കൊല്ലം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടന് വള്ളങ്ങളുടെ ഐ.പി.എല്‍ മാതൃകയിലുള്ള ലീഗ് മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് അഞ്ചാം സീസണില്‍ കല്ലടയില്‍ നടന്ന ഒമ്പതാം മത്സരത്തില്‍ വില്ലേജ് ബോട്ട് ക്ലബ് കൈനകരി (3:35:545 മിനിറ്റ്) തുഴഞ്ഞ വീയപുരം ചുണ്ടന് ജേതാക്കളായി. സി.ബി.എല്‍ അഞ്ചാം സീസണിലെ ട്രിപ്പിള്‍ ഹാട്രിക് വിജയമാണ് വീയപുരം നേടിയത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേല്‍പ്പാടം ചുണ്ടന് രണ്ടാമതും (3:36:997 മിനിറ്റ്) നിരണം ചുണ്ടന് (നിരണം ബോട്ട് ക്ലബ്) മൂന്നാമതും (3:38:750 മിനിറ്റ്) ഫിനിഷ് ചെയ്തു.
നടുവിലേപറമ്പന്‍ (ഇമ്മാനുവേല്‍ ബോട്ട് ക്ലബ്) നാല്, നടുഭാഗം ചുണ്ടന് (പുന്നമട ബോട്ട് ക്ലബ്) അഞ്ച്, കാരിച്ചാല്‍ (കാരിച്ചാല്‍ ചുണ്ടന് ബോട്ട് ക്ലബ്-കെ.സി.ബി.സി) ആറ്, ചെറുതന (തെക്കേക്കര ബോട്ട് ക്ലബ്) ഏഴ്, പായിപ്പാടന് (കുമരകം ടൗണ്‍ ബോട്ട് ക്ലബ്) എട്ട്, ചമ്പക്കുളം (ചങ്ങനാശേരി ബോട്ട് ക്ലബ്) ഒമ്പത് എന്നിങ്ങനെയാണ് ഫിനിഷ് നില.
കൊല്ലം ജില്ല കലക്ടര്‍ എന്‍. ദേവീദാസ് കല്ലടയിലെ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. ടൂറിസം വകുപ്പ് ജോയന്റ് ഡയറക്ടറും സി.ബി.എല്‍ നോഡല്‍ ഓഫിസറുമായ ടി.ജി. അഭിലാഷ് കുമാര്‍, സംസ്ഥാന കോഓഡിനേറ്റര്‍ ഡോ. എ. അന്‍സാര്‍ കെ.എ.എസ്, കൊല്ലം ഡെപ്യൂട്ടി ഡയറക്ടര്‍ എ.ആർ. ഷാനവാസ് ഖാന്, സി.ബി.എല്‍ ടെക്നിക്കല്‍ കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ജില്ല കലക്ടര്‍ വിതരണം ചെയ്തു.
ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ക്ലബിന് 25 ലക്ഷവും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 15 ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്ന ക്ലബിന് 10 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. ഓരോ മത്സരവേദികളിലും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം അഞ്ച്, മൂന്ന്, ഒരു ലക്ഷം രൂപ ലഭിക്കും. ബോണസായി ഓരോ ടീമിനും നാല് ലക്ഷം രൂപ വീതവും നീക്കിവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.