അജയൻപിള്ള
അഞ്ചൽ: പാതയോരത്ത് ഒതുക്കിയിട്ടിരുന്ന ലോറിയിൽ ഉറങ്ങുകയായിരുന്ന ഡ്രൈവർ കേരളപുരം അരുൺ നിവാസിൽ അജയൻപിള്ളയെ (64) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രധാനിയും സൂത്രധാരനുമാണ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത ഇത്തിക്കര സ്വദേശിയായ അഖിൽ (20) എന്ന് പൊലീസ്.
നിരവധി പിടിച്ചുപറിക്കേസിലും അടിപിടിക്കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. പണവും മൊബൈൽ ഫോണും കവരുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഡ്രൈവറെ ഇവർ ആക്രമിച്ചത്. എന്നാൽ, ഡ്രൈവറുടെ ചെറുത്തുനിൽപും ബഹളവും സമീപത്തെ വീട്ടുകാർ ഉണർന്ന് ലൈറ്റുമിട്ടതോടെ സംഘം ബൈക്കുകളിൽ കയറി രക്ഷപ്പെടുകയായിരുന്നു. രണ്ട് ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘമാണ് കൃത്യം നടത്തിയത്. ലോറിയുടെ ക്യാബിനുള്ളിലുണ്ടായിരുന്ന പണവും മൊബൈൽ ഫോണും ഇവർക്ക് കൈവശപ്പെടുത്താൻ കഴിഞ്ഞില്ല.
തെളിവെടുപ്പിനിടെ ഇവ പൊലീസ് കസ്റ്റഡിയിലെടുത്തു. ആദ്യം കസ്റ്റഡിയിലായ ഇത്തിക്കര സ്വദേശി സുധിൻ (19) പൊലീസിന് നൽകിയ മൊഴിയെതുടർന്നാണ് അഖിലിനെക്കുറിച്ചും മറ്റ് സംഘാംഗങ്ങളെപ്പറ്റിയും പൊലീസിന് വിവരം ലഭിച്ചത്. സംഭവദിവസം ഇവർ ഉപയോഗിച്ചശേഷം ഇത്തിക്കര ആറ്റിൽ ഉപേക്ഷിച്ച ബൈക്ക് ചടയമംഗലം പൊലീസ് മുങ്ങിയെടുത്തു. മറ്റ് സംഘാംഗങ്ങളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചെന്നും ഇവർ ഉടൻതന്നെ അറസ്റ്റിലാകുമെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.