കൊല്ലം തൃക്കടവൂർ മഹാദേവർ ക്ഷേത്രത്തിലെ തേവള്ളി കരക്കാരുടെ എടുപ്പുകുതിര അഷ്ടമുടിക്കായലിലൂടെ വള്ളത്തിൽ കൊണ്ടുപോകുന്നു
കൊല്ലം: മിന്നുന്ന പ്രഖ്യാപനങ്ങൾക്ക് ഒഴിവുനൽകി കൊല്ലം ജനതയുടെ ദിനചര്യയിൽനിന്ന് രൂപപ്പെട്ടതെന്ന സാക്ഷ്യപ്പെടുത്തലുമായി ആദ്യ ബജറ്റ് അവതരിപ്പിച്ച് കോർപറേഷനിലെ യു.ഡി.എഫ് ഭരണസമിതി. അടിസ്ഥാന സൗകര്യങ്ങളിൽ ശ്രദ്ധ നൽകുന്നതും സമതുലിത നഗര വികസനം ലക്ഷ്യമിടുന്നതുമായ ബജറ്റാണ് ഡെപ്യൂട്ടി മേയർ കരുമാലിൽ ഡോ. ഉദയ സുകുമാരൻ അവതരിപ്പിച്ചത്. മേയർ എ.കെ. ഹഫീസ് അധ്യക്ഷത വഹിച്ചു.
കൊല്ലം നഗരത്തിനായി ഉത്തരവാദിത്തം, യാഥാർഥ്യം, പുതുക്കൽ എന്നീ മൂല്യങ്ങളാണ് ബജറ്റ് മുന്നോട്ടുവക്കുന്നതെന്ന് ഡെപ്യൂട്ടി മേയർ വ്യക്തമാക്കി. ആദ്യം ജീവൻ സംരക്ഷിക്കുക, ദിനസമസ്യകൾ പരിഹരിക്കുക, നഗരത്തിന്റെ സാമ്പത്തികശക്തി ഉറപ്പാക്കുക ശേഷം ഭാവിയിലെ കൊല്ലം നിർമിക്കുക എന്ന ലക്ഷ്യത്തിനാണ് മുൻതൂക്കം. 53.75 കോടി രൂപ മുൻ ബാക്കിയിരിപ്പും പുതിയ സാമ്പത്തിക വർഷത്തിൽ 1330. 76 കോടി രൂപ മതിപ്പുവരവും ചേർത്ത് 1384.51 കോടി രൂപ ആകെ വരവാണ് പ്രതീക്ഷിക്കുന്നത്. നിത്യചെലവുകളും പദ്ധതി ചെലവുമെല്ലാം ചേർത്ത് 1270.00 കോടി ചെലവ് കഴിഞ്ഞ് ആകെ 114.51 കോടി നീക്കി ബാക്കി വരുന്ന ബജറ്റാണ് 2026-27 കാലയളവിലേക്ക് അവതരിപ്പിച്ചത്.
2025-26 സാമ്പത്തിക വർഷത്തിലേക്ക് കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമിതി അവതരിപ്പിച്ച ബജറ്റിനേക്കാൾ വരവിലും ചെലവിലും നീക്കിയിരിപ്പിലും വർധനവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ബജറ്റാണ് ഇത്തവണത്തേത്. ഈ വർഷത്തേക്കുള്ള നീക്കിബാക്കിയാകുമെന്ന് കഴിഞ്ഞ ബജറ്റ് പ്രവചിച്ചതിനേക്കാൾ 30 കോടിയോളം രൂപ നീക്കിയിരിപ്പിൽ കുറവാണ് വന്നിട്ടുള്ളത്.
എന്നാൽ, മതിപ്പ് വരവ് കഴിഞ്ഞ വർഷത്തേക്കൊൾ 193 കോടിയോളം രൂപയുടെ വർധനവുണ്ടാകുമെന്നാണ് പുതിയ ബജറ്റ് പ്രതീക്ഷവെക്കുന്നത്. നീക്കിയിരിപ്പും ചേർത്ത് ആകെ വരവിൽ 156 കോടിയോളം വർധനവാണുണ്ടാകുക. ചെലവും അതിനനുസരിച്ച് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 125 കോടി രൂപ വരെ ഉയരുമെന്നാണ് ബജറ്റ് വ്യക്തമാക്കുന്നത്. അതേസമയം, നീക്കിയിരിപ്പ് 100 കോടിക്ക് മുകളിലേക്ക് കയറുമെന്നും പ്രതീക്ഷവെക്കുന്നു.
റോഡുകൾ, ഡ്രയിനേജ്, പൊതു സുരക്ഷ എന്നിവക്കാണ് ബജറ്റിൽ പ്രാഥമിക പരിഗണന നൽകിയിട്ടുള്ളത്. കവിഞ്ഞൊഴുകുന്ന ഓടകളും സുരക്ഷിതമല്ലാത്ത റോഡുകളും വികസനമെന്ന സങ്കൽപത്തിന് അപമാനമാണെന്ന് അടയാളപ്പെടുത്തി നിലവിലെ കൊല്ലം നഗരത്തിന്റെ സ്ഥിതിയെ ബജറ്റ് വരച്ചുകാട്ടുന്നുണ്ട്. തുറമുഖ വികസനവുമായി ബന്ധപ്പെടുത്തി ആയിരിക്കണം ഇനിയുള്ള കൊല്ലത്തെ റോഡ് വികസനമെന്ന് ബജറ്റ് വിഭാവനം ചെയ്യുന്നു. തെരഞ്ഞെടുപ്പിന് മുമ്പും അധികാരമേറ്റെടുത്തുകഴിഞ്ഞും മേയർ എ.കെ. ഹഫീസിന്റെ നേതൃത്വത്തിൽ ഏറ്റവും പ്രാധാന്യത്തോടെ ഉയർത്തിക്കാട്ടിയ ചിന്നക്കട മേൽപാലം പൊളിക്കൽ തന്നെയാണ് ബജറ്റിലും പ്രഥമ പദ്ധതി നിർദേശമായി അവതരിക്കപ്പെട്ടത്.
ചിന്നക്കട മേൽപാലം പൊളിച്ചുമാറ്റി റെയിൽവേ സ്റ്റേഷന് മുന്നിൽനിന്ന് തുടങ്ങി എസ്.എം.പി പാലസ് ബന്ധപ്പെടുത്തി താലൂക്കോഫിസ് വരെ എലിവേറ്റഡ് ഫ്ലൈഓവർ നിർമാണത്തിനായി ഡി.പി.ആർ തയാറാക്കുന്നതിനായി 25 ലക്ഷം രൂപ വകയിരുത്തി. കുടിവെള്ളം, മാലിന്യസംസ്കരണം, തെരുവുനായ് സംരക്ഷണം, നഗരവികസനം, വിദ്യാഭ്യാസം, തെരുവ്വിളക്ക് എന്നിങ്ങനെ അടിസ്ഥാന വികസനങ്ങൾക്കൊപ്പം കൊല്ലത്തെ ‘ടോപ് ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ’ ആക്കി മാറ്റാനുള്ള വീക്ഷണവും ബജറ്റ് പങ്കുവെക്കുന്നുണ്ട്. ഇതിനായി മാത്രം 100 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്.
മുൻബാക്കി: 537576554 രൂപ
മതിപ്പുവരവ്: 13307617005 രൂപ
ആകെ വരവ്: 13845193559 രൂപ
ആകെ ചെലവ്: 12700028397 രൂപ
നീക്കി ബാക്കി: 1145165162 രൂപ
വൻ പദ്ധതികളുമായി കോർപറേഷൻ
കൊല്ലം -ടോപ് ടൂറിസ്റ്റ്
ഡെസ്റ്റിനേഷൻ
ഒന്നാംനിരയിലുള്ള ടൂറിസം കേന്ദ്രമാകാൻ കൊല്ലത്തിനുള്ള സാധ്യതകൾ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിടുകയാണ് ബജറ്റ്. കൊല്ലത്തെ അനുഭവിച്ചറിയുന്നതിന് മത്സ്യബന്ധന യാത്ര, കായൽ സഞ്ചാരം, ഗ്രാമീണ ജീവിതം നേരിട്ടറിയുന്നതിനും, പ്രാദേശിക ഭക്ഷണം, കല, സംഗീതം, മേളകൾ ഇവയെല്ലാം ചേർന്ന അനുഭവം നൽകുന്നതിന് സമഗ്ര പദ്ധതി വേണം. സഞ്ചാരികൾ കൊല്ലത്തിന്റെ അംബാസഡറായി മടങ്ങണമെന്ന സ്വപ്നമാണ് പങ്കുവെക്കുന്നത്. കൊല്ലത്തിന്റെ ടൂറിസം, ചെറുകിട വ്യവസായികൾ, റോഡരുകിലെ കടകൾ, ഓട്ടോ ഡ്രൈവർമാർ എന്നിങ്ങനെ എല്ലാവർക്കും വരുമാനം ഉണ്ടാകുന്ന രീതിയിലാകണം ടൂറിസം വികസനം. ഇതിനായുള്ള പദ്ധതികളും ഫണ്ടുകളും കേന്ദ്ര-സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ടെന്ന് ബജറ്റിൽ ചൂണ്ടിക്കാട്ടുന്നു. കൊല്ലത്തെ ടോപ് ടൂറിസ്റ്റ് ഡെസ്റ്റിനേഷനാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിക്കായി 100 കോടി രൂപ വകയിരുത്തി.
പ്രകാശമുള്ള കൊല്ലം, സുരക്ഷിത കൊല്ലം
തെരുവുവിളക്കുകൾ ധാരാളം ഉള്ളപ്പോഴും ഏകീകൃതമായ പരിപാലന സംവിധാനമില്ലാത്തതിന്റെ കുറവ് കൊല്ലം നഗരത്തിൽ നിഴലിക്കുന്നതായി ബജറ്റ്. നേരിടുന്ന വലിയ പ്രശ്നം ലൈറ്റുകൾ വിവിധ ഏജൻസികൾ കൈകാര്യം ചെയ്യുന്നതാണ്. ലൈറ്റ് പ്രവർത്തിച്ചില്ലെങ്കിൽ ആരെ സമീപിക്കണം എന്നത് പോലും അറിയാത്ത അവസ്ഥക്ക് പരിഹാരവും മുന്നോട്ടുവെക്കുന്നു.
ഏകീകൃത സ്ട്രീറ്റ് ലൈറ്റ് മാനേജ്മെന്റ് സെൽ വേണം എന്നതാണ് ആദ്യ നിർദേശം. തെരുവ് വിളക്ക് വിഷയത്തിൽ സിംഗിൾ നോഡൽ ഏജൻസി രൂപവത്കരിക്കണം, എല്ലാ ലൈറ്റുകളും ഒരേ സംവിധാനത്തിൽ ഉൾപ്പെടുത്തി പരിപാലിക്കണം, എൽ.ഇ.ഡി.യിലേക്ക് പൂർണമായി മാറണം എന്നിവയാണ് നിലവിലെ പ്രശ്നങ്ങൾക്കുള്ള പരിഹാരനിർദേശങ്ങൾ. പ്രകാശമുള്ള കൊല്ലത്തിനായി 10 കോടി രൂപ വകയിരുത്തി.
സൺസെറ്റ് സിറ്റി
കന്യാകുമാരി പോലെ അസ്തമയ സൂര്യന്റെ ഭംഗി ആസ്വദിക്കാൻ കൊല്ലം നഗരത്തിലേക്ക് ആളുകളെ ആകർഷിക്കാൻ ലക്ഷ്യമിടുകയാണ് ബജറ്റ്. ‘സൺസെറ്റ് സിറ്റി’ ആക്കി കൊല്ലത്തെ മാറ്റുന്നതിനായി ബീച്ച് മുതൽ ലൈറ്റ് ഹൗസ് വരെയുള്ള ഭാഗം മാലിന്യ മുക്തമാക്കി പൂന്തോട്ടം സജ്ജമാക്കി ടൂറിസ്റ്റുകളെ ആകർഷിക്കും. തീരപ്രദേശങ്ങളിലും മറ്റിടങ്ങളിലും മരങ്ങൾ വെച്ച് പിടിപ്പിച്ച് പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് നഗരത്തെ കാർബൺ ഫ്രീ സിറ്റിയാക്കും. ഈ പദ്ധതിക്കായി ഒരു കോടി രൂപ വകയിരുത്തി. സോളാർ പാനൽ സ്ഥാപിക്കുന്നതിന് പ്രോത്സാഹനത്തിലൂടെ സോളാർ സിറ്റി ആക്കി കൊല്ലത്തെ മാറ്റും.
ശുചിത്വ കൊല്ലം, മേന്മയുള്ള കൊല്ലം
കൊല്ലം നഗരത്തെ സൗന്ദര്യവത്കരണം നടത്തി മനോഹരമാക്കി മാറ്റാനും മാലിന്യമുക്തമായി പരിപാലിക്കാനും ലക്ഷ്യമിടുന്നു. അന്തർദേശീയ നിലവാരമുള്ള മോഡൽ റോഡുകൾ നിർമിക്കുന്നതിനും, റോഡ് റീസർഫേസിങ്, കുഴികൾ പൂർണമായി ഇല്ലാതാക്കൽ, ഓടകളിലെ ചെളി നീക്കംചെയ്യൽ, കൾവെർട്ട് വീതി വർധിപ്പിക്കൽ, ജങ്ഷനുകളുടെ വികസനം, കാൽനടയാത്രക്കാർക്ക് സുരക്ഷ എന്നിവ നടപ്പാക്കുന്നതിനും 15 കോടി രൂപ വകയിരുത്തി.
പ്ലാസ്റ്റിക്, ഇലക്ട്രോണിക് മാലിന്യ ശേഖരണത്തിനും മലിനീകരണം തടയുന്നതിനും 5 കോടി രൂപ വകയിരുത്തി. ഉറവിട മാലിന്യ സംസ്കരണം പ്രോത്സാഹിപ്പിക്കുന്നതിന് ബിന്നുകൾ നൽകുന്നതിനും, മെക്കനൈസ്ഡ് എയ്റോബിക് കംപോസ്റ്റ് യൂനിറ്റും, എല്ലാ ഡിവിഷനുകളിലും എയ്റോബിക് കംപോസ്റ്റ് യൂനിറ്റ് സ്ഥാപിക്കുന്നതിനായി 5 കോടി രൂപ വകയിരുത്തി.
കൊല്ലം തോടിന്റെ ശുദ്ധീകരണം, നീരൊഴുക്ക് പുനഃസ്ഥാപിക്കൽ, നഗര സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായി പ്രധാന റോഡുകളിലെ കൈവരികൾക്ക് കോർപറേഷന്റെ അംഗീകൃത നിറം നൽകി പൂച്ചെടികൾ വെച്ച് പിടിപ്പിക്കുക, നഗര സൗന്ദര്യവത്കരണം, ചിന്നക്കട റൗണ്ടിൽ നാഷനൽ ഫ്ലാഗ് പോയന്റ് സ്ഥാപിക്കൽ, ചരക്ക് ഗതാഗതം, എന്നിവ ഇൻലന്റ് നാവിഗേഷൻ ഡിപ്പാർട്ടുമെന്റുമായി ബന്ധപ്പെട്ട് ഘട്ടംഘട്ടമായി നടപ്പാക്കും. എസ്.എം.പി പാലസ്, പഴയ മുനിസിപ്പൽ ഓഫിസ്, തങ്കശ്ശേരി കോട്ട, സെമിത്തേരി എന്നിവ ഉൾപ്പെടുന്ന ചരിത്ര പ്രാധാന്യമുളള സ്ഥലങ്ങൾ സംരക്ഷിക്കുന്നതിനും നഗരത്തിലെ ചരിത്ര പുരുഷൻമാരുടെ സ്മാരകങ്ങൾ നിർമിക്കുന്നതിനും സംരക്ഷിക്കുന്നതിനും രണ്ട് കോടി രൂപ വകയിരുത്തി. കുടുംബശ്രീയിൽ ഡാറ്റാ എൻട്രി അറിയാവുന്ന സ്ത്രീകൾക്ക് മെയിൻ ഓഫീസിലും അഞ്ച് സോണൽ ഓഫീസിലും കൗണ്ടർ അനുവദിച്ച് നിശ്ചിത ഫീസ് നിർണയിച്ച് കെ-സ്മാർട്ടിൽ അപേക്ഷ സമർപ്പിക്കാൻ അവസരമൊരുക്കും.
കാത്തിരിക്കുന്ന പഴയ പദ്ധതികൾക്കായി
ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ ഏറ്റവും പ്രധാന ഘട്ടമായ തടയിണ നിർമാണ പ്രവർത്തനം അപാകത പരിഹരിച്ച് ആരംഭിക്കുകയും പദ്ധതിയിൽ കരിക്കോട്, കടവൂർ മേഖലയെയും ഉൾപ്പെടുത്തി നഗരവാസികൾക്ക് 24 മണിക്കൂറും ശുദ്ധജലം ലഭ്യമാക്കുന്നതിന് 145 കോടി രൂപ വകയിരുത്തി.
സ്ലോട്ടർ ഹൗസ് ആധുനിക രീതിയിൽ നിർമിക്കുന്നതിന് പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കാനും ഒപ്പം പുതിയ സ്ഥലം വാങ്ങുന്നതിനും അനുയോജ്യമായ രീതിയിൽ നവീകരിച്ച ബൽജിയം മോഡൽ മീറ്റ് പ്രോസസിങ് (ബൽജിയം മാതൃകയിലുള്ള അറവുശാല) സ്ലോട്ടർ ഹൗസ് നിർമിക്കുന്നതിനും അഞ്ച് കോടി രൂപ നീക്കിവെച്ചു.
നഗരത്തിലെ തെരുവ് നായ്ക്കൾക്ക് ഷെൽട്ടർ സംവിധാനം, മുഴുവൻ നായ്ക്കൾക്കും വാക്സിനേഷൻ, സ്വകാര്യ വ്യക്തികൾ വളർത്തുന്ന നായ്ക്കൾക്ക് നിർബന്ധമായും ലൈസൻസ് ലഭ്യമാക്കൽ, എ.ബി.സി. പ്രോഗ്രാം എന്നിവക്ക് രണ്ട് കോടി രൂപ വകയിരുത്തി.
കുരീപ്പുഴ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിൽ ആധുനിക സംസ്കരണ രീതിയായ വാക്വം ടെക്നോളജി അവലംബിക്കുന്നതിനും പ്രവർത്തനം ആരംഭിക്കുന്നതിനും അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 150 കോടി രൂപ വകയിരുത്തി. തെരുവ് കച്ചവടക്കാർക്ക് കച്ചവട കേന്ദ്രങ്ങളും ബങ്കുകളും നിർമ്മിക്കുന്നതിനായി 2 കോടി രൂപ വകയിരുത്തി.
മത്സ്യത്തൊഴിലാളികൾക്ക്
കൊല്ലം വാടി കടപ്പുറത്തെ സ്വാദേറിയ മത്സ്യ സമ്പത്തിനെ ബ്രാൻഡാക്കി മാറ്റുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ഇതിനായി 50 ലക്ഷം രൂപ വകയിരുത്തി. മത്സ്യത്തൊഴിലാളികൾക്ക് കേന്ദ്ര/സംസ്ഥാന സർക്കാറുകളുടെ വിവിധ ക്ഷേമ പദ്ധതികളിൽ ഗുണഭോക്താക്കളാകുന്നതിന് ഫിഷർമെൻ സപ്പോർട്ട് സെൽ രൂപവത്കരിക്കും. തുറമുഖ നവീകരണം, അടിസ്ഥാന സൗകര്യ വികസനം, മത്സ്യ വിൽപനക്ക് ഡിജിറ്റൽ പ്ലാറ്റ് ഫോം, സംരംഭങ്ങൾ, ലഹരിവിരുദ്ധ ബോധവത്കരണം എന്നിവക്കായി അഞ്ച് കോടി രൂപ വകയിരുത്തി.
ബജറ്റ് ചുരുക്കത്തിൽ
കുടുംബശ്രീ അംഗങ്ങൾക്ക് സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നതിനും സ്വയം തൊഴിൽ കണ്ടെത്തുന്നതിന് സാമ്പത്തികസഹായം നൽകുന്നതിനും റിവോൾവിങ് ഫണ്ട് അനുവദിക്കുന്നതിനും -10 കോടി രൂപ
ഇലക്ട്രിക് ക്രിമറ്റോറിയം സ്ഥാപിക്കും -5 കോടി രൂപ
ഐ.ടി പാർക്കുകൾ നടപ്പാക്കുന്നതിനും, എംപവറിങ് സ്കിൽഡ് യൂത്ത് പദ്ധതി പദ്ധതിയിലൂടെ പരമാവധി തൊഴിൽ രഹിതർക്ക് തൊഴിൽ നൽകുന്നതിന് -50 ലക്ഷം രൂപ
പ്ലെയിസ്മെന്റ് മേളകൾ സംഘടിപ്പിക്കുന്നതിന് -2 ലക്ഷം രൂപ
പി.എം.എ.വൈ/ലൈഫ് പദ്ധതി എന്നിവയിൽ ഭവന നിർമാണത്തിനും, മെയിന്റനൻസിനും, കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റുകളുടെ അപാകതകൾ പരിഹരിക്കുന്നതിനും -30 കോടി രൂപ
‘എന്റെ വീട്ടിലെ പച്ചക്കറി എന്റെ ആരോഗ്യം’ സംസ്കാരം വളർത്തുന്നതിനും, കാർഷിക ഉൽപന്നങ്ങൾക്ക് ഡിജിറ്റൽ വിപണന സംവിധാനം ഒരുക്കുന്നതിനും -3 കോടി രൂപ
പരമ്പരാഗത വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുന്നതിന്, തൊഴിലാളികളുടെ ക്ഷേമപ്രവർത്തനങ്ങൾക്ക്, ഡിജിറ്റൽ പ്ലാറ്റ് ഫോമുകൾ തയാറാക്കുന്നതിന് -1 കോടി രൂപ
സ്കൂളുകളിൽ പോഷക സമൃദ്ധമായ ഭക്ഷണം നൽകുന്നതിന്, അംഗൻവാടികൾക്ക് ഭൂമി ലഭ്യമാക്കുന്നതിനും മെയിന്റനൻസിനും കലോൽസവം നടത്തിപ്പിനും -10 കോടി രൂപ
ഭിന്നശേഷിക്കാർക്കായി നൈപുണ്യ പരിശീലനം, ട്രൈസൈക്കിൾ, സ്റ്റാറ്റിക് സൈക്കിൾ എന്നിവ വാങ്ങുക, ബഡ്സ് സ്കൂളുകളുടെ വൈവിധ്യവത്കരണം -5 കോടി രൂപ
വനിതകൾക്ക് ചെറുകിട വ്യവസായ സ്റ്റാർട്ടപ്പുകൾ, തൊഴിൽ പരിശീലനം, വനിതകൾക്കായി വെൽനസ് സെന്ററുകൾ ആരംഭിക്കൽ, വനിത ഫുഡ് പാർക്ക് നിർമാണം -5 കോടി രൂപ
ദുരന്തങ്ങൾ നേരിടാൻ ഹിറ്റ് ആക്ഷൻ പ്ലാൻ തയാറാക്കി നടപ്പാക്കുന്നതിന് മേൽനോട്ടസമിതി രൂപവത്കരിക്കുന്നതിനും ദുരന്ത നിവാരണ അതോറിറ്റി മാർഗരേഖയായ ‘ഓറഞ്ച് ബുക്ക്’ പുതുക്കുക്കതിനും -20 ലക്ഷം രൂപ
യുവജന കായിക പരിശീലന പദ്ധതി, സ്കൂൾ സ്പോർട്സ് പ്രോത്സാഹനം, വനിത കായിക പദ്ധതി, തീരദേശ കായികമേള, നീന്തൽ പരിശീലനം, ഭിന്നശേഷിക്കാർക്ക് കായികപരിപാടികൾ -1 കോടി രൂപ
അതിഥി തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് ലഭ്യമാക്കുന്നതിനായി -5 ലക്ഷം രൂപ
പാർക്കുകൾ ആധുനികവത്കരിക്കാനും, എം.ജി പാർക്കിനോട് ചേർന്ന് ഇൻഡോർ മോഡൽ ബങ്കുകൾ നിർമിക്കുന്നതിനും, അഞ്ചാലും മൂട് ഓപൺ എയർ ഓഡിറ്റോറിയം നിർമാണത്തിനും ടോയ്ലറ്റ് കോംപ്ലക്സിനുമായി -1 കോടി രൂപ
ആസ്പിറേഷൻ ടോയ്ലറ്റുകൾ നിർമിക്കുന്നതിനും, സ്കൂൾ ടോയ്ലറ്റുകൾ ശുചിത്വമുള്ളതാക്കുന്നതിനും, സ്കൂകൂളുകളിൽ നാപ്കിൻ വെന്റിങ് മെഷീൻ സ്ഥാപിക്കുന്നതിനും -60 ലക്ഷം രൂപ
നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ വാഹന പാർക്കിങ് കേന്ദ്രങ്ങൾ ആരംഭിക്കും -10 ലക്ഷം രൂപ
നൃത്തോത്സവം, നാടകോത്സവം, സംഗീത വിരുന്നിനുമായി -50 ലക്ഷം രൂപ
ജീവനക്കാരുടെ പരിശീലനം, ഡിജിറ്റൽ സ്കിൽ പരിശീലനം, സ്മാർട്ട് സിറ്റി മാനേജ്മെന്റ് സംവിധാനം, ജനപ്രതിനികൾക്ക് ലാപ്ടോപ് അനുവദിക്കുക -50 ലക്ഷം രൂപ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.