ശെന്തുരുണിയിൽ പുലിയിറങ്ങിയതായി അഭ്യൂഹം; കാവലിരുന്നെങ്കിലും കണ്ടെത്താനായില്ല
കുളത്തൂപ്പുഴ: ശെന്തുരുണി വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള ആദിവാസി കോളനിയിലെ കൃഷിയിടത്തില്‍ വളര്‍ത്തുനായെ കാട്ടുമൃഗം ഭക്ഷണമാക്കി. പുലിയാണെന്ന് സംശയമുയര്‍ന്നതോടെ പ്രദേശവാസികള്‍ ഭീതിയില്‍. വില്ലുമല ആദിവാസി കോളനിയിൽപെട്ട പേരാന്‍കോവില്‍ വയലിറക്കത്ത് വീട്ടില്‍ രഞ്ചുവിെൻറ പുരയിടത്തില്‍ രാത്രി കാവലിനായി കെട്ടിയിരുന്ന വളര്‍ത്തുനായെയാണ് കഴിഞ്ഞദിവസം കാട്ടുമൃഗം ഭക്ഷണമാക്കിയത്. റബര്‍ തൈകള്‍ തിന്നുന്നതിനെത്തുന്ന കേഴമാനുകളെ തുരത്താനായാണ് വളര്‍ത്തുനായെ കാവല്മാടത്തില് കെട്ടിയത്.
തല നഷ്ടപ്പെട്ട നിലയിലായിരുന്നു നായ. ഉടൽ സമീപത്തുനിന്ന് കണ്ടെത്തി. പുലി പിടിച്ചതായിരിക്കുമെന്ന് ചിലര്‍ പറഞ്ഞതോടെ പ്രദേശത്ത് പുലിയിറങ്ങിയതായും വളര്‍ത്തുമൃഗങ്ങളെ പിടിച്ചതായുമുള്ള അഭ്യൂഹം പടരുകയായിരുന്നു.
എന്നാല്‍, വനം വകുപ്പ് ഉദ്യോഗസ്ഥരും മറ്റും സ്ഥലത്തെത്തി നടത്തിയ തെരച്ചിലില്‍ പുലിയെന്ന് സ്ഥിരീകരിക്കാവുന്ന തെളിവുകളൊന്നും കണ്ടെത്തിയില്ല. മീറ്ററുകള്‍ മാത്രമകലെയുള്ള ശെന്തുരുണി വന്യജീവി സങ്കേതത്തില്‍ നിന്നെത്തിയ ഏതോ ജീവിയാകാം എന്ന് കരുതുന്നു. പുലിയാണെങ്കില്‍ വീണ്ടുമെത്തുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ രാത്രിയില്‍ വനം വകുപ്പ് ജീവനക്കാരും നാട്ടുകാരും പ്രദേശത്ത് കാവലിരുന്നെങ്കിലും കണ്ടെത്താനോ സാന്നിധ്യമറിയാനോ കഴിഞ്ഞിട്ടില്ല.
പുലിയിറങ്ങിയതായുള്ള ഭീതിയില്‍ കൊച്ചുകുട്ടികളെ വീടിന് പുറത്തിറക്കാന്‍ പ്രദേശവാസികള്‍ ഭയക്കുകയാണ്. നാട്ടുകാരുടെ ഭീതിയകറ്റുന്നതിനും സുരക്ഷ ഒരുക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കല്ലുവരമ്പ് സെക്ഷന്‍ ഫോറസ്റ്റര്‍ സജീവ് ഉറപ്പുനല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.