കൊല്ലം: റെയിൽവേ സ്റ്റേഷൻ നവീകരണം വീണ്ടും നീളാൻ സാധ്യത. നിർമാണ പുരോഗതി വിലയിരുത്താൻ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ് ശനിയാഴ്‌ച രാവിലെ കൊല്ലത്തെത്തി. പ്ലാനിൽ വീണ്ടും മാറ്റങ്ങൾ നിർദേശിച്ചതോടെ പ്രവർത്തനങ്ങൾ നീളുമെന്നാണ് വിലയിരുത്തൽ. ഈ വർഷം അവസാനം പൂർത്തിയാകുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. ഏകദേശം 361.17 കോടി ചെലവിൽ നടപ്പാക്കുന്ന പദ്ധതിയുടെ നിർമാണം 2027ൽ പൂർത്തിയാക്കാനായിരുന്നു പിന്നീട് ലക്ഷ്യമിട്ടത്. തുടർച്ചയായി രൂപരേഖയിൽ മാറ്റം വരുത്തേണ്ടിവരുന്നതോടെ നിർമാണം വീണ്ടും വൈകാനാണ് സാധ്യത.
ശനിയാഴ്ച രാവിലെ ഒമ്പതിന് കൊല്ലം-തിരുപ്പതി ട്രെയിനിനൊപ്പം ഘടിപ്പിച്ച പ്രത്യേക കോച്ചിൽ സ്റ്റേഷനിലെത്തിയ ദക്ഷിണമേഖല റെയിൽവേ ജനറൽ മാനേജർ നിർമാണപുരോഗതി നേരിട്ട് വിലയിരുത്തി. എൻജിനിയറിങ് വിഭാഗം ഉദ്യോഗസ്ഥരുമായി അവലോകനയോഗം നടത്തി. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിച്ച പദ്ധതിയുടെ വിശദമായ രൂപരേഖ പരിശോധിച്ച ശേഷം ഒന്നാം ടെർമിനലിൽനിന്നുള്ള നിലവിലെ ഫുട് ഓവർബ്രിഡ്ജ് നിലനിർത്തണമെന്ന നിർദേശം ജനറൽ മാനേജർ നൽകിയതായാണ് വിവരം.
പുതിയ നിർദേശപ്രകാരം രൂപരേഖ വീണ്ടും തയാറാക്കി സാങ്കേതിക അനുമതി ഉൾപ്പെടെ നടപടികൾ പൂർത്തിയാക്കേണ്ടിവരും. ഇതുമൂലം പദ്ധതിക്ക് മാസങ്ങളുടെ കാലതാമസം നേരിടാൻ സാധ്യതയുണ്ടെന്നാണ് എൻജിനിയറിങ് വിഭാഗത്തിന്റെ വിലയിരുത്തൽ. പ്രധാന നിർമാണ പ്രവർത്തിയായ എയര്‍ കോണ്‍കോഴ്സ് ആണ് ഇപ്പോൾ പുരോഗമിക്കുന്നത്. 135 മീറ്റര്‍ നീളത്തില്‍ 36 മീറ്റര്‍ വീതിയില്‍ രണ്ട് ടെര്‍മിനലുകളെയും ബന്ധിപ്പിച്ചാണ് എയര്‍ കോണ്‍കോഴ്സ് (ആധുനിക മേൽപാലം) നിർമിക്കുന്നത്. 4417 ച. മീറ്ററാണ് വിസ്തീര്‍ണം. ഇതില്‍ യാത്രക്കാരുടെ സഞ്ചാരപാതയും വിപുലമായ വാണിജ്യസമുച്ചയവും ഉണ്ടാകും. 12 മീറ്റര്‍ വീതിയില്‍ അഞ്ച് പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിച്ചാണ് ഫുട്‌ഓവര്‍ ബ്രിഡ്ജ് നിര്‍മിക്കേണ്ടത്. സര്‍ക്കുലേറ്റിങ് ഏരിയ, ലാൻഡ് സ്‌കേപ്പിങ് തുടങ്ങിയ പ്രവൃത്തികളും നടപ്പാക്കണം. വിശ്രമത്തിനുള്ള ഇരിപ്പിടങ്ങൾ, ഭക്ഷണശാല, എ.ടി.എം കൗണ്ടർ, വാണിജ്യസ്ഥാപനങ്ങൾ എന്നിവ കോൺകോഴ്സിൽ സജ്ജമാക്കും.
മേൽപാലം നിർമാണം; ഗതാഗത നിയന്ത്രണം വരും
കൊല്ലം റെയിൽവേ സ്റ്റേഷനിൽ എയർ കോൺകോഴ്സിന്‍റെ നിർമാണ ഭാഗമായി ബീമുകൾ സ്ഥാപിക്കുന്ന പ്രവർത്തികൾ ആരംഭിക്കുന്നതോടെ ഇരുവശത്തേക്കുമുള്ള ട്രെയിൻ ഗതാഗതം ആറു മണിക്കൂറെങ്കിലും തടസ്സപെടാൻ സാധ്യത. ബീം നിർമാണത്തിനുള്ള ഹെവി ഡ്യൂട്ടി ക്രെയിൻ സർവീസ് രണ്ടെണ്ണം സ്റ്റേഷനിലെത്തിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞു. ഗതാഗത നിയന്ത്രണത്തിനുള്ള അനുമതി കിട്ടിയാലുടൻ ക്രെയിൻ ഉപയോഗിച്ച് ഭാരമേറിയ ബീമുകൾ ട്രാക്കുകൾക്ക് മുകളിലൂടെ ഉയർത്തി ഇപ്പോൾ പൂർത്തിയായി കിടക്കുന്ന തൂണുകൾക്ക് മുകളിൽ സ്ഥാപിക്കും. അതിനായി ട്രാഫിക്ക് ബ്ലോക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ എൻജിനീയറിങ് വിഭാഗം നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിൽ കൂടിയാണ് ജനറൽ മാനേജർ സ്റ്റേഷൻ സന്ദർശിച്ചത്. ട്രാഫിക്ക് ബ്ലോക്ക് അനുവദിക്കുന്ന ദിവസം കൊല്ലം വഴി സർവീസ് നടത്തുന്ന ട്രെയിനുകളിൽ ചിലത് ഭാഗികമായി റദ്ദാക്കുകയോ സമയക്രമത്തിൽ മാറ്റം വരുത്തുകയോ ചെയ്യും.
ഇഴയുന്ന നിർമാണം; ദുരിതം പേറി ജനം
നിർമാണത്തിന്റെ പേരിൽ ഒന്നരവർഷത്തിലേറെയായി യാത്രക്കാർ അനുഭവിക്കുന്നത് വലിയ ദുരിതമാണ്. നിന്നുതിരിയാൻ ഇടമില്ലാത്ത നിലയിലാണ് പ്ലാറ്റ് ഫോമുകൾ. ഇരിപ്പിടമില്ല. മേൽക്കൂരയില്ലാത്ത പ്ലാറ്റ് ഫോമുകൾ കാരണം മഴയും വെയിലുമേറ്റാണ് ജനം ട്രെയിനിൽ കയറുന്നത്. ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം ഒന്നായി വെട്ടിച്ചുരുക്കിയതും സ്റ്റേഷനിലേക്ക് വന്നുപോകാനുള്ള വഴികൾ അടച്ചുപൂട്ടിയതുമൊക്കെ ജനത്തെ വലക്കുകയാണ്. സുരക്ഷക്ക് വേണ്ടത്ര പരിഗണന നൽകാതെയാണ് നിർമാണം. കഴിഞ്ഞവർഷം ജൂലൈ 11ന് നിർമാണത്തിനിടെ കെട്ടിടത്തിന്റെ മുകളിൽനിന്ന് കമ്പിവീണ് പ്ലാറ്റ്‌ഫോമിൽനിന്ന യാത്രക്കാർക്ക് പരിക്കേറ്റിരുന്നു.
അഞ്ച് പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിച്ച് എയര്‍ കോണ്‍കോഴ്സ് നിർമിക്കുന്നിടത്ത് എല്ലായിടത്തും മറവില്ല. പ്ലാറ്റ് ഫോമുകളിലെ കുഴികളും പൊട്ടിപ്പൊളിഞ്ഞ ടൈൽസും യാത്രക്കാർക്ക് ഭീഷണിയാണ്. മഴവെള്ളം കെട്ടിക്കിടക്കുന്നതുമൂലം പ്ലാറ്റ്‌ഫോമുകളിൽ അപകടം പതിവാണ്. നിർമാണത്തിന്റെ ഭാഗമായി പ്ലാറ്റ്‌ഫോമുകളുടെ ഏറിയസ്ഥലവും കെട്ടിമറച്ചിരിക്കുന്നതും തിരക്കുസമയങ്ങളിൽ അപകടത്തിന് കാരണമാകുന്നു. ട്രെയിൻ വരുമ്പോൾ പരിമിതമായ സ്ഥലത്ത് തിക്കും തിരക്കും ഉണ്ടാകുകയും യാത്രക്കാർ ട്രാക്കിലേക്ക് വീഴാനും സാധ്യതയുണ്ട്. ട്രെയിനും യാത്രക്കാർ നിൽക്കുന്ന സ്ഥലവും തമ്മിലുള്ള അകലവും തീരെക്കുറവാണ്.
ടിക്കറ്റ് കൗണ്ടറിന്റെ എണ്ണം വെട്ടിച്ചുരുക്കിയതും തിരിച്ചടിയായി. നിലവിൽ താൽക്കാലിക ടിക്കറ്റ് കൗണ്ടറും വഴിയും രണ്ടുദിശയിലാണ്. സ്വകാര്യ ടിക്കറ്റ് കൗണ്ടറായ എ.ടി.വി മെഷീനുകൾ പ്രവർത്തിക്കുന്നതും താൽക്കാലിക ടിക്കറ്റ് കൗണ്ടറിലാണ്. ടിക്കറ്റെടുത്ത് യാത്രക്കാർ ഒന്ന് എ, മൂന്ന്, നാല്, അഞ്ച് പ്ലാറ്റ് ഫോമുകളിലേക്ക് പോകാൻ ചുറ്റിക്കറങ്ങണം. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്‌ത യാത്രക്കാർക്ക് കോച്ച് പൊസിഷനും ട്രെയിൻ എത്തുന്ന പ്ലാറ്റ്‌ഫോമും ഏതെന്ന് വ്യക്തമാക്കുന്ന ബോർഡുകളും പേരിനുമാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.