കൊല്ലം മുഖത്തല കണിയാംതോട്ടിലെ എച്ച്.പി ഗോഡൗണില്‍നിന്ന് പിടികൂടിയ ഇൻഡ്യൻ

പാചകവാതക കമ്പനിയുടെ കാലി സിലിണ്ടറുകള്‍ ജില്ല സപ്ലൈ ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കുന്നു

ഗ്യാസ് ഗോഡൗണിൽ പരിശോധന: അനധികൃത വാണിജ്യ സിലിണ്ടർ ശേഖരം പിടികൂടി

കൊട്ടിയം: കൊല്ലം-ആയൂർ സംസ്ഥാന ഹൈവേക്കരികിൽ മുഖത്തല കണിയാംതോട്ടിൽ പ്രവർത്തിച്ചുവന്നിരുന്ന വാണിജ്യ സിലിണ്ടറുകൾ വിതരണം ചെയ്യുന്ന എച്ച്.പി ഗ്യാസ് ഗോഡൗണിൽ ജില്ല സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോനയിൽ അനധികൃതമായി സൂക്ഷിച്ച വൻ സിലിണ്ടർ ശേഖരം പിടികൂടി. ഉദ്യോഗസ്ഥ സംഘം നടത്തിയ റെയ്ഡിൽ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റേതല്ലാത്ത ആയിരത്തിലധികം ഒഴിഞ്ഞ വാണിജ്യ സിലിണ്ടറുകളും ലോറിയിൽ കയറ്റിവെച്ചിരുന്ന എച്ച്.പിയുടെ ഇരുന്നൂറിലധികം നിറ സിലിണ്ടറുകളും കണ്ടെത്തി. കണിയാംതോട്ടിലുള്ള എച്ച്.എം.കെ ഗ്യാസ് ഏജൻസിയുടെ ഗോഡൗണിലാണ് ബുധനാഴ്ച ഉച്ചയോടെ ജില്ല സപ്ലൈ ഓഫിസർ കെ.ബി. സിന്ധുവിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. ചാത്തന്നൂരിൽ പ്രവർത്തിച്ചുവന്ന ഏജൻസിയുടെ പേരിലാണ് ഇവിടെ ഗോഡൗൺ പ്രവർത്തിച്ചുവന്നത്. ഇവിടെ ലോറിയിൽ സിലിണ്ടറുകൾ കൊണ്ടുവന്ന ശേഷം കടകളിൽ കൊണ്ടുപോയി കൊടുക്കുകയായിരുന്നു ചെയ്തിരുന്നത്. ഇവിടെനിന്ന് സിലിണ്ടറുകൾ വിതരണംചെയ്യുന്നത് സിവിൽ സപ്ലൈസിന്റെറ എൽ.പി.ജി ട്രാക്കർ വഴിയായിരുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. ഇവരുടേതെന്ന് പറയുന്ന ചിറക്കര പോളച്ചിറയിൽ അടഞ്ഞുകിടക്കുന്ന ഗോഡൗണിലും പരിശോധന നടന്നു.

കണിയാംതോട്ടിൽ രണ്ടായിരത്തോളം സിലിണ്ടറുകൾ ഉണ്ടായിരുന്നതായാണ് വിവരം. പൊതുമേഖല ഗ്യാസ് കമ്പനികൾക്കുപുറമേ സ്വകാര്യ ഗ്യാസ് ഏജൻസിയുടെ ഒഴിഞ്ഞ സിലിണ്ടറുകളും ഇവിടെനിന്ന് കണ്ടെത്തിയിട്ടുണ്ട്. മണിക്കൂറുകളെടുത്താണ് സിലിണ്ടറുകളുടെ കണക്കെടുപ്പ് നടത്തിയത്. വിവരമറിഞ്ഞ് ബി.പി.സി.എൽ, എച്ച്.പി.സി.എൽ, ഐ.ഒ.സി എന്നീ കമ്പനികളുടെ സെയിൽസ് ഓഫിസർമാരും സിലിണ്ടറുകൾ പിടികൂടിയ സ്ഥലത്ത് എത്തിച്ചേർന്നു.എട്ടുമാസം മുമ്പാണ് ഇവിടെ ഗ്യാസ് ഗോഡൗൺ പ്രവർത്തനം ആരംഭിച്ചത്. ഇത് ഇവിടെ പ്രവർത്തിക്കുന്നതിനാവശ്യമായ വിവിധ വകുപ്പുകളുടെ ലൈസൻസുകൾ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്. സിലിണ്ടറുകൾ കണ്ടെത്തിയതിനെക്കുറിച്ച് കലക്ടർക്ക് റിപ്പോർട്ട് നൽകുമെന്നും ഇവിടെ കണ്ടെത്തിയ സിലിണ്ടറുകൾ വിവിധ കമ്പനികളുടെ അടുത്തുള്ള ഏജൻസികളുടെ ഗോഡൗണിലേക്ക് മാറ്റുമെന്നും ജില്ല സപ്ലൈ ഓഫിസർ കെ.ബി. സിന്ധു പറഞ്ഞു. എന്നാൽ, അനധികൃതമായിട്ടല്ല പ്രവർത്തിച്ചതെന്നും കടകളിൽ നിറ ഗ്യാസ് സിലിണ്ടറുകൾ കൊടുത്ത ശേഷം ഏതു കമ്പനിയുടെ സിലിണ്ടറാണെന്ന് നോക്കാതെ ഒഴിഞ്ഞ സിലിണ്ടറുകൾ തിരികെ എടുത്തു കൊണ്ടുവന്നതാണ് ഗോഡൗണിൽ കണ്ടെത്തിയ മറ്റ് കമ്പനി സിലിണ്ടറുകളെന്നും ഏജൻസി അധികൃതർ പ്രതികരിച്ചു. ജില്ല സപ്ലൈ ഓഫിസർ കെ.ബി സിന്ധു, താലൂക്ക് സപ്ലൈ ഓഫിസർമാരായ വൈ. സാറാമ്മ, ജലീസ്, അനിൽകുമാർ, എസ് സുജ, സീനിയർ സൂപ്രണ്ട് മനു, ആർ.ഐമാരായ പ്രസാദ്, മഞ്ജു, നിത്യ,വിനോദ്, സുനൈല, ആശാചന്ദ്രൻ, ആശ, ബിജു കുമാരകുറുപ്പ്, ജിജി കുമാർ, സന്തോഷ് കുമാർ, സഞ്ജു ലോറൻസ്, രാമചന്ദ്രൻ പിള്ള, അനൂപ്, പ്രദീപ്, സാം വർഗീസ്, ആശ, അനില എന്നിവരും കൺട്രോൾ എസ്.ഐ നിസാം, കൊട്ടിയം എസ്.ഐ അശ്വിനി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും റെയ്ഡിൽ പങ്കെടുത്തു.

Tags:    
News Summary - Inspection at Gas Godown: Illegal Stock of Commercial Cylinders Seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.