ഓയൂർ: മുട്ടറ മരുതിമല ഇക്കോ ടൂറിസം ഭൂമി സർവേ വകുപ്പ് അധികൃതർ അളന്ന് തിട്ടപ്പെടുത്തിയതോടെ സ്വകാര്യ വ്യക്തികൾ കൈയേറ്റം നടത്തിയിട്ടുണ്ടോയെന്ന് രണ്ടു ദിവസത്തിനകം അറിയാം.
ഒരുമാസം മുമ്പാണ് കലക്ടർ അഫ്സാന പർവീണിന്റെ സാന്നിധ്യത്തിൽ മരുതിമലയിൽ തഹസിൽദാറിന്റെ നേതൃത്വത്തിൽ 38 ഏക്കർ സർവേ ആരംഭിച്ചത്. രണ്ടു ദിവസം മുമ്പാണ് സർവേ പൂർത്തിയായത്. സ്വകാര്യ വ്യക്തി ഹൈകോടതിയെ സമീപിക്കുകയും മലമുകളിലെ ഒന്നര ഏക്കർ അവരുടേതാണെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു.
കലക്ടർ സ്വകാര്യ വ്യക്തിക്ക് കൂട്ടുനിന്നെന്നാരോപിച്ച് വെളിയം പഞ്ചായത്ത് അധികൃതർ രംഗത്തുവരുകയും ചെയ്തു. ഒന്നര ഏക്കറിന് പുറമെ, എട്ട് ഏക്കറോളം സ്വകാര്യ വ്യക്തികളുടെ കൈവശമുണ്ടെന്ന അവകാശവാദവുമായി നിരവധി പേർ എത്തിയിരുന്നു. ഒന്നര ഏക്കർ കൈയേറിയിട്ടുണ്ടോയെന്നറിയാൻ ഹൈകോടതി കലക്ടർക്ക് നിർദേശം നൽകിയിരുന്നു.
മരുതിമലയുടെ മുകളിൽ പ്രധാന ഭാഗത്താണ് സ്വകാര്യ വ്യക്തികൾക്ക് ഭൂമിയുള്ളതായി പറയുന്നത്. ഒന്നാം ഘട്ടത്തിന്റെ പ്രവർത്തനങ്ങൾ പൂർത്തിയായി ഉദ്ഘാടനവും കഴിഞ്ഞപ്പോഴാണ് മലയിൽ സ്വകാര്യ വ്യക്തിക്ക് പട്ടയമുണ്ടെന്ന അവകാശവാദം ഉന്നയിച്ചത്. ഇതിൽ അസ്വാഭാവികത ഉണ്ടെന്നും പാറ ഖനനത്തിനുള്ള നീക്കമാണെന്നും പരിസ്ഥിതി പ്രവർത്തകർ ആരോപിച്ചു.
രണ്ടാംഘട്ടത്തിനായി സർക്കാർ 50 ലക്ഷം രൂപ അനുവദിച്ചപ്പോഴാണ് സ്വകാര്യ വ്യക്തികൾ പട്ടയമുണ്ടെന്ന വാദവുമായി എത്തുന്നത്. സ്വകാര്യ വ്യക്തികളുടേത് വ്യാജ പട്ടയമാണെന്നും ഇത് അംഗീകരിക്കില്ലെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.
സ്വകാര്യ വ്യക്തിയുടെ ഭൂമിയാണെങ്കിൽ അവർക്ക് വിട്ടുനൽകാൻ റവന്യൂ അധികൃതർ തീരുമാനമെടുക്കും. അല്ലെങ്കിൽ ഭൂമി തിരികെ പിടിക്കുമെന്നും തഹസിൽദാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.