വിയറ്റ്നാമിൽ മരിച്ച എ.സി. തോമസ്, ലോവേനി തോമസ് ദമ്പതികളുടെ വസതിയിലെത്തിയ മന്ത്രി ബിന്ദുകൃഷ്ണ ബന്ധുക്കളെ ആശ്വസിപ്പിക്കുന്നു

വിനോദയാത്ര അവസാനയാത്രയായി, ദമ്പതികളുടെ വേർപാടിൽ ഞെട്ടി നാട്

കൊല്ലം: വിനോദയാത്രക്കായി യാത്രപറഞ്ഞുപോയ ദമ്പതികളുടെ വേർപാടിന്റെ ഞെട്ടലിൽ കണ്ണീർതോരാതെ പ്രിയപ്പെട്ടവരും നാടും. കൊട്ടാരക്കര മാർക്കറ്റ് ജങ്ഷൻ ആവിയോട്ട് ഹൗസിൽ എ.സി. തോമസും (57), ഭാര്യ ലോവേനി തോമസും (56) വിയറ്റ്നാമിലെ ബോട്ട് അപകടത്തിൽ അപ്രതീക്ഷിതമായി വിടപറഞ്ഞത്. അപകടവിവരം അറിഞ്ഞതുമുതൽ ആവിയോട്ട് ഹൗസിലേക്ക് ബന്ധുക്കളുടെയും നാട്ടുകാരുടെയും ഒഴുക്കാണ്. മന്ത്രി ബിന്ദുകൃഷ്ണ, കൊടിക്കുന്നിൽ സുരേഷ് എം.പി ഉൾപ്പെടെയുള്ളവർ കൊട്ടാരക്കരയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

സർജിക്കൽ ഉപകരണങ്ങളുടെയും മരുന്നുകളുടെയും മൊത്തവിതരണരംഗത്ത് പ്രമുഖരായ വിക്ടറി ഗ്രൂപ്പിന്റെ ഉടമയായ എ.സി. തോമസിന്റെ വേർപാട് വ്യാപാരി വ്യവസായി സമൂഹത്തിനും നാട്ടുകാർക്കും വലിയ വേദനയാണ് ബാക്കിയാക്കുന്നത്. വിക്ടറി ഡിസ്ട്രിബ്യൂട്ടേഴ്സ്, ആവിയോട്ട് സർജിക്കൽസ്, വിക്ടറി മെഡിക്കൽസ്, തെക്കേടത്ത് ഡ്രഗ്സ് ആൻഡ് സർജിക്കൽസ്, കൊട്ടാരക്കര കിച്ചൻ എന്നിങ്ങനെ വിവിധ സ്ഥാപനങ്ങൾ വിക്ടറി ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മരുന്ന് വിതരണ രംഗത്തെ പ്രധാന സാന്നിധ്യം ആയി കൊട്ടാരക്കരയിൽ നിന്ന് വിക്ടറി ഗ്രൂപ്പ് വളർന്നുകയറിയത് എ.സി. തോമസിന്റെ സ്ഥിരോത്സാഹത്തിന്റെ മികവിലാണ്. നാട്ടിൽ ഏതൊരാവശ്യത്തിനും ഓടിയെത്തുന്ന എ.സി.തോമസിന്റെ ഇടപെടലുകൾ അദ്ദേഹത്തെ അറിയാവുന്നവർക്കെല്ലാം ഇപ്പോൾ നോവേറുന്ന ഓർമയാണ്.

ചുറ്റുമുള്ളവരെ ചേർത്തുപിടിക്കാനും ആവശ്യക്കാർക്ക് സഹായമെത്തിക്കാനും പ്രിയപ്പെട്ടവർ ജോമോൻ എന്ന് വിളിക്കുന്ന എ.സി.തോമസ് തിരക്കുകൾ മാറ്റിവെച്ച് ഓടിയെത്താറുണ്ടായിരുന്നു. മക്കളായ എ.ടി. ചെറിയാൻ, ദിവ്യ സൂസൻ തോമസ്, മരുമക്കളായ മാഗി മറിയം കോശി, അരുൺ ഈപ്പൻ എബ്രഹാം എന്നിവർ അടങ്ങിയ കുടുംബത്തിനൊപ്പം വിക്ടറി ഗ്രൂപ്പിന്റെ ജീവനക്കാരെയും ആശ്വസിപ്പിക്കാൻ വാക്കുകൾ ഇല്ലാതെ തേങ്ങുകയാണ് നാട്. മൂന്ന് ദിവസങ്ങൾക്കകം വിനോദയാത്രയുടെ വിശേഷങ്ങളുമായി തിരികെവരുമെന്ന് കാത്തിരുന്ന വീട്ടിലും നാട്ടിലും വേദന തിങ്ങി നിൽക്കുന്നതാണ് കാഴ്ച. ചിരിച്ചുകൊണ്ട് തിരിച്ചുവരേണ്ടിയിരുന്ന മുറ്റത്തേക്ക് ഇരുവരും അവസാനയാത്രക്കായി തിരിച്ചെത്തുന്നത് കാത്ത് കണ്ണീരോടെ മണിക്കൂറുകൾ തള്ളിനീക്കുകയാണ് പ്രിയപ്പെട്ടവർ.

തിങ്കളാഴ്ച രാത്രി പത്തോടെ മുംബൈ വിമാനത്താവളത്തിൽ മൃതദേഹങ്ങൾ എത്തിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് ബന്ധുക്കളെ അറിയിച്ചു. ചൊവ്വാഴ്ച മുംബൈയിൽനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കുമെന്നാണ് വിവരം. മൃതദേഹങ്ങൾ കൊട്ടാരക്കരയിലെ വസതിയിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നോർക്ക ആണ് ഏകോപിപ്പിക്കുന്നത്.

Tags:    
News Summary - The vacation became the last trip, the country was shocked by the couple's separation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.