മിൽമ മേഖല തെരഞ്ഞെടുപ്പ്: തിരിച്ചറിയൽ കാർഡ് നൽകാത്തതിൽ കോൺഗ്രസ് പ്രതിഷേധം

കൊല്ലം: ശനിയാഴ്ച നടക്കുന്ന മിൽമ ദക്ഷിണ മേഖല തെരഞ്ഞെടുപ്പിനുള്ള തിരിച്ചറിയൽ കാർഡ് കോൺഗ്രസ് അനുകൂലികളായ നാല് സംഘം പ്രസിഡന്‍റുമാർക്ക് നൽകാത്തതിൽ പ്രതിഷേധം. പ്രായാധിക്യം കാരണം തിരുവനന്തപുരത്ത് ആസ്ഥാന ഓഫിസിൽ പോയി കാർഡ് വാങ്ങാൻ കഴിയാത്തവർക്ക് കൊല്ലം ഓഫിസിലെത്തിക്കുമെന്ന ഉറപ്പ് പാലിക്കാതിരുന്നതിനെ തുടർന്ന് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ കൊല്ലം മിൽമ ഡെയറി മാനേജരെ ഉപരോധിച്ചു.

മിൽമ എം.ഡി ടി.എസ്. ഖോഡ അവധിയിലായിരുന്ന സമയത്ത് ചുമതല വഹിച്ചിരുന്നയാളാണ് കാർഡുകൾ കൊല്ലത്ത് എത്തിക്കാമെന്ന് ഉറപ്പ് നൽകിയത്. വ്യാഴാഴ്ച കൊല്ലം ഓഫിസിൽ കാർഡുകൾ എത്തിക്കുമെന്നും അറിയിച്ചിരുന്നു. ഇതനുസരിച്ച് വ്യാഴാഴ്ച രാവിലെ ഓഫിസിലെത്തിയ സംഘം പ്രസിഡന്‍റുമാർക്ക് കാർഡ് ലഭിക്കില്ല എന്ന ഉത്തരമാണ് ലഭിച്ചത്. അവധി കഴിഞ്ഞ് തിരിച്ചെത്തിയ ടി.എസ്. ഖോഡ, ചുമതല വഹിച്ചിരുന്നയാൾ നൽകിയ ഉറപ്പ് ത‍ന്‍റെ ബാധ്യതയല്ലെന്ന് പറഞ്ഞ് കൈയൊഴിയുകയായിരുന്നു.

തുടർന്ന്, രാവിലെ മുതൽ കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ മാനേജരെ ഉപരോധിച്ചു. ഇടതനുകൂലികൾക്ക് വീടുകളിൽ കാർഡുകൾ എത്തിച്ചെന്നും തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അനുവദിക്കാതിരിക്കാനാണ് ഈ നീക്കമെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

കോൺഗ്രസ് നേതാക്കളായ ബിന്ദു കൃഷ്ണ, സൂരജ് രവി, ഗീതാകൃഷ്ണൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. തുടർന്ന്, ബിന്ദുകൃഷ്ണ മന്ത്രി ചിഞ്ചുറാണിയുമായി ഫോണിൽ സംസാരിക്കുകയും മന്ത്രി അടിയന്തരമായി കാർഡ് എത്തിച്ചുനൽകാൻ എം.ഡിക്ക് നിർദേശം നൽകിയതിന്‍റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്തുനിന്ന് വൈകീട്ട് 5.30 ആയപ്പോഴേക്കും തിരിച്ചറിയൽ കാർഡ് കൊല്ലം ഡെയറിയിലെത്തിച്ച് നൽകിയതിനെ തുടർന്നാണ് സമരക്കാർ പിരിഞ്ഞുപോയത്.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ഇത്തരം നടപടികളിലൂടെ സർക്കാർ ശ്രമിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്‍റ് പി. രാജേന്ദ്രപ്രസാദ് ആരോപിച്ചു.

Tags:    
News Summary - Milma Regional Election: Congress protests against non-issuance of identity card

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.