ഇരവിപുരവും ചടയമംഗലവും: യു.ഡി.എഫിൽ അനിശ്ചിതത്വം

കൊല്ലം: ഇരവിപുരത്തെയും ചടയമംഗലത്തെയും യു.ഡി.എഫ് സ്ഥാനാർഥി ആരെന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. ചടയമംഗലം മുസ്ലിം ലീഗിനും ഇരവിപുരം ആർ.എസ്.പിക്കുമായി നീക്കിവെച്ചുവെന്ന് യു.ഡി.എഫ് നേതൃത്വം പറയുന്നുണ്ടെങ്കിലും വെച്ചുമാറൽ സാധ്യത അടക്കം ഇപ്പോഴും ചർച്ചാവിഷയമാണ്. നിലവിൽ ഇരവിപുരത്ത് സ്ഥിരമായി മത്സരിക്കുന്ന ആർ.എസ്.പിയിൽ സ്ഥാനാർഥി നിർണയമടക്കം ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം ചേർന്ന മണ്ഡലം കമ്മറ്റിയോഗത്തിൽ വലിയ തർക്കമാണുണ്ടായത്.

28 അംഗ മണ്ഡലം കമ്മിറ്റിയിൽ കൂടുതൽ പേർ മുൻ കോർപറേഷൻ കൗൺസിലറും മണ്ഡലം സെക്രട്ടറിയുമായ എൻ. നൗഷാദിനെ സ്ഥാനാർഥിയാക്കണമെന്ന് വാദിച്ചപ്പോൾ എൻ.കെ. പ്രേമചന്ദ്രന്‍റെ മകൻ കാർത്തികിനും കോർപറേഷൻ കൗൺസിലർ എം.എസ്. ഗോപകുമാറിനും മറ്റൊരു വിഭാഗത്തിന്‍റെ പിന്തുണ ലഭിച്ചു. ഇതിനിടെ ചടയമംഗലം കിട്ടിയാൽ ഇരവിപുരം വിട്ടുകൊടുക്കാമെന്ന നിലപാടും ആർ.എസ്.പി നേതൃത്വം യു.ഡി.എഫിനെ അറിയിച്ചിട്ടുണ്ട്.

ചടയമംഗലം കിട്ടിയാൽ ഇരവിപുരം മാത്രമല്ല കണ്ണൂർ ജില്ലയിൽ തങ്ങൾ മത്സരിക്കുന്ന മട്ടന്നൂർ സീറ്റും വിട്ടുകൊടുക്കാൻ ആർ.എസ്.പി ഒരുക്കമാണ്. അതല്ലെങ്കിൽ ആറ്റിങ്ങൽ വിട്ടുകൊടുക്കാനും ആർ.എസ്.പി തയാറാണ്. ചടയമംഗലം ലഭിച്ചാൽ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം അഞ്ചിൽനിന്ന് നാലായി ചുരുക്കാൻ ആർ.എസ്.പി ഒരുങ്ങിയത് കോൺഗ്രസിലുള്ളവരും സ്വാഗതം ചെയ്തിട്ടുണ്ട്.

അങ്ങനെ വന്നാൽ അടുത്തകാലത്ത് പാർട്ടിയിൽ ചേർന്ന സി.പി.ഐ നേതാവ് മുസ്തഫയെ ചടയമംഗലത്ത് മത്സരിപ്പിക്കാനാണ് ആർ.എസ്.പിയുടെ തീരുമാനം. അതേസമയം ഇരവിപുരം ലഭിച്ചാൽ ചടയമംഗലം വേണമെന്ന തങ്ങളുടെ ആവശ്യം ഉപേക്ഷിക്കാൻ തയാറാണെന്നാണ് മുസ്ലിം ലീഗ് നിലപാട്. നിലവിൽ അവർ പുനലൂരിലാണ് മത്സരിക്കുന്നത്. പുനലൂർ വേണ്ടന്ന് നേരത്തെ തന്നെ ലീഗ് പറഞ്ഞിരുന്നു.

തെക്കൻ കേരളത്തിൽ മത്സരിച്ചില്ലങ്കിൽ പോലും പുനലൂർ ഏറ്റെടുക്കെണ്ടെന്ന നിലപാടിലാണ് ലീഗ്. ഇരവിപുരമോ ചടയമംഗലമോ ലഭിച്ചാൽ സ്ഥാനാർഥിയാകാൻ പ്രഥമ പരിഗണന ജില്ല സെക്രട്ടറി സുൽഫിക്കർ സലാമോ പ്രസിഡന്‍റ് നൗഷാദ് യൂനുസോ ആയിരിക്കും. ജില്ലക്ക് പുറത്തുനിന്നുള്ള പ്രമുഖ നേതാക്കളെയും പരിഗണിക്കുന്നുണ്ട്. എന്നാൽ കോൺഗ്രസ് മൽസരിക്കുന്ന ചടയമംഗലം വിട്ടുകൊടുക്കുന്നതിൽ പാർട്ടി പ്രാദേശിക ഘടകത്തിൽ എതിർപ്പുണ്ട്.

ഇരവിപുരത്തിന്‍റെ കാര്യത്തിൽ ലീഗിന് സീറ്റുകൊടുക്കുന്നതിൽ കോൺഗ്രസിൽ വ്യാപക പരാതിയുണ്ട്. സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്നും അതല്ലെങ്കിൽ ആർ.എസ്.പിക്ക് തന്നെ നൽകി പ്രേമചന്ദ്രന്‍റെ മകനെ മത്സരിപ്പിക്കണമെന്നാണ് യൂത്ത് കോൺഗ്രസ് നിലപാട്.

Tags:    
News Summary - Iravipuram and Chadayamangalam: Uncertainty in UDF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.