കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ മൂന്നു മുന്നണികളും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. പരസ്യപ്രചാരണം നാളെ അവസാനിക്കാനിരിക്കെ മൂന്ന് സ്ഥാനാർഥികളും തികഞ്ഞ വിജയപ്രതീക്ഷയാണ് പ്രകടിപ്പിക്കുന്നത്. നിലവിലുള്ള എം.എൽ.എ സി.ആർ. മഹേഷ് വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് യു.ഡി.എഫ് പ്രവർത്തകർ അവകാശപ്പെടുമ്പോൾ എൽ.ഡി.എഫിന്റെ സീറ്റ് ഇത്തവണ എം.എസ്. താര തിരികെ പിടിക്കുമെന്ന പൂർണ ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ് പ്രവർത്തകർ. എന്നാൽ, ഇടത് വലത് മുന്നണി സംവിധാനത്തിൽനിന്ന് കരുനാഗപ്പള്ളിയിൽ പുതിയൊരു മാറ്റം സൃഷ്ടിക്കുമെന്ന ഉറപ്പിലാണ് എൻ.ഡി.എയുടെ വി.എസ്. ജിതിൻദേവ്. മൂന്നുപേരുടെയും മണ്ഡലംതല സ്വീകരണ പരിപാടികൾ, പ്രചാരണ പരിപാടികൾ എന്നിവയിൽ പരസ്പരം മത്സരിച്ചാണ് പ്രവർത്തകരെ കൂട്ടിയത്. പലസ്ഥലങ്ങളിലും ഗ്രാമീണ റോഡുകളെ പ്രകമ്പനം കൊള്ളിച്ച് അനൗൺസ്മെന്റ് വാഹനങ്ങൾ തലങ്ങും വിലങ്ങും പാഞ്ഞുകൊണ്ടിരിക്കുകയാണ്.
എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. എം.എസ്. താരയുടെ സ്വീകരണ പര്യടന പരിപാടി അവസാനിച്ചതോടെ പരമാവധി വോട്ടർമാരെ നേരിൽകണ്ട് വോട്ട് അഭ്യർഥന നടത്തുന്ന പ്രചാരണ പരിപാടി വീണ്ടും തുടക്കം കുറിച്ചു. ഞായറാഴ്ച രാവിലെ ഈസ്റ്റർ ആഘോഷത്തിന്റെ ഭാഗമായി വിവിധ ദേവാലയങ്ങളിൽ എത്തി വിശ്വാസികളെ കണ്ടു. കുറ്റിപ്പുറം, മണപ്പള്ളി തുടങ്ങിയ ക്രിസ്തീയ ദേവാലയങ്ങളിൽ ഈസ്റ്റർ ആഘോഷത്തിന്റെ ഭാഗമായി എത്തിയ വിശ്വാസികളെ കണ്ട് വോട്ടഭ്യർഥിച്ചു. തുടർന്ന് ചില വിവാഹ ചടങ്ങുകളിൽ പങ്കെടുത്തും മുതിർന്ന വ്യക്തികളെ നേരിട്ടു കണ്ടും വോട്ട് അഭ്യർഥന നടത്തി. വൈകിട്ട് ക്ലാപ്പന, ആലുംപീടിക തുടങ്ങിയ സ്ഥലങ്ങളിലെ മാർക്കറ്റുകൾ സന്ദർശിച്ച് മത്സ്യ കച്ചവടക്കാരോടും വിവിധ വ്യാപാരികളോടും മാർക്കറ്റിൽ എത്തിയ പൊതുജനങ്ങൾ ഉൾപ്പെടെയുള്ളവരെ നേരിൽ കണ്ട് വോട്ട് അഭ്യർഥിച്ചു.
തുടർന്ന് മാത അമൃതാനന്ദമയി മഠം സന്ദർശിച്ച് അന്തേവാസികളോടും വോട്ട് അഭ്യർഥന നടത്തി. യു.ഡി.എഫ് സ്ഥാനാർഥി സി.ആർ മഹേഷ് ഞായറാഴ്ച രാവിലെ ഈസ്റ്റർ ആഘോഷത്തിന്റെ ഭാഗമായി വിവിധ ദേവാലയങ്ങളിൽ എത്തിയ വിശ്വാസികളെ നേരിൽകണ്ട് വോട്ടഭ്യർഥിച്ചു. തുടർന്ന് നടന്ന സ്വീകരണ പര്യടനം കരുനാഗപ്പള്ളി ടൗണിൽ നിന്നുമാരംഭിച്ച് മാർക്കറ്റ്, താലൂക്കാശുപത്രി ജങ്ഷൻ, ലാലാജി മുക്ക്, ചരമുറി മുക്ക് ജങ്ഷൻ, മരുതൂർകുളങ്ങര ക്ഷേത്രം, ആലുംതറ മുക്ക് വഴി ആലുംകടവിൽ സമാപിച്ചു.എൻ.ഡി.എ സ്ഥാനാർഥി വി.എസ് ജിതിൻ ദേവ് ഞായറാഴ്ച മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ, മാർക്കറ്റുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വീടുകൾ എന്നിവ സന്ദർശിച്ച് വോട്ടഭ്യർഥിച്ചു.
ചവറ: അവസാന ലാപ്പിൽ പ്രചാരണം കൊഴുപ്പിച്ച് ചവറ നിയോജക മണ്ഡലം സ്ഥാനാർഥികൾ. യു.ഡി.എഫ് സ്ഥാനാർഥി ഷിബു ബേബി ജോണിന് നീണ്ടകര കരിത്തുറയിൽ നൽകിയ സ്വീകരണ യോഗം അഡ്വ. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ. ജി. സേതുനാഥൻ പിള്ള, അഡ്വ. സി.പി സുധീഷ് കുമാർ, മേച്ചേരി ഗിരീഷ്, അഡ്വ. ജസ്റ്റിൻ ജോൺ, പുഷ്പരാജൻ, വിജയകുമാർ, കാരയിൽ അശോകൻ, ചവറ ജയകുമാർ, ചവറ ഗോപകുമാർ, ശിവലാൽ, ജയലക്ഷ്മി, സുഭഗൻ എന്നിവർ സംസാരിച്ചു. ഉച്ചക്ക് ശേഷം ശക്തികുളങ്ങര ക്ഷേത്ര മൈതാനിയിൽനിന്ന് ആരംഭിച്ച ശക്തികുളങ്ങര നോർത്തിലെ പര്യടനം യു.ഡി.എഫ് ജില്ല ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. രാത്രി പത്തോടെ കാവനാട് സമാപിച്ചു.
എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. സുജിത് വിജയന്‍പിള്ളയുടെ ചവറ ഈസ്റ്റ് മേഖലയിലെ സ്വീകരണം മുകുന്ദപുരം മാടന്നടയില്നിന്ന് ആരംഭിച്ചു. ഘണ്ടാകര്ണന്കാവ്, പേക്കാത്തറ, ക്രസന്റ് ജങ്ഷന്, ഇലഞ്ഞിക്കുളം, കോട്ടയ്ക്കകം ഉന്നതി, കുളത്തൂര്മുക്ക്, വൈങ്ങേലിമുക്ക്, പുതിയകാവ്, പഴഞ്ഞിക്കാവ്, ടി.വി.ടി ജങ്ഷന് എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം ഉച്ചക്ക് വട്ടയ്യത്ത് ജങ്ഷനില്‍ സമാപിച്ചു.
ചവറ വെസ്റ്റ് മേഖലയിലെ സ്വീകരണം വൈകിട്ട് കോവില്ത്തോട്ടത്തുനിന്ന് ആരംഭിച്ചു. കാവുനട, തട്ടാശ്ശേരി, പുത്തന്‍കോവില്‍, വയലില്‍കടവ്, കരിത്തുറ, ചവറ ബസ് സ്റ്റാൻഡ്, തണ്ടളത്ത്മുക്ക്, കൃഷ്ണന്‍നട, മുക്കുത്തോട്, പടന്ന, മണ്ടോടിമുക്ക്, കല്ലേകുളം, നാഗരുനട, കൊച്ചുവീട്ടില്‍ ഉന്നതി, ഒടുക്കത്തുമുക്ക്, സൊസൈറ്റിമുക്ക്, ചിറക്കരകാവ് എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം രാത്രിയില്‍ കൊട്ടുകാട്ടില്‍ സമാപിച്ചു. എൻ.ഡി.എ സ്ഥാനാർഥി കെ.ആർ രാജേഷിന് ഞായറാഴ്ച പന്മന സൗത്ത്, നോർത്ത് മേഖലകളിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.