കാട്ടാനയെ തടയുന്നതിന് അച്ചൻകോവിൽ പള്ളിവാസലിൽ നിർമിച്ച ആനക്കിടങ്ങ്
പുനലൂർ: പത്തനാപുരം, പുനലൂർ താലൂക്ക് ഉൾപ്പെട്ടുവരുന്ന കിഴക്കൻ മലയോരമേഖലയിൽ വന്യമൃഗങ്ങളാൽ പൊറുതിമുട്ടി ജനങ്ങൾ. നിരന്തരം തുടരുന്ന വ്യാപകമായ കൃഷിനാശത്തിനും വളർത്തുമൃഗങ്ങളുടെ നഷ്ടത്തിനും പുറമേ മനുഷ്യരുടെ ജീവനെടുക്കുന്നതും പതിവായതോടെ ജനങ്ങൾ അങ്കലാപ്പിലാണ്. വനവുമായി വിദൂരത്തിലുള്ള പുനലൂർ പട്ടണത്തിൽപോലും വന്യജീവികൾ മനുഷ്യജീവന് ഭീഷണയായിക്കഴിഞ്ഞു. പകൽപോലും കൃഷിയിടത്തിലുപരി ദേശീയപാതയിലടക്കം പ്രാധാന പാതകളിലൂടെ പോലും യാത്ര ചെയ്യാൻ പറ്റാത്ത സാഹചര്യമായി.
അവസാനമായി വെള്ളിയാഴ്ച ചാലിയക്കര എസ്റ്റേറ്റിലെ തൊഴിലാളിയായ രഘുനാഥൻപിള്ളയെ നടുറോഡിലിട്ട് കാട്ടുപന്നി കുത്തിക്കൊന്നു. ഇതിനുപിറകെ നഗരസഭ പരിധിയിലുള്ള പ്ലാച്ചേരിയിൽ വീട്ടുമുറ്റത്തിട്ട് കുറുനരി ദമ്പതികളുടെ മുഖവും കൈകാലുകളും കടിച്ചുകീറുകയും ചെയ്തു. കഴിഞ്ഞയാഴ്ച പുനലൂർ റെയിൽവേ സ്റ്റേഷനിലേക്ക് പട്ടണത്തിലൂടെ ബൈക്കിലെത്തിയ ദമ്പതികളെയും പന്നി കുത്തിവീഴ്ത്തി.
പൊതുമേഖലയിലും സ്വകാര്യമേഖലയിലും നിരവധിയായുള്ള റബർ, എണ്ണപ്പന എസ്റ്റേറ്റുകളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കായ തൊഴിലാളികൾ ജീവൻ പണയപ്പെടുത്തിയാണ് തൊഴിലിടങ്ങളിലെത്തി ജോലിചെയ്തു മടങ്ങുന്നത്. മുമ്പ് വനമേഖലയോട് ചേർന്നുള്ള ജനവാസ മേഖലയിൽ ഒതുങ്ങിയിരുന്ന വന്യമൃഗശല്യം അടുത്തകാലത്തായി മറ്റിടങ്ങളിലേക്കും വ്യാപിച്ചു. ഇരുതാലൂക്കുകളിലും വന്യജീവി സാന്നിധ്യവും ശല്യവും ഇല്ലാത്ത ഒരു വില്ലേജ് പോലും ഇല്ലാത്ത അവസ്ഥയാണ്. പുനലൂർ, തെന്മല, തിരുവനന്തപുരം, അച്ചൻകോവിൽ, കോന്നി വനം ഡിവിഷനുകളുടെ പരിധിയിലുള്ള വനം ഇരുതാലൂക്കിലുമുണ്ട്.
ആനയും പുലിയും കടുവയും കാട്ടുപോത്തും കരടിയും രാജവെമ്പാലയും മലയോരത്തെ ജനവാസമേഖലയിൽ വിഹരിക്കുമ്പോൾ പന്നിയും കുരങ്ങും കേഴയും മ്ലാവും മലയണ്ണാനും മയിലും കുറുനരിയും പെരുമ്പാമ്പും എല്ലായിടത്തും ഭീഷണിയായി. തറയിലുള്ള മുഴുവൻ കൃഷികളും പന്നിയും മറ്റും നശിപ്പിക്കുന്നതിനൊപ്പം തെങ്ങുകളിലെ പൂങ്കുല വരെ കുരങ്ങും മയിലും മലയണ്ണാനും വെളിപ്പിക്കുന്നു.
വന്യമൃഗങ്ങൾ ക്രമാതീതമായി പെറ്റുപെരുകി കാട്ടിൽ ആവശ്യത്തിന് തീറ്റയും വെള്ളവും ലഭിക്കാത്തത് ഇവകളെ കാടുവിടാൻ ഇടയാക്കുന്നു. ഇവകൾക്ക് കാട്ടിൽ തന്നെ തീറ്റയും വെള്ളവും ലഭിക്കുന്നതിന് വനംവകുപ്പ് നടപ്പാക്കുന്ന മിസൻ ഫുഡ് ഫോഡർ ആൻറ് വാട്ടർ പദ്ധതിയും ലക്ഷ്യം കണ്ടില്ല. വനാതിർത്തിയോട് ചേർന്നുള്ള എസ്റ്റേറ്റുകളിൽ പൈനാപ്പിൾ കൃഷി വ്യാപിച്ചതും ഇവയെ ആകർഷിക്കുന്നു. എന്നാൽ പൈനാപ്പിൾ കർഷകർ ചുറ്റും വൈദ്യുതി വേലിയിട്ട് കൃഷിയിടം സുരക്ഷിതമാക്കുമ്പോൾ ഇവകൾ മറ്റ് സമീപത്തെ മറ്റ് കൃഷിയിടങ്ങളിലെത്തി നാശം വരുത്തുന്നു. കൂടാതെ എസ്റ്റേറ്റുകൾ സമയാസമയങ്ങളിൽ കാടു തെളിക്കാത്തതും മൃഗങ്ങൾ ഇറങ്ങുന്നതിന് ഇടയാക്കുന്നു.
കൃഷിയിടങ്ങളിൽ നാശം വിതക്കുന്ന പന്നികളെ വെടിവെച്ചുകൊല്ലാൻ പഞ്ചായത്തുകൾക്ക് സർക്കാർ അധികാരം നൽകിയിട്ടും പല പഞ്ചായത്തുകളും ചെലവിന്‍റെ കണക്ക് പറഞ്ഞ് ഇതിന് തയാറാകുന്നില്ല. എല്ലാ പഞ്ചായത്തുകളും കൃത്യമായി ഇതിനുള്ള നടപടി സ്വീകരിച്ചാൽ പന്നികളെ ഒരുപരിധിവരെ നാട്ടിൻപുറങ്ങളിൽ നിന്നും അകറ്റാനാകും. വന്യമൃഗശല്യം നേരിടാൻ അഞ്ചലിലും തെന്മലയിലും വനംവകുപ്പിന്‍റെ ആർ.ആർ.ടി സംഘം ഉണ്ടെങ്കിലും പലപ്പോഴും പാമ്പുപിടിത്തത്തിൽ ഇവരുടെ പ്രവർത്തനം ഒതുങ്ങുന്നു.
വന്യമൃഗങ്ങൾ കാടുവിട്ടിറങ്ങാതിരിക്കാനായി പുനലൂർ താലൂക്കിൽ വനാവരണം പദ്ധതിയിലൂടെ കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ പത്ത് കോടി രൂപയുടെ പ്രതിരോധ നടപടികൾ സ്വീകരിച്ചെന്നാണ് എം.എൽ.എയും വനം അധികൃതരും അവകാശപ്പെടുന്നത്. ത്രിതല പഞ്ചായത്തുകളുടെയും കൃഷി വകുപ്പിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിവരുന്നത്. വനമേഖലക്ക് ചുറ്റും ഫെൻസിങ്, ഹാങ്ങിങ് ഫെൻസിങ്, ആനകിടങ്ങുകൾ എന്നിവയാണ് നടപ്പാക്കിയത്.
ആദ്യഘട്ടമായി കുളത്തൂപ്പുഴ, തെന്മല, ആര്യങ്കാവ് പഞ്ചായത്ത് പരിധികളിൽ പദ്ധതി നടപ്പാക്കിയിരുന്നു. വളരെ വ്യാവസ്ഥാപിതമായി നടപ്പാക്കുന്ന വനാവരണം പദ്ധതിയും വന്യമൃഗങ്ങളെ തടുക്കാൻ പര്യാപ്തമല്ലെന്നാണ് തെളിയിക്കുന്നത്. പ്രതിരോധ പ്രവർത്തനങ്ങളിലെ ക്രമക്കേടുകളും ഇതിന്‍റെ പിന്നിലെ അഴിമതിയും പലയിടത്തും ആക്ഷേപത്തിന് ഇടയാക്കുന്നു. വനംവകുപ്പും തദ്ദേശസ്ഥാപനങ്ങളും കൂട്ടായി പ്രതിരോധ നടപടി അടിയന്തരമായി സ്വീകരിച്ചില്ലെങ്കിൽ ജനങ്ങൾ കൂടുതൽ ദുരിതത്തിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.