കരിമ്പനി കണ്ടെത്തിയ വില്ലുമല പ്രദേശത്ത് ജില്ല വെക്ടർ കണ്‍ട്രോള്‍ യൂനിറ്റ് മെഡിക്കൽ സംഘം പരിശോധന നടത്തുന്നു
കുളത്തൂപ്പുഴ: ഏതാനും വർഷം മുമ്പ് പ്രദേശവാസികളിലൊരാള്‍ക്ക് കരിമ്പനി (കാലാ അസർ) പിടിപെട്ടതിനെ തുടർന്ന് എല്ലാ വർഷവും തുടർച്ചയായി നടത്തി വരാറുള്ള പ്രാണി പരിശോധനയുടെ ഭാഗമായി കഴിഞ്ഞ ദിവസം വില്ലുമല ആദിവാസി ഉന്നതി പ്രദേശത്ത് നടത്തിയ സർവേയിൽ മണലീച്ച(സാന്‍റ് ഫ്ലൈ)കളെ കണ്ടെത്തി. 2018ലാണ് വില്ലുമല മേഖലയിലെ താമസക്കാരിലൊരാൾക്ക് കരിമ്പനി പിടിപെട്ടത്. തുടർന്ന് ജില്ല വെക്ടർ കണ്‍ട്രോൾ യൂനിറ്റും ആരോഗ്യവകുപ്പും സംയുക്തമായി പ്രദേശത്ത് പരിശോധന നടത്തുകയും കരിമ്പനി പടർത്തുന്ന മണലീച്ചയുടെ സാന്നിധ്യം പ്രദേശത്തെ ചില വീടുകളിൽ കണ്ടെത്തുകയും ചെയ്തിരുന്നു.
രോഗവാഹകരായ പെണ്‍ മണലീച്ചയുടെ കടിയേറ്റാൽ രോഗം പടരുന്നതിനും ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണംവരെ സംഭവിക്കാവുന്നതുമായ കരിമ്പനിക്കെതിരെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങള്‍ ആവിഷ്കരിച്ച് നടപ്പാക്കിയാണ് ആരോഗ്യവകുപ്പ് പ്രതിസന്ധി മറികടന്നത്. അന്നുമുതൽ ആറ് മാസത്തിലൊരിക്കൽ തുടർന്നുവരുന്ന പ്രാണിജന്യ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രദേശത്ത് ജില്ല വെക്ടർ യൂനിറ്റിന്‍റെ നേതൃത്വത്തിൽ എന്‍റമോളജി സർവേ നടത്തിവരുന്നുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ പ്രദേശത്തുനിന്ന് വീണ്ടും മണലീച്ചകളെ കണ്ടെത്തുകയും ഇവയെ പിടികൂടി കൂടുതൽ പരിശോധനക്കായി കൊണ്ടുപോവുകയും ചെയ്തു.
തുടർപരിശോധനയിൽ രോഗവാഹകരാണ് ഇവയെന്ന് കണ്ടെത്തിയാൽ കൂടുതൽ പ്രതിരോധ പ്രവർത്തനങ്ങള്‍ ആരംഭിക്കുമെന്നും നിലവിൽ എല്ലാ വീടുകളും പുകക്കുന്നതടക്കമുള്ള ജാഗ്രത നിർദേശം നൽകിയിട്ടുള്ളതായും ആരോഗ്യ പ്രവർത്തകർ അറിയിച്ചു. ജില്ല വെക്ടർ കണ്‍ട്രോൾ യൂനിറ്റ് ഉദ്യോഗസ്ഥനായ രാധാകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീമിനോടൊപ്പം ജെ.എച്ച്.ഐ. രമ്യ, ജെ.പി.എച്ച്.എൻ. വർഷ, ആശാ പ്രവർത്തക മീന എന്നിവരും സർവേയിലും പരിശോധനയിലും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.