‘ലഹരിമുക്ത കൊല്ലം’ ജനകീയ കാമ്പയിൻ ഇന്ന് തുടങ്ങും
കൊല്ലം: യുവജനങ്ങളെ ലഹരിയുടെ പിടിയില്‍നിന്ന് സംരക്ഷിക്കുന്നതിനും ലഹരിവിരുദ്ധ ബോധവത്കരണവും പ്രതിരോധപ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തുന്നതിനും ജില്ല പഞ്ചായത്ത് ആവിഷ്കരിച്ച ‘ലഹരിമുക്ത കൊല്ലം’ ജനകീയ കാമ്പയിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും. രാവിലെ 11ന് ജില്ല പഞ്ചായത്ത് ജയന് മെമോറിയല്‍ ഹാളില്‍ മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കും. സ്കൂള്‍തല ലഹരിമുക്ത കാമ്പയിന്റെ ഉദ്ഘാടനം മന്ത്രി ബിന്ദു കൃഷ്ണ നിര്‍വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആര്. ലതാദേവി അധ്യക്ഷത വഹിക്കും.
പരിപാടിയുടെ സംഘാടനത്തിലും പ്രചാരണത്തിലും ജില്ല പഞ്ചായത്ത് ഗുരുതരമായ വീഴ്ച വരുത്തിയതായി യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ഫൈസൽ കുളപ്പാടം ആരോപിച്ചു. പരിപാടി സംബന്ധിച്ച് നേരത്തെ ജില്ല പഞ്ചായത്ത് ജനറൽ കമ്മിറ്റി യോഗത്തിൽ തീരുമാനം എടുത്തിരുന്നു. തുടർ പ്രവർത്തനങ്ങളും നടത്തുന്നതിന് നിർദേശം നൽകിയിട്ടും ആവശ്യമായ തുടർനടപടികൾ സമയബന്ധിതമായി ഉണ്ടായില്ലെന്നാണ് ആരോപണം.
പ്രചാരണ പ്രവർത്തനങ്ങളുടെ ചുമതല ഏൽപ്പിച്ചിരുന്ന കുടുംബശ്രീ അവസാന മണിക്കൂറുകളിലാണ് നടത്തിയതെന്നും സമയബന്ധിതമായി തുടർനടപടികൾ സ്വീകരിക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്നും അദേഹം പറഞ്ഞു. 27 അംഗങ്ങളുള്ള ജില്ല പഞ്ചായത്തിൽ ചുമതലകൾ കൃത്യമായി വിഭജിച്ച് നൽകാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും ആരോപിച്ചു. ആരോപണങ്ങളെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആർ. ലതാദേവി രൂക്ഷമായി വിമർശിച്ചു. സോഷ്യൽ മീഡിയ പ്രചാരണത്തിനായി ആളെ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഇതിനായി ജനറൽ കമ്മിറ്റി വിളിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് വ്യക്തമാക്കി.
സോഷ്യൽ മീഡിയ പ്രചാരണത്തിനായി ആളെ നിയോഗിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഭാഗമായി ഒരു പോസ്റ്റർ പോലും ഇതുവരെ ലഭ്യമായിട്ടില്ലെന്നും ഒരു വീഡിയോ പോലും പുറത്തിറങ്ങിയിട്ടില്ലെന്നും ജില്ല പഞ്ചായത്ത് അംഗം ആർ. അരുൺരാജ് ചൂണ്ടിക്കാട്ടി. പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ചുമതലപ്പെടുത്തിയ വ്യക്തിക്ക് ഇതുമായി ബന്ധപ്പെട്ട തുക അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു. ഇതിന് മറുപടിയായി ജില്ല പഞ്ചായത്ത് തുക നൽകേണ്ടതില്ലെന്നും ആവശ്യമെങ്കിൽ പ്രസിഡന്റ് സ്വന്തം നിലയിൽ തുക നൽകാമെന്നും ആർ. ലതാദേവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.