കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയുടെ ഉൾനാടൻ മേഖലകളിൽ ചെറുകിട മോഷണങ്ങളും, മോഷണശ്രമങ്ങളും വ്യാപകമാകുന്നു. കുലശേഖരപുരം, തഴവ, പാവുമ്പ തൊടിയൂർ, കരുനാഗപ്പള്ളി, തുടങ്ങിയ സ്ഥലങ്ങളിലെ ആളൊഴിഞ്ഞ വീടുകൾ, ആൾപ്പാർപ്പില്ലാത്ത പുരയിടങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് കൂടുതൽ മോഷണങ്ങളും നടക്കുന്നത്.
പ്രഭാതസഞ്ചാരത്തിന് എന്ന വ്യാജേന ഗ്രാമപ്രദേശങ്ങളിൽ കാൽനടയായി എത്തുന്ന ഇത്തരം മോഷ്ടാക്കളെ പ്രാദേശികമായി കങ്കാരുകൾ എന്നാണ് വിശേഷിപ്പിക്കുന്നത്. മോഷണ സാധനങ്ങൾ വീട്ടിൽ എത്തിക്കുന്നതിനായി സഞ്ചി കരുതിയാണ് ഇവർ നടത്തത്തിന് ഇറങ്ങുന്നത്.
കുട്ടികളുടെ സൈക്കിളുകൾ, ചെമ്പ്, ഓട്, പിത്തള പാത്രങ്ങൾ, നിലവിളക്കുകൾ, കിണ്ടി, മൊന്ത, വിവിധതരം കാർഷിക വിളകൾ എന്നിവയാണ് വ്യാപകമായി മോഷ്ടിക്കപ്പെടുന്നത്.
പുലർച്ച നാലു മുതൽ ആറു വരെയുള്ള സമയത്താണ് കൂടുതലും മോഷണങ്ങൾ നടക്കുന്നത്. കുട്ടികളുടെ സൈക്കിളുകൾ, പാത്രങ്ങൾ എന്നിവ മോഷണം പോകുന്നത് ഇവിടെ നിത്യസംഭവമാണ്. ശരാശരി 5000 രൂപയിൽ താഴെ വിലയുള്ള സാധനങ്ങൾ മാത്രമാണ് മോഷണങ്ങൾ പോകുന്നത് എന്നതുകൊണ്ട് ഭൂരിഭാഗം പേരും പൊലീസിൽ പരാതിപ്പെടാറില്ല.
കൃത്യമായ ആസൂത്രണത്തോടെ മോഷണം നടത്തുന്ന ഇവർ അനുകൂല സാഹചര്യങ്ങൾ ലഭിച്ചാൽ വൻകിട മോഷണങ്ങൾക്കും തയാറാകുമെന്ന ആശങ്ക വ്യാപകമാണ്.
കങ്കാരു എന്ന് വിളിപ്പേരുള്ള ചെറുകിട മോഷണസംഘങ്ങളിൽ പുരുഷന്മാരെ കൂടാതെ, സ്ത്രീകളും സജീവമാണ്. കൂടുതൽ പ്രകാശം ലഭിക്കുന്ന തരത്തിലുള്ള ടോർച്ച്, പ്ലാസ്റ്റിക് സഞ്ചി എന്നിവയുമായാണ് ഇവർ മോഷണത്തിന് ഇറങ്ങുന്നത്.
തഴവ, മണപ്പള്ളി, വവ്വാക്കാവ്, റെയിൽവേ ജങ്ഷൻ, തഴവ കുറ്റിപ്പുറം, വെളുത്തമണൽ, പാവുമ്പ, മുല്ലശ്ശേരി ജങ്ഷൻ എന്നിവിടങ്ങളിൽ കങ്കാരു വിഭാഗത്തിൽപ്പെട്ട മോഷ്ടാക്കൾ സജീവമാണെന്ന പരാതിയുണ്ട്. പ്രഭാതസഞ്ചാരത്തിന്റെ മറവിൽ വർധിച്ചുവരുന്ന മോഷണങ്ങളും മോഷണശ്രമങ്ങളും നിയന്ത്രിക്കാൻ അടിയന്തര നടപടികൾ വേണമെന്ന് ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.