പ​ട്ട​ണ​ത്തി​ലെ ജി.​എ​ൽ.​പി.​എ​സി​നോ​ട് ചേ​ർ​ന്നു​ള്ള ലി​ങ്ക് റോ​ഡ് കാ​ടു​മൂ​ടി​യ നി​ല​യി​ൽ

ലിങ്ക് റോഡ് കാടുമൂടി; ഇഴജന്തുഭീതിയിൽ നാട്ടുകാർ

പുനലൂർ: നഗരസഭ കാര്യാലയത്തിന് സമീപത്തുള്ള ലിങ്ക് റോഡ് കാടുകയറി പാമ്പുകളുടെ താവളമായതോടെ യാത്രക്ക് ഭീഷണിയായി. കച്ചേരി റോഡിൽ നിന്ന് ആരംഭിച്ച് നഗരസഭ കാര്യാലയത്തിന് പിൻഭാഗത്ത് കൂടി ജി.എൽ.പി സ്കൂളിനോട് ചേർന്ന് ഭരണിക്കാവ് റോഡിൽ അവസാനിക്കുന്ന റോഡാണിത്. റോഡിലെ കാട് കാരണം ഇതിനോട് ചേർന്നുള്ള സ്കൂൾ വളപ്പിനും ഭീഷണിയാണ്.

കാൽകിലോമീറ്ററോളം ദൂരം വരുന്നതും കാൽനടക്കാർക്ക് പ്രയോജനവുമായ ഈ റോഡ് കാടുനീക്കി സഞ്ചാരയോഗ്യമാക്കാൻ നഗരസഭ തയാറാകുന്നില്ല. മഴക്കാലം മുൻനിർത്തി സ്വകാര്യ ഭൂമികളിലെ അപകടകരമായ മരങ്ങളും കാടും നീക്കിയില്ലെങ്കിൽ ഉടമകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അറിയിപ്പ് നൽകിയ നഗരസഭ അധികൃതർ തൊട്ടടുത്തുള്ള റോഡിലെ കാടുനീക്കാൻ തയാറായിട്ടില്ല. ഭരണിക്കാവ്-മൂർത്തിക്കാവ് റോഡിൽനിന്ന് ലിങ്ക് റോഡിലേക്ക് കയറുന്ന ഭാഗങ്ങളിലാണ് കാൽനട പോലും അസാധ്യമായ നിലയിൽ കാടുപടർന്നുകിടക്കുന്നത്. കൂടാതെ ഇവിടെ കുറെ ഭാഗം ലഹരി ഉപഭോക്താക്കളുടെ സ്ഥിരം താവളമായതിനാൽ നിറയെ മദ്യക്കുപ്പികളും മറ്റ് അവശിഷ്ടങ്ങളും കിടന്ന് ദുർഗന്ധം വമിക്കുന്നു.

കച്ചേരി റോഡിൽനിന്നും ലിങ്ക് റോഡ് അവസാനിക്കുന്നതിന് തൊട്ടുമുമ്പ് വരെ വാഹനങ്ങൾ വരും. ബാക്കി ഭാഗം പടിക്കെട്ടാണ്. ഭരണിക്കാവ് റോഡിൽ നിന്നും വന്നുപോകുന്ന കാൽനടക്കാർക്ക് മെയിൻ റോഡിലെ തിരക്കിൽ നിന്നൊഴിഞ്ഞ് കച്ചേരി റോഡിൽ എത്താൻ വളരെ സഹായമാണ് ലിങ്ക് റോഡ്. ഇതിൽ സബ് രജിസ്ട്രാർ ഓഫിസിന് സമീപംവരെ ഗതാഗതയോഗ്യമാണ്. ശേഷിക്കുന്ന ഭാഗമാണ് അപകടാവസ്ഥയിലുള്ളത്.

Tags:    
News Summary - Link road covered in forest; locals fear reptiles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.