്പിക്കണം. എ.പി.എൽ-ബി.പി.എൽ പരിശോധിക്കുന്നതിന് ആണെന്ന് മാത്രം എ.പി.എൽ കാർഡുകാരോട് പറഞ്ഞാൽ മതി.

അവർക്ക് ഈ ആനുകൂല്യം ലഭിക്കില്ലെന്ന് പറയേണ്ടതില്ല. എ.എ.വൈ, ബി.പി.എൽ കാർഡുകാർ മാത്രമാണ് അർഹരായിട്ടുള്ളത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം എന്നിങ്ങനെ നിർദേശങ്ങളാണ് പ്രാദേശിക നേതൃത്വങ്ങൾക്കും പ്രവർത്തകർക്കും നൽകിയ സർക്കുലറിൽ പറയുന്നത്. ഈ പ്രവർത്തനങ്ങൾക്കായി ഒരു ബൂത്തിൽ രണ്ട് വനിത പ്രവർത്തകരെ അടിയന്തരമായി ചുമതലപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സ്ത്രീ സുരക്ഷ പദ്ധതിയിൽ ഉൾപ്പെടുന്ന വീട്ടമ്മമാരുടെ പ്രത്യേക യോഗം വിളിക്കാനും നിർദേശമുണ്ട്.

സ്ത്രീ സുരക്ഷ പദ്ധതി പ്രഖ്യാപനത്തിന് പിന്നാലെ, എ.പി.എൽ ഉൾപ്പെടെ റേഷൻ കാർഡ് ഉടമകളായ വനിതകൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ മെസേജുകൾ വ്യാപകമായി വന്നിരുന്നു. ഇതോടെ റേഷൻ കട വ്യാപാരികൾക്കും തദ്ദേശ ജനപ്രതിനിധികൾക്കും പദ്ധതിയിൽ ചേരുന്നതിന്‍റെ വിവരം അന്വേഷിച്ച് നിരന്തരം അന്വേഷണങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്. സ്ഥിരമായി റേഷൻ വാങ്ങാത്ത എ.പി.എൽ കാർഡുകാരിൽ ഉൾപ്പെടുന്നവർ പോലും ആനുകൂല്യത്തിന്‍റെ വിവരം അന്വേഷിച്ച് വിളിച്ചുകൊണ്ടിരിക്കുകയാണെന്ന് റേഷൻ വ്യാപാരികൾ പറയുന്നു.

ബി.പി.എൽ വിഭാഗത്തിൽ പെടുന്നവർക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക എന്നത് വ്യക്തമാക്കാത്തതിനാൽ പദ്ധതി സംബന്ധിച്ച് വലിയ ആശയക്കുഴപ്പമാണ് ഉള്ളതെന്നും തങ്ങൾക്ക് നേരെ ഇത് രോഷമായി മാറുന്നുണ്ടെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ സാഹചര്യം തുടരുമ്പോഴാണ് എ.പി.എൽ വിഭാഗക്കാർക്ക് അർഹതയില്ല എന്നത് മറച്ചുവെച്ചുകൊണ്ട് തെരഞ്ഞെടുപ്പ് പ്രചരണായുധമായി സ്ത്രീ സുരക്ഷ പദ്ധതി എൽ.ഡി.എഫ് ഉപയോഗിക്കാൻ ഒരുങ്ങുന്നത്.

Tags:    
News Summary - Women's safety scheme; CPM workers with forms, APL told not to say no

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.