കുണ്ടറ പൊലീസിന് നിരവധി വീഴ്ചകൾ; പരാതികളില്‍ അന്വേഷണവും നടപടിയുമില്ല

കുണ്ടറ: പൊലീസ് മര്‍ദനത്തെതുടര്‍ന്ന് കുണ്ടറ സ്വദേശി മരിച്ചെന്ന് പരാതിയുയർന്ന സംഭവത്തിൽ കുണ്ടറ പൊലീസിന്റെ നടപടികൾ വിവാദത്തിൽ. 15 വയസ്സുകാരിയുടെ പരാതിയില്‍ പാതിരാത്രി സിയാദിനെ കസ്റ്റഡിയിലെടുത്തതുള്‍പ്പെടെയാണ് വിവാദമാകുന്നത്. ഓട്ടോയില്‍ രാത്രി 12ഓടെ തനിച്ച് സ്റ്റേഷനിലെത്തിയാണ് 15 വയസ്സുകാരി തന്റെ സഹോദരന്റെ തിരോധാനത്തെ കുറിച്ച് എസ്.ഐ അതുലിനോട് പരാതിപ്പെട്ടത്. വനിത പൊലീസിന്റെ പോലും സാന്നിധ്യമില്ലാതെ പരാതിക്കാരിയെ സിയാദിന്റെ വീട് കണ്ടെത്താനായി ജീപ്പില്‍ കയറ്റിക്കൊണ്ട് പോയത് ഉള്‍പ്പെടെ വലിയ വീഴ്ചകളാണുണ്ടായത്.

പരാതിക്കാരിയുടെ സംശയത്തിന്റെപുറത്താണ് പാതിരാത്രിയില്‍ വീട്ടില്‍ കിടന്നുറങ്ങിയ സിയാദിനെ കസ്റ്റഡിയിലെടുത്തത്. സിയാദിനെ ജീപ്പിലിട്ട് മര്‍ദിച്ചുവെന്ന് സിയാദിന്റെ മകള്‍ പറഞ്ഞിട്ടും എസ്.എച്ച്.ഒ ഉള്‍പ്പെടെയുള്ളവര്‍ കാര്യമായി എടുക്കുകയോ അന്വേഷിക്കുകയോ ചെയ്തില്ല എന്നും ആക്ഷേപമുയരുന്നു. അടുത്തകാലത്തായി കുണ്ടറ സ്റ്റേഷനിൽ നല്‍കുന്ന പരാതികളില്‍ പലതിലും അന്വേഷണമോ എഫ്.ഐ.ആറോ ഇടാറില്ലെന്ന പരാതിയുണ്ട്. ഹൈകോടതി ഉത്തരവ് നിലനില്‍ക്കുമ്പോള്‍ പൊതുഇടങ്ങളില്‍ സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ പഞ്ചായത്തിലും പൊലീസിലും പരാതി നല്‍കിയവർക്കെതിരെ വധഭീഷണി മുഴക്കിയെന്ന് പരാതിയുയർന്നിരന്നു.

ഭീഷണി ഉയര്‍ത്തിയവര്‍ക്കെതിരെ എസ്.പിയുടെ നിർദേശ പ്രകാരം കുണ്ടറ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും തുടര്‍നടപടി എടുത്തില്ല. പ്രദേശത്ത് പള്ളികളില്‍ ഉള്‍പ്പെടെ മോഷണം വ്യാപകമായിട്ടും ഒരു കേസിലും പ്രതികളെ കണ്ടെത്തിയില്ല. എസ്.ഐ അതുലിനെതിരെ നേരത്തെഇത്തരം പരാതികള്‍ ഉയര്‍ന്നിരുന്നെങ്കിലും മേലുദ്യോഗസ്ഥര്‍ അത് കാര്യമായി കൈകാര്യം ചെയ്തില്ല. പരാതിയുമായെത്തുന്നവര്‍ക്ക് നീതി ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നാണ് ആക്ഷേപം.

Tags:    
News Summary - കുണ്ടറ പൊലീസിന് നിരവധി വീഴ്ചകൾ; പരാതികളില്‍ അന്വേഷണവും നടപടിയുമില്ല

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.