പു​ന​ലൂ​ർ മാ​ർ​ക്ക​റ്റ് ജ​ങ്ഷ​ന് സ​മീ​പ​ത്തെ അ​ടി​പ്പാ​ത 

ആകാശ നടപ്പാലം; നഗരസഭ മറന്നു, റെയിൽവേയും...ജനത്തിന് ഓർമയുണ്ട്

പുനലൂർ: മാർക്കറ്റ് ജങ്ഷനിലെ ആകാശ നടപ്പാലം ആകാശത്തുമില്ല, ഭൂമിയിലുമില്ല. റെയിൽവേയും നഗരസഭയും കൈയൊഴിഞ്ഞതോടെയാണ് ഇത്തരമൊരു ദുരവസ്ഥ.

പാലം നിർമിക്കാൻ പണം അനുവദിക്കാമെന്ന് ഉറപ്പു നൽകിയ നഗരസഭയും നിർമാണ ചുമതല ഏറ്റേടുക്കേണ്ട റെയിൽവേയും ഇതിനെക്കുറിച്ചൊക്കെ മറന്ന മട്ടാണ്. പാലം ഇല്ലാതായതോടെ കാൽനട യാത്രക്കാർ നേരിടുന്ന ദുരിതം അവർക്കേ അറിയൂ.

കൊല്ലം-ചെങ്കോട്ട മീറ്റർഗേജ് പാത തുടങ്ങിയ കാലം മുതൽതന്നെ പുനലൂർ മാർക്കറ്റ് ജങ്ഷനിൽ റെയിൽവേ ഗേറ്റും കാൽനട സൗകര്യവും ഉണ്ടായിരുന്നു.

കാര്യറ-പേപ്പർ മിൽ റോഡിനെ ദേശീയപാതയിൽ, മാർക്കറ്റ് ജങ്ഷനിൽ സന്ധിക്കുന്ന റോഡിന് ഇരുവശത്തുമാണ് റെയിൽവേ ലൈനിന് വശത്ത് ഗേറ്റ് സ്ഥാപിച്ചിരുന്നത്. മീറ്റർ ഗേജ് മാറ്റി ബ്രോഡ്ഗേജ് സ്ഥാപിച്ചതോടെ ഗേറ്റ് അടച്ചു. കാൽനടക്കും വാഹനഗതാഗതത്തിനും 100 മീറ്റർ അകലെ റെയിൽവേ അടിപ്പാത നിർമിച്ചു.

ആദ്യം ഗേറ്റ് നിർത്തലാക്കി ഇതുവഴിയുള്ള വാഹനങ്ങൾ പൂർണമായും അടിപ്പാതയിലൂടെയാക്കി. അപ്പോഴും പഴയ ഗേറ്റ് വഴി ആൾക്കാർക്ക് നടന്നുപോകാമായിരുന്നു. എന്നാൽ, മൂന്നു വർഷം മുമ്പ് ഗേറ്റുകൾ പൊളിച്ചുമാറ്റി ലൈനിന് ഇരുവശവും മതിൽകെട്ടി ഇതുവഴിയുള്ള കാൽനട പൂർണമായും റെയിൽവേ അവസാനിപ്പിച്ചു. ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്നെങ്കിലും ഫലമുണ്ടായില്ല.

നടപ്പാലം നിർമിക്കണമെന്ന ശക്തമായ ആവശ്യമാണ് ഉയർന്നത്. രണ്ടുവർഷം മുമ്പ് പുനലൂരിലെത്തിയ റെയിൽവേ മധുര ഡിവിഷൻ മാനേജറെ നഗരസഭ അധികൃതർ സന്ദർശിച്ച് നടപ്പാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ടു.

എന്നാൽ, ഫണ്ടില്ലെന്നായിരുന്നു മാനേജറുടെ മറുപടി. അങ്ങനെയെങ്കിൽ നടപ്പാലം നിർമിക്കാൻ ഒരു കോടി രൂപ നഗരസഭ റെയിൽവേക്ക് ഒടുക്കാമെന്നും റെയിൽവേയുടെ മേൽനോട്ടത്തിൽ പാലം നിർമിക്കണമെന്നും ചെയർപേഴ്സനും വൈസ് ചെയർമാനും ആവശ്യപ്പെട്ടു.

ഇതു സമ്മതിച്ച മാനേജർ പണം ഒടുക്കാൻ ആവശ്യപ്പെട്ടു. 2021-'22 നഗരസഭ ബജറ്റിൽ ആകാശ നടപ്പാലം നിർമിക്കാൻ ഒരു കോടി രൂപ വകയിരുത്തി. എന്നാൽ, ഇത്രയും കാലമായിട്ടും തുക ഒടുക്കുകയോ തുടർനടപടികളോ നഗരസഭ നടത്തിയില്ല. റെയിൽവേ ആകട്ടെ നഗരസഭ പണം ഒടുക്കാത്തതിനാൽ എസ്റ്റിമേറ്റ് അടക്കം മറ്റു നടപടികളും സ്വീകരിച്ചില്ല.

അടിപ്പാതയിലെ കാൽനട ഭീതിയോടെ

പുനലൂർ: മാർക്കറ്റ് ജങ്ഷനിലെ റെയിൽവേ ഗേറ്റിന് പകരം നിർമിച്ച അടിപ്പാതയിലെ കാൽനട യാത്ര ഭീതിപ്പെടുത്തുന്നതാണ്. ഇവിടത്തെ എൽ.പി.എസ് മുതൽ ഹയർസെക്കൻഡറി വരെയുള്ള സ്കൂൾ, ഐ.ടി.സി അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നൂറുകണക്കിന് വിദ്യാർഥികളും അധ്യാപകരും ആരാധനാലയങ്ങളിലെത്തുന്നവരും മറ്റുള്ളവരും മാർക്കറ്റിലും പട്ടണത്തിലും വന്നുപോകുന്നത് അടിപ്പാതയിലൂടെയാണ്.

പു​ന​ലൂ​ർ മാ​ർ​ക്ക​റ്റ് ജ​ങ്ഷ​നി​ൽ ആ​കാ​ശ ന​ട​പ്പാ​ലം നി​ർ​മി​ക്കാ​ൻ ന​ഗ​ര​സ​ഭ​യു​ടെ

2021-22 വ​ർ​ഷ​ത്ത ബ​ജ​റ്റ് നി​ർ​ദേ​ശം

കൊടുംവളവും കുത്തിറക്കവും താണ്ടി വേണം അടിപ്പാത കടക്കാൻ. പാതക്ക് ഇരുവശമുള്ള ഓടക്ക് മുകളിൽ കോൺക്രീറ്റ് സ്ലാബ് പാകിയാണ് നടപ്പാത ഒരുക്കിയിട്ടുള്ളത്. ഇവിടമാവട്ടെ, രാപകൽ വ്യത്യാസമില്ലാതെ സാമൂഹിക വിരുദ്ധരുടെയും യാചകരുടെയും താവളമാണ്.

കൂടാതെ, പാലത്തിന്‍റെ കവാടങ്ങളും മുകൾ ഭാഗവും കാടുമൂടി പാമ്പുകളുടെയും കേന്ദ്രമാണ്. ആളൊഴിഞ്ഞ ഈ ഭാഗത്ത് അവശിഷ്ടങ്ങൾ തള്ളുന്നതിനാൽ തെരുവു നായ്ക്കളുടെ ശല്യവും രൂക്ഷമാണ്. ദേശീയപാതയിൽനിന്നും പാലത്തിലേക്ക് ഇറങ്ങുന്ന ഭാഗം ഓടയും സ്ലാബും തകർന്ന് മലിനജലം റോഡിൽ കെട്ടി നിൽക്കുകയാണ്.

പു​ന​ലൂ​ർ മാ​ർ​ക്ക​റ്റ് ജ​ങ്ഷ​നി​ൽ ആ​കാ​ശ ന​ട​പ്പാ​ലം നി​ർ​മി​ക്കേ​ണ്ട സ്ഥ​ലം

കൂടാതെ, ചൗക്ക റോഡിൽനിന്നും പാലത്തിലേക്ക് കടക്കുന്നത് അപകടത്തിന് ഇടയാക്കുന്നു. അശാസ്ത്രീയമായുള്ള അടിപ്പാതയിൽ വാഹനാപകടവും പതിവാണ്. നഗരസഭയും റെയിൽവേയും ന്യായവാദങ്ങൾ പറഞ്ഞൊഴിയുമ്പോൾ, അവർ പറഞ്ഞതെല്ലാം ഓരോ നടപ്പിലും ജനം ഓർക്കുന്നുണ്ട്.

Tags:    
News Summary - Skywalk-the municipality has forgotten and railway too people remember

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.