കെപ്കോ ചിക്കൻ ഓൺലൈൻ വിതരണ സംരംഭത്തിന്‍റെ കരാർ ചെയർമാൻ പി.കെ. മൂർത്തി സ്വിഗ്ഗി പ്രതിനിധിക്ക്​ കൈമാറുന്നു. മന്ത്രി ജെ. ചിഞ്ചുറാണി, മാനേജിങ്​ ഡയറക്ടർ ഡോ. പി. സെൽവകുമാർ, മാർക്കറ്റിങ്​ മാനേജർ വി. സുകുമാരൻ നായർ എന്നിവർ സമീപം

കെപ്കോ ചിക്കൻ ഇനി ഓൺലൈനിലൂടെയും

കൊല്ലം: സംസ്ഥാന പൗൾട്രി വികസന കോർപറേഷൻ സംരംഭമായ കെപ്കോയുടെ ചിക്കൻ ഇനി ഓൺലൈനിലൂടെയും വാങ്ങാം. തെരഞ്ഞെടുത്ത ചിക്കൻ ഉൽപന്നങ്ങൾ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ടുള്ള സംരംഭത്തിനായി ഓൺലൈൻ ഭക്ഷ്യോൽപന്ന വിതരണ മേഖലയിൽ പ്രമുഖരായ സ്വിഗ്ഗിയുമായി കെപ്കോ കരാറൊപ്പിട്ടു.

കൊല്ലം പ്രസ് ക്ലബിൽ മന്ത്രി ജെ. ചിഞ്ചുറാണിയുടെ സാന്നിധ്യത്തിലാണ് സ്വിഗ്ഗി പ്രതിനിധിയുമായി കെപ്കോ എം.ഡി ഡോ. പി. സെൽവകുമാർ കരാറൊപ്പിട്ടത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലാണ് കോർപറേഷന്‍റെ വിൽപനകേന്ദ്രം ഉൾപ്പെടെ തെരഞ്ഞെടുക്കപ്പെട്ട ഏജൻസികളിൽനിന്ന് ഹോം ഡെലിവറി സൗകര്യം ഒരുക്കുന്നത്. തിരുവനന്തപുരത്തെ കെപ്കോ റസ്റ്റോറന്‍റിലെ ഭക്ഷണവിഭവങ്ങളും ഈ രീതിയിൽ ഉടൻ വിതരണം തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു. കൊല്ലം ഉൾപ്പെടെ മറ്റ് ജില്ലകളിലേക്ക് ഓൺലൈൻ ചിക്കൻ വിതരണം ക്രമേണ വ്യാപിപ്പിക്കും.

ബോർഡുകൾ പരിഷ്കരിച്ച് ഇനിമുതൽ 'കെപ്കോ കേരള ചിക്കൻ' എന്ന ബ്രാൻഡ് ആയി അവതരിപ്പിക്കും. തിരുവനന്തപുരം നഗരത്തിൽ വികാസ്ഭവൻ, വഴുതക്കാട്, സെക്രട്ടേറിയറ്റ് പരിസരം എന്നിവിടങ്ങളിൽകൂടി കെപ്കോയുടെ സഞ്ചരിക്കുന്ന വിൽപനശാല ഇനിമുതൽ എത്തും.

തിരുവനന്തപുരം പേരൂർക്കട-നെടുമങ്ങാട് റോഡിൽ വഴയിലയിൽ പുതിയ വിൽപനകേന്ദ്രം ആരംഭിക്കും. കൊല്ലം കോട്ടുക്കലിൽ ആധുനിക മീറ്റ് പ്രോസസിങ് പ്ലാന്‍റ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. കെപ്കോ ചെയർമാൻ പി.കെ. മൂർത്തി, മാർക്കറ്റിങ് മാനേജർ വി. സുകുമാരൻ നായർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - kepco chicken now in online

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.