കൊല്ലം: കിളികൊല്ലൂർ, കൊല്ലം, കരുനാഗപ്പള്ളി, അഞ്ചാലുംമൂട്, പരവൂർ എന്നിവിടങ്ങളിൽ വിവിധ കേസുകളിലെ പ്രതികളായ ആറുപേർ പിടിയിൽ. വീട്ടമ്മയുടെ പണം തട്ടിയെടുക്കാൻ ശ്രമിച്ച യുവാവ് ഇരവിപുരത്ത് രക്ഷപ്പെട്ടു.
കൊല്ലം: പോളയത്തോട്ടിൽ യുവാവിനെ ജീപ്പിടിച്ചും വെട്ടിയും കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ രണ്ടുപേരെ കൂടി കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടി. കൊറ്റംങ്കര പുനക്കന്നൂർ നിഷാദ് മൻസിലിൽ എ. നിയാസ് (കൊള്ളി നിയാസ്, 29), കേരളപുരം നാല് മുക്ക് ഹരി നിവാസ് ജി. ഗോകുൽ (23) എന്നിവരാണ് പിടിയിലായത്.
ആക്രമി സംഘത്തിലെ പ്രധാനിയായ അൻസർ, നിഷാദ് എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. വിവാഹിതയായ സ്ത്രീയുമായി അൻസർ സൗഹൃദം പുലർത്തുന്നത് മുഹമ്മദ് തസ്ലീക്ക് ചോദ്യംചെയ്തിരുന്നു. ഇതാണ് പ്രകോപനം. യുവാവിനെ ആക്രമിക്കുന്നതിന് അൻവർ ഏർപ്പെടുത്തിയ സംഘത്തിൽപെട്ടവരാണ് ഇപ്പോൾ പിടിയിലായത്. ഈസ്റ്റ് ഇൻസ്പെക്ടർ ആർ. രതീഷിന്റെ നേതൃത്വത്തിൽ എസ്.ഐ രാജ്മോഹൻ എസ്.സി.പി.ഒ ബിനു, സി.പി.ഒമാരായ രഞ്ജിത്ത്, രാജഗോപാൽ, സുനേഷ്, ഷെഫീക്, സനോജ്, അനിൽ, അനു ആർ. നാഥ്, അൻഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു.
ഇരവിപുരം: സ്വര്‍ണം വിറ്റ പണവുമായി വീട്ടിലേക്ക് പോകുകയായിരുന്ന വീട്ടമ്മയുടെ കൈവശമുണ്ടായിരുന്ന പണം തട്ടിയെടുക്കാന്‍ ശ്രമം. വീട്ടമ്മ മോഷണശ്രമം പ്രതിേരാധിച്ചതോടെ പണം നഷ്ടമായില്ല. വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് പാലത്തറയിലായിരുന്നു സംഭവം. പണം തട്ടിയെടുക്കാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടിയെങ്കിലും മോഷണശ്രമം നടന്നതിന്റെ ആഘാതത്തിൽ വീട്ടമ്മക്ക് സംസാരിക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് നാട്ടുകാര്‍ വീട്ടമ്മയോട് കാര്യങ്ങള്‍ തിരക്കുന്നതിനിടയില്‍ പണം തട്ടിയെടുക്കാനെത്തിയയാള് ബൈക്കുമായി രക്ഷപ്പെടുകയായിരുന്നു.
കരുനാഗപ്പള്ളി: വവ്വാക്കാവ് ആനന്ദ ജങ്ഷനിൽ നിന്ന് ബൈക്ക് മോഷ്ടിച്ച യുവാവിനെ കരുനാഗപ്പള്ളി പൊലീസ് പിടികൂടി. ആലപ്പുഴ കായംകുളം ഫയർ സ്റ്റേഷനു സമീപം കോട്ടക്കുഴിയിൽ വീട്ടിൽ എം. ഷെമീർ (40) ആണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ 11.30ന് ആനന്ദ ജങ്ഷനിലുള്ള ഓട്ടോ സ്റ്റാൻഡിന് പിറകിലായി സൂക്ഷിച്ചിരുന്ന അക്ഷയ് മോഹന്റെ മോട്ടോർ ബൈക്കാണ് ഇയാൾ മോഷ്ടിച്ചത്.
പൊലീസ് സമീപത്തെ സി.സി ടി.വി ദൃശ്യങ്ങളുടെയും ഓട്ടോ ഡ്രൈവർമാരുടെയും സഹായത്തോടെ നടത്തിയ പരിശോധനയിൽ സ്ഥലത്ത് കറങ്ങി നടന്ന ഇയാളെ മോഷണത്തിനു ശേഷം കാണാതായതായി ശ്രദ്ധയിൽപെട്ടു. തുടർന്ന്, ഇയാളെ കായംകുളത്തെ വീടിനു സമീപം നിന്ന് പിടികൂടുകയായിരുന്നു. കൊലപാത ശ്രമം അടക്കമുള്ള കേസുകളിൽ പ്രതിയായ ഇയാളുടെ വീട്ടിൽ നിന്ന് മോഷണം നടത്തിയ ബൈക്ക് കണ്ടെടുത്തു. കരുനാഗപ്പളളി ഇൻസ്പെക്ടർ ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അലോഷ്യസ് അലക്സാണ്ടർ, കെ.എസ്. ധന്യ, ജയശങ്കർ എ.എസ്.ഐമാരായ ഷാജിമോൻ, നന്ദകുമാർ, നിസാമുദ്ദീൻ, സി.പി.ഒ ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
അഞ്ചാലുംമൂട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച യുവാവ് പോക്സോ കേസിൽ പിടിയിലായി. പെരിനാട് ചെമ്മക്കാട് ചാമവിള കോളനി ഗീതാഞ്ജലി ഭവനിൽ കിരൺ (19) ആണ് പിടിയിലായത്. രാത്രി കുളിമുറിയിൽ ആളനക്കമുണ്ടെന്ന് തിരിച്ചറിഞ്ഞ ഇയാൾ ജനലിലൂടെ മൊബൈൽ ഫോൺ കാമറ കടത്തി പെൺകുട്ടിയുടെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. പെൺകുട്ടി ഒച്ചവെച്ചുകൊണ്ട് ഫോണിൽ കയറി പിടിച്ചതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. സമാന സ്വഭാവമുള്ള കേസിൽ മുമ്പും ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു. അഞ്ചാലുംമൂട് ഇൻസ്പെക്ടർ സി. ദേവരാജന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ എം. ഷബ്ന, ഹരികുമാർ, റഹീം, പ്രദീപ്കുമാർ, സി.പി.ഒ സുമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പരവൂർ: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. പരവൂർ കുറുമണ്ടൽ കല്ലുംകുന്ന് സൂനാമി കോളനിയിൽ ഫ്ലാറ്റ് നാലിൽ എൻ. നിഷാദ് (34, പട്ടി നിഷാദ്) ആണ് പിടിയിലായത്. തെക്കുംഭാഗം പ്രദേശത്ത് മോഷണം, തീവെപ്പ് തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ് ഇയാൾ. പ്രദേശവാസിയായ ഷിബിലി എന്ന യുവാവിനെയാണ് ഇയാൾ കൈവശമിരുന്ന ബിയർകുപ്പി കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. നിരവധി കേസുകളിൽ പ്രതിയാണ് ഷിബിലിയും. ഇരുവരും തമ്മിൽ തെക്കുംഭാഗം കൊട്ടിക്കഴികത്ത്മൂലയിൽ വാക്കേറ്റം ഉണ്ടാകുകയായിരുന്നു. തുടർന്ന്, കൈവശമിരുന്ന ബിയർ കുപ്പി പൊട്ടിച്ച് ഇയാൾ ഷിബിലിയുടെ വയറ്റിൽ കുത്തുകയായിരുന്നു. ഒളിവിൽ പോയ നിഷാദിനെ പരവൂരിൽനിന്ന് പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. പരവൂർ ഇൻസ്പെക്ടർ എ. നിസാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ നിതിൻ നളൻ, നിസാം, എസ്.സി.പി.ഒ മാരായ റിലേഷ്ബാബു, സതീഷ്, ബിജോയി സി.പി.ഒ സായിറാം എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
കിളികൊല്ലൂർ: ഉത്സവസ്ഥലത്ത് യുവതിയെ അപമാനിക്കാൻ ശ്രമിച്ചത് ചോദ്യംചെയ്ത സഹോദരനെയും മാതാപിതാക്കളെയും ആക്രമിച്ച സംഘത്തിലെ ഒരാൾ പിടിയിലായി. പേരൂർ രഞ്ജിത് ഭവനിൽ ആർ. രഞ്ജിത്ത് (26) ആണ് പിടിയിലായത്. പേരൂർ കരിനല്ലൂർ ഭഗവതി ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടുള്ള കെട്ടുകാഴ്ച കണ്ടുനിന്ന യുവതിയെ പ്രതിയടങ്ങിയ സംഘം അപമാനിക്കാൻ ശ്രമിച്ചു. സഹോദരൻ ഇത് ചോദ്യംചെയ്തതിൽ കുപിതരായ ആക്രമിസംഘം യുവാവിനെ ആക്രമിക്കുകയായിരുന്നു.
മകനെ കല്ല് കൊണ്ട് തലയ്ക്കിടിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച മാതാപിതാക്കളേയും ഇവർ ആക്രമിച്ചു. യുവതിയോടും മാതാവിനോടും മര്യാദലംഘനം നടത്തുകയും ചെയ്തു. മാതാവിന്റെ പരാതിയിൽ സ്ത്രീത്വത്തെ അപമാനിച്ചതിനും ദേഹോപദ്രവത്തിനും രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. സംഘത്തിലെ മറ്റ് പ്രതികളെ സംബന്ധിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചു. കിളികൊല്ലൂർ ഇൻസ്പെക്ടർ കെ. വിനോദിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ എ.പി. അനീഷ്, സ്വാതി, മധു എ.എസ്.ഐ സുനിൽകുമാർ, സി.പി.ഒ സുധീർ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.