പുനലൂരിൽ വിജയിച്ച സി.പി.ഐയിലെ സി. അജയപ്രസാദ് വിജയാഹ്ലാദത്തിൽ
പുനലൂർ: സംസ്ഥാനത്ത് യു.ഡി.എഫിന്‍റെ തരംഗത്തിലും വീണ്ടും ചുമന്നുതുടുത്ത് പുനലൂർ മണ്ഡലം. എൽ.ഡി.എഫ് ശക്തി കേന്ദ്രമായ കൊല്ലം ജില്ലയിൽ ഒമ്പതിടത്തും എൽ.ഡി.എഫിനെ കൈവിട്ടപ്പോൾ ആശ്വാസത്തിന്‍റെ ചുവപ്പ് തുരുത്തായി ശേഷിച്ചത് പുനലൂർ മാത്രം. ഇത്തവണ സി.പി.ഐയിലെ സി. അജയപ്രസാദിലൂടെ 21529 വോട്ട് അധികം നേടി തുടർച്ചയായ ഏഴാമത് തവണയും ഈ മലയോര മണ്ഡലം ഇടതുമുന്നണിയുടെ ശക്തിദുർഗമാണെന്ന് തെളിയിച്ചു.
ഇടതുപാർട്ടികൾക്ക് ശക്തമായ വേരോട്ടമുള്ള ഈ അതിർത്തി മണ്ഡലത്തിൽ ഭരണവിരുദ്ധ വികാരത്തിനിടെ ചിട്ടയായ പ്രവർത്തനത്തിലൂടെ ഇത്തവണ അജയപ്രസാദ് തുടക്കത്തിലെ വിജയമുറപ്പിച്ചിരുന്നു. യു.ഡി.എഫിലെ സീറ്റുതർക്കവും സ്ഥാനാർഥി പ്രശ്നങ്ങളും സങ്കീർണമായ വേളയിൽ എൽ.ഡി.എഫിന് ഇത്തവണയും തിരിഞ്ഞുനോക്കേണ്ടി വന്നില്ല. കഴിഞ്ഞ തവണ പി.എസ്. സുപാൽ നേടിയ 37,075 വോട്ടിന്‍റെ ഭൂരിപക്ഷം ഇത്തവണ 21529 ആയി കുറഞ്ഞെങ്കിലും മണ്ഡലം നിലനിർത്താനായത് എൽ.ഡി.എഫിന് ആശ്വാസമായി.
30 വർഷം മുമ്പ് കന്നിയങ്കത്തിലൂടെ പി.എസ്. സുപാൽ മണ്ഡലത്തിൽ തുടക്കമിട്ട വിജയം ഇത്തവണയും ആവർത്തിച്ചു. തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് പലരെയുമിവിടെ ഭാഗ്യപരീക്ഷണത്തിന് ഇറക്കിയെങ്കിലും എല്ലായിപ്പോഴും മണ്ഡലം നിലനിർത്താൻ എൽ.ഡി.എഫിനായി. ഇത്തവണ സ്ഥാനാർഥിയായി പുതുമുഖത്തെ പരീക്ഷക്കാനും സി.പി.ഐ തയാറായി. എന്നാൽ, കിഴക്കൻ മലയോര മേഖലയിലെ പ്രമുഖ തൊഴിലാളി യൂനിയൻ നേതാവായ അജയപ്രസാദിന് മണ്ഡലത്തിൽ ഒരു പരിചയപ്പെടുത്തലിന്‍റെ ആവശ്യമുണ്ടായിരുന്നില്ല. മണ്ഡലത്തിലെ പുനലൂർ നഗരസഭയിലും ഏഴു പഞ്ചായത്തുകളിലും ലീഡ് നേടാനായി.
യു.ഡി.എഫിന്‍റെ തുടക്കംമുതലുള്ള പടലപിണക്കും സ്വയം സ്ഥാനാർഥിത്വങ്ങളും വലിയ തിരിച്ചടിയായി. ആദ്യം സീറ്റിനെ ചൊല്ലിയും പിന്നീട് സ്ഥാനാർഥിയെ ചൊല്ലിയുമായിരുന്നു ഇവിടുത്തെ പടലപിണക്കം ആവർത്തിച്ചത്. മുസ് ലീം ലീഗിന് സീറ്റ് നൽകുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ കോൺഗ്രസിലെ അര ഡസനോളം നേതാക്കൾ സ്ഥാനാർഥിയായി രംഗത്തെത്തിയിരുന്നു. ആകെ പോൾ ചെയ്ത വോട്ടുകളിൽ സി. അജയപ്രസാദ്- 71944, യു.ഡി.എഫിലെ നൗഷാദ് യൂനുസ്- 50415, ട്വന്‍റി 20 യിലെ അഡ്വ. രഘുനാഥ് കമുകുംചേരി- 15393 വോട്ട് ലഭിച്ചു. 2021ൽ എൻ.ഡി.എക്ക് 20069 വോട്ട് ലഭിച്ചിരുന്നു. അഞ്ചൽ ആലഞ്ചേരി പ്രസാദ് ഭവനിൽ ചെല്ലപ്പൻ പിള്ളയുടെയും സരസ്വതിയമ്മയുടെയും മൂത്ത മകനാണ് 59 കാരനായ അജയപ്രസാദ്.
ചെറുപ്പംമുതലേ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും യുവജന വിദ്യാർഥി സംഘടനകളിലും സജീവമായി സി.പി.ഐയുടെ മുഴുവൻ സമയ പാർട്ടി പ്രവർത്തകാനായി. സി.പി.ഐ കൊല്ലം ജില്ലാ എക്സിക്യൂട്ടീവ് അംഗവും എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗവുമാണ്. ഓയിൽപാം ഇന്ത്യ, പുനലൂർ താലൂക്ക് സമാജം ഡയറട്ർ ബോർഡ് അംഗമാണ്. ആർ.പി.എൽ വർക്കേഴ്സ് യൂനിയൻ, തെന്മല വാലി എസ്റ്റേറ്റ് വർക്കേഴ്സ് യൂനിയൻ ജനറൽ സെക്രട്ടറിയാണ്. അധ്യാപികയായ ശ്രീലതയാണ് ഭാര്യ. ആദിത്യൻ, അഭിനന്ദൻ എന്നിവർ മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.