കൊല്ലം ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കുന്ന 70ാമത് സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനുള്ള ഒരുക്കങ്ങൾ നടത്തുന്നു
ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ്: സംസ്ഥാന പോരിന് ഇന്ന് വിസിലുയരും
കൊല്ലം: ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ വീണ്ടും അത്ലറ്റിക്സ് പോർമുഖം തെളിച്ച് 70ാമത് സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ശനിയാഴ്ച വിസിൽ മുഴങ്ങും. ഒന്നാമത് സംസ്ഥാന അണ്ടർ 23 അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് കൂടി ഇത്തവണത്തെ സംസ്ഥാന ജൂനിയർ മീറ്റിനൊപ്പം നടക്കുന്നുണ്ട്. നാല് ദിവസങ്ങളിലായി നടക്കുന്ന ചാമ്പ്യൻഷിപ്പ് ആറിന് സമാപിക്കും.
ആൺ-പെൺ വിഭാഗങ്ങളിലായി അണ്ടർ 14, അണ്ടർ 16, അണ്ടർ 18, അണ്ടർ 20 പ്രായക്കാരാണ് ജൂനിയർ ചാമ്പ്യൻഷിപ്പ് പോരാട്ടത്തിന് മാറ്റുരക്കുന്നത്. 14 ജില്ലകളിൽ നടന്ന ജില്ല അത്ലറ്റിക് മീറ്റുകളിൽ നിന്ന് യോഗ്യത നേടിയ 1500ഓളം കായികതാരങ്ങൾ ആണ് സംസ്ഥാന പോരാട്ടത്തിന് ഇറങ്ങുന്നത്. അതേസമയം, അത്ലറ്റിക് അസോസിയേഷൻ പുതിയതായി ആരംഭിച്ച അണ്ടർ 23 സംസ്ഥാന ചാമ്പ്യൻഷിപ്പ് ഇത്തവണ ഓപ്പൺ മീറ്റ് ആയാണ് നടക്കുന്നത്.
കൊല്ലത്ത് ആവശ്യമായ സൗകര്യമില്ലാത്തതിനാൽ 18, 20, 23 വിഭാഗം സ്റ്റീപ്പിൾ ചേസ് മത്സരങ്ങൾ തിരുവനന്തപുരം യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു. തുടർന്നുള്ള മത്സരങ്ങൾ ശനിയാഴ്ച രാവിലെ ആറിന് കൊല്ലം ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ ആരംഭിക്കും.
ആദ്യ ദിനത്തിൽ അണ്ടർ 23 ചാമ്പ്യൻഷിപ്പ് പോരാട്ടങ്ങൾ ആണ് പ്രധാനമായും നടക്കുന്നത്. രാവിലെ ആറിന് അണ്ടർ 23 വിഭാഗങ്ങളുടെ 10000 മീറ്റർ ഓട്ടത്തോടെ മത്സരങ്ങൾക്ക് തുടക്കമാകും. ഹെപ്റ്റാത്തലൺ, ഡെക്കാത്തലൺ, ട്രയാത്തലൺ പോരാട്ടങ്ങൾക്കും ആദ്യ ദിനം തുടക്കമാകും. ആകെ 28 ഫൈനൽ പോരാട്ടങ്ങളാണ് ഒന്നാം ദിനത്തിൽ നടക്കുന്നത്. ഇവയിൽ 20 ഫൈനലുകൾ അണ്ടർ 23 ചാമ്പ്യൻഷിപ്പിൽ വരുന്നതാണ്.
സംസ്ഥാനത്തിന്റെ അത്ലറ്റിക് കരുത്ത് മാറ്റുരക്കുന്ന പോരാട്ടത്തിനാണ് കൊല്ലം നാല് ദിനങ്ങളിൽ സാക്ഷിയാകുന്നത്. നിലവിൽ ചാമ്പ്യൻന്മാരായ പാലക്കാട് കിരീടം നിലനിർത്താനുള്ള പോരാട്ടവുമായി എത്തുമ്പോൾ, അവരെ മറിച്ചിടാനുള്ള വമ്പുമായാണ് കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ മലപ്പുറം എത്തുന്നത്.
കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് നടന്ന 69മത് സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പിൽ 539 പോയന്റ് നേടിയാണ് പാലക്കാട് ഓവറോൾ ചാമ്പ്യൻപട്ടം സ്വന്തമാക്കിയത്. 461.5 പോയന്റ് ആയിരുന്നു മലപ്പുറത്തിന്റെ നേട്ടം. തിരുവനന്തപുരം(370), കോട്ടയം(282.5), തൃശൂർ(250) എന്നീ ജില്ലകൾ ആയിരുന്നു തുടർന്നുള്ള സ്ഥാനങ്ങളിൽ. ചാമ്പ്യൻഷിപ്പ് ഔദ്യോഗിക ഉദ്ഘാടനം മേയർ എ.കെ. ഹഫീസ് നിർവഹിച്ചു. ജില്ല അത്ലറ്റിക്സ് അസോസിയേഷൻ രക്ഷാധികാരി ഡോ. കെ. രാമഭദ്രൻ അധ്യക്ഷത വഹിച്ചു.
ജില്ല അസോസിയേഷന് ഹർഡിൽസ് വാങ്ങുവാനുള്ള സമ്മതപത്രം ഐ.ആർ.ഇ (ഇന്ത്യ) ജനറൽ മാനേജർ എൻ.എസ്. അജിത് അസോസിയേഷൻ ജില്ല പ്രസിഡന്റ് ബി. പ്രേമാനന്ദിന് കൈമാറി. സംസ്ഥാന അത്ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി കെ. ചന്ദ്രശേഖരൻ പിള്ള, ഓർഗനൈസിങ് കമ്മിറ്റി കൺവീനർ ഡോ. ജയരാജ് എന്നിവർ സംസാരിച്ചു. ഐ.ആർ.ഇ (ഇന്ത്യ) മാനേജർ അജി മേനോൻ പങ്കെടുത്തു. ജില്ല അത്റ്റിക്സ് മീറ്റിൽ സംസ്ഥാന സ്കൂൾ കായികമേളയിലെ എട്ടാം സ്ഥാനക്കാരെക്കാൾ മികച്ചപ്രകടനം കാഴ്ചവെച്ച അത്ലറ്റുകൾക്കുള്ള ക്യാഷ് പ്രൈസുകൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.