ഭരണഭാഷ വാരാഘോഷത്തിന്റെ ജില്ലതല ഉദ്ഘാടനം എ.ഡി.എം എസ്. സജീദ് നിര്‍വഹിക്കുന്നു.
ഭരണഭാഷ വാരാഘോഷത്തിന് തുടക്കം; ഭരണഭാഷ പൂർണമായും മലയാളമായി 90 ശതമാനം സർക്കാർ ഓഫിസുകളും
കൊല്ലം: മലയാള ഭാഷയെ പരിപോഷിപ്പിക്കുന്നതിനും ഭരണഭാഷ പൂര്‍ണമായും മലയാളമാക്കുന്നതിനും സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ വിജയിപ്പിക്കാനുള്ള പ്രാഥമിക ഉത്തരവാദിത്തം സര്‍ക്കാര്‍ ജീവനക്കാര്‍ക്കുണ്ടെന്ന് അഡീഷണല്‍ ജില്ല മജിസ്ട്രേറ്റ് എസ്. സജീദ്. 70ാമത് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സംസ്ഥാനസര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഭരണഭാഷ വാരാഘോഷത്തിന്റെ ജില്ലതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്ന 2026ലെത്തുമ്പോള്‍ 90 ശതമാനം ഓഫിസുകളുടെയും ഭരണഭാഷ പൂര്‍ണമായും മലയാളമായിക്കഴിഞ്ഞിട്ടുണ്ടെന്നും അതില്‍ അഭിമാനിക്കാമെന്നും എ.ഡി.എം പറഞ്ഞു.
വിവര പൊതുജന സമ്പര്‍ക്കവകുപ്പും ജില്ല ഭരണകേന്ദ്രവും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയില്‍ സാഹിത്യകാരന് ഡോ. മുഞ്ഞിനാട് പത്മകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ആശയവിനിമയത്തിന് ഭാഷയേ വേണ്ട, ഇമോജികള്‍ മതി എന്ന് പറയുന്ന കാലത്ത് ഭാഷ നിര്‍വീര്യമാക്കപ്പെടുകയോ ശരിയായ അർഥത്തില്‍ ഉപയോഗിക്കപ്പെടാതിരിക്കുകയോ ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വരുംതലമുറക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ പാരിതോഷികം മാതൃഭാഷയാണെന്നും അതിന് കഴിയണമെങ്കില്‍ നല്ല തെളിഞ്ഞ മലയാളത്തില്‍ ആലോചിക്കുകയും സംസാരിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
എ.ഡി.എം ജീവനക്കാര്‍ക്ക് ഭരണഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹൂസൂര്‍ ശിരസ്തദാര്‍ വി. വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ. മുഞ്ഞിനാട് പത്മകുമാറിനെ എ.ഡി.എം ആദരിച്ചു. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.എല്‍. ഷീജ, സാക്ഷരതാ മിഷന് ജില്ല കോഡിനേറ്റര്‍ ഇ.വി. അനില്‍, പി.ആര്.ഡി അസിസ്റ്റന്റ് എഡിറ്റര്‍ ടി.എ. യാസിര്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.കെ. സോന എന്നിവര്‍ പങ്കെടുത്തു.
ഭരണഭാഷ വാരാഘോഷം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി മത്സരം
കൊല്ലം: ഭരണഭാഷ വാരാഘോഷത്തിന്റെയും ഭാഗമായി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജില്ല ഭരണകൂടവുമായി ചേര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി കേട്ടെഴുത്ത്, ക്വിസ് മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നു. നവംബര്‍ അഞ്ചിന് ഉച്ചക്ക് രണ്ട് മുതല്‍ കലക്ടറേറ്റിലാണ് മത്സരം. ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേര്, പെന്‍ നമ്പര്‍, ഫോണ്‍ നമ്പര്‍, ഓഫിസ് വിലാസം എന്നിവ 0474 27949119 എന്ന ഫോണ്‍ നമ്പറിലേക്ക് വിളിച്ച് രജിസ്റ്റര്‍ ചെയ്യണം. സ്പോട് രജിസ്ട്രേഷനും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.