മലയോര ഹൈവേ ഓരത്തെ കൽക്കെട്ടിടിഞ്ഞ് മണ്ണൊലിച്ചുപോയതോടെ അപകടാവസ്ഥയിലായ പാതയിൽ നാട്ടുകാർ അപടകസൂചന മുന്നറിയിപ്പ് ഒരുക്കിയ നിലയിൽ

പാതയോരത്തെ കൽക്കെട്ട് ഇടിഞ്ഞ് തോട്ടിൽ പതിച്ചു; മലയോര ഹൈവേ അപകടാവസ്ഥയിൽ

കുളത്തൂപ്പുഴ: മലയോര ഹൈവേയോരത്തെ കൽക്കെട്ടിടിഞ്ഞ് തോട്ടിലേക്ക് പതിച്ചതിനെ തുടർന്ന് പാത തകർച്ച ഭീഷണിയിൽ. തിരുവനന്തപുരം-ചെങ്കോട്ട അന്തർസംസ്ഥാനപാതയുടെ ഭാഗം കൂടിയായ കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി തേക്കും പറമ്പ് ജങ്ഷനും മുപ്പതടി പാലത്തിനും ഇടയിലുള്ള തോടിന്‍റെ ഓരത്തെ കൽക്കെട്ടാണ് കഴിഞ്ഞദിവസം പുലര്‍ച്ച ഇടിഞ്ഞുതാണ് നിലംപൊത്തിയത്. പാതയുടെ ഓരത്തെ മണ്ണ് പൂർണമായി ഒലിച്ചുപോയതോടെ ടാർറോഡിന്‍റെ പകുതി വരെ വിള്ളല്‍ രൂപപ്പെട്ട് അപകടാവസ്ഥയിലായി. അയൽസംസ്ഥാനത്തുനിന്ന് നിരന്തരം ചരക്കുവാഹനങ്ങളും മറ്റും കടന്നുപോകുന്ന പാതയിൽ സംഭവസമയം വലിയ വാഹനങ്ങളൊന്നുമില്ലാതിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. പുലര്‍ച്ച മണ്ണിടിഞ്ഞുവീഴുന്ന ശബ്ദം കേട്ടുണര്‍ന്നെത്തിയ നാട്ടുകാർ സമയോചിതമായി ഇടപെട്ട് പാതയില്‍ അപകടസൂചനയായി ചുവന്ന തുണിയും കയറും കെട്ടി കല്ലും ചെടികളും നിരത്തി മുന്‍കരുതല്‍ നടപടി സ്വീകരിക്കുകയും തുടര്‍ന്ന് കുളത്തൂപ്പുഴ പൊലീസിനെ അറിയിക്കുകയുമായിരുന്നു. പൊലീസ് സ്ഥലത്തെത്തി ബാരിക്കേഡ് സ്ഥാപിച്ച് വാഹനങ്ങള്‍ മറുവശത്തുകൂടി തിരിച്ച് വിട്ട് നിയന്ത്രണം ഏര്‍പ്പെടുത്തി.

മലയോര ഹൈവേ നിര്‍മാണകാലത്ത് റോഡിന്‍റെ വശങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്ത് സംരക്ഷണ ഭിത്തി നിർമിച്ച് ബലപ്പെടുത്താതെ മുമ്പുണ്ടായിരുന്ന പഴയ കല്‍ക്കെട്ടിന് പുറത്ത് ടാറിടുകയായിരുന്നു. ഇതിനുപുറമെ പാതയോരത്ത് കൂടി ജലവിഭവവകുപ്പ് കുളത്തൂപ്പുഴ കുടിവെള്ള പദ്ധതിയുടെ കുടിവെള്ള വിതരണ പൈപ്പുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. ജലവിതരണ സമയങ്ങളിലെ മർദം താങ്ങാനാവാതെ പൈപ്പ് പൊട്ടി ചോര്‍ന്ന് കാലങ്ങളായി വെള്ളം ഒലിച്ചിറങ്ങുകയായിരുന്നു. കഴിഞ്ഞദിവസങ്ങളിലെ ശക്തമായ മഴയിൽ കല്‍കെട്ട് പൂര്‍ണമായി ഇടിഞ്ഞ് തോട്ടിലേക്ക് പതിക്കുകയായിരുന്നു. ഇനിയും കൂടുതല്‍ മണ്ണിടിഞ്ഞാല്‍ സമീപത്തെ 11 കെ.വി വൈദ്യുതി തൂണും നിലം പതിക്കാവുന്ന നിലയിലാണ്.

Tags:    
News Summary - Roadside stone wall collapses into the stream; Hill Highway in danger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.