പ്രതീകാത്മക ചിത്രം
കൊല്ലം: ചിന്നക്കടയിൽ നടന്ന യു.ഡി.എഫ് കലാശക്കൊട്ടിൽ പങ്കെടുത്ത് മടങ്ങി കെ.എസ്.യു പ്രവർത്തകർ സഞ്ചരിച്ച കാർ ഇടിച്ചു രണ്ട് വിദ്യാർഥിനികൾക്ക് പരിക്ക്. കാറിടിച്ച് അഷ്ടമുടി കായലിൽ വീണ വിദ്യാർഥിനിയെ അഗ്നിരക്ഷാസേന രക്ഷിച്ചു. നടപ്പാതയിലൂടെ പോകുന്ന കൊല്ലം വള്ളിക്കീഴ് ഗവ.എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ വള്ളിക്കീഴ് സ്വദേശി ചിന്നുലക്ഷ്മി (14), രാമൻകുളങ്ങര സ്വദേശി ധനലക്ഷ്മി (14) എന്നിവർക്കാണ് പരിക്കേറ്റത്. ചിന്നുലക്ഷ്മിയാണ് കായലിൽ വീണത്. നടപ്പാതയിലെ സുരക്ഷാവേലിയിൽ കുടുങ്ങിയ ധനലക്ഷ്മിക്ക് സാരമായി പരിക്കേറ്റു. ഇരുവരും സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കൊല്ലം കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോക്ക് സമീപം ആശ്രാമം ലിങ്ക് റോഡിൽ ചൊവ്വാഴ്ച വൈകിട്ട് 6.30ഓടെയാണ് അപകടമുണ്ടായത്. വാഹനം ഓടിച്ച നെയ്യാറ്റിൻകര സ്വദേശി ദേവനന്ദിനെ കൊല്ലം ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ നിയമവിദ്യാർഥിയാണ്. അതേ കോളജിലെ ചിലരും വാഹനത്തിൽ ഉണ്ടായിരുന്നു.
ആശ്രാമം ഹോക്കി സ്റ്റേഡിയത്തിൽ ഹോക്കി ക്യാമ്പിൽ പങ്കെടുത്ത് രക്ഷകർത്താക്കൾക്കൊപ്പം മടങ്ങുന്ന വിദ്യാർഥികളാണ് അപകടത്തിൽപെട്ടത്. കാർ അമിത വേഗതയിൽ ആയിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഡിവൈഡറിൽ ഇടിച്ച് നിന്ന കാർ തകർന്ന നിലയിലാണ്. കാറിൽ ഉണ്ടായിരുന്നവർ ഓടിരക്ഷപെട്ടു. പരിക്കേറ്റവരെ ആദ്യം ജില്ല ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.