കരുതൽ തടങ്കലിലായവർ
കൊല്ലം: സ്ഥിരം കുറ്റവാളികളായ രണ്ടു പേരെ കാപ്പ നിയമപ്രകാരം ആറ് മാസത്തേക്ക് കരുതൽ തടങ്കലിലാക്കി. ഇവർക്കെതിരെ മുമ്പ് നിരവധി തവണ നിയമനടപടികൾ സ്വീകരിച്ചിട്ടും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തുടർന്ന സാഹചര്യത്തിലാണ് ഇവർക്കെതിരെ കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്. കൊല്ലം കണ്ണനല്ലൂർ ഷർമി മൻസിലിൽ ഷഹാർ (27), കൊല്ലം മുഖത്തല കടയിൽ വീട്ടിൽ അജ്മൽ (35) എന്നിവരെയാണ് കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കിയത്. കൊല്ലം സിറ്റി പൊലീസ് കമീഷണർ എം. ഹേമലത സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടർ ആനി ജൂലാ തോമസ് ആണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്.
2021 മുതൽ ഇതുവരെ കണ്ണനല്ലൂർ, കൊട്ടിയം, കുണ്ടറ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത ഏഴോളം കേസുകളിൽ പ്രതിയാണ് ഷഹാർ. അജ്മലിനെതിരെ 2023 മുതൽ ഇതുവരെയായി കൊട്ടിയം, കണ്ണനല്ലൂർ സ്റ്റേഷനുകളിലായി അഞ്ചോളം ക്രിമിനൽ കേസുകളുണ്ട്. വ്യക്തികൾക്ക് നേരെയുള്ള അതിക്രമം, കൊലപാതക ശ്രമം, കൂട്ടായ ആക്രമണം, ആയുധം കൊണ്ടുള്ള ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ എന്നിങ്ങനെ കുറ്റകൃത്യങ്ങളിലാണ് കേസുകൾ. ഏപ്രിലിൽ കണ്ണനല്ലൂരിൽ തട്ടുകട തല്ലിത്തകർക്കുകയും ഉടമ സെൽവനെയും കുരീപ്പള്ളി സ്വദേശി ബിനു, മുഖത്തല സ്വദേശി ഷാൻ എന്നിവരെയും മർദിക്കുകയും ചെയ്ത കേസോടെയാണ് ഇവർക്കെതിരെ കാപ്പ നിയമപ്രകാരം നടപടി സ്വീകരിച്ചത്. കണ്ണനല്ലൂർ ഇൻസ്പെക്ടർ ബസന്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ആശ വി. രേഖ, റെനോക്സ്, എ.എസ്.ഐ പ്രജേഷ്, എസ്.സി.പി.ഒമാരായ മനാഫ്, നജുമുദ്ദീൻ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഷഹാറിനെ അറസ്റ്റ് ചെയ്തത്. കൊട്ടിയം സ്റ്റേഷൻ ചാർജ് വഹിക്കുന്ന കൺട്രോൾ റൂം ഇൻസ്പെക്ടർ നിയാസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ആഷ്നി, സൗരവ്, സി.പി.ഒമാരായ ചന്ദു, ശ്രീക്കുട്ടൻ, വിനോദ് എന്നിവരടങ്ങിയ സംഘമാണ് അജ്മലിനെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.