അഞ്ചൽ: ആർച്ചലിൽ കഴിഞ്ഞ ശനിയാഴ്ച അർധരാത്രിയോടെ വീട്ടുമുറ്റത്തിരുന്ന ബൈക്ക് കത്തിയ നിലയിൽ കാണപ്പെട്ട സംഭവത്തിൽ രണ്ട് യുവതികൾ അറസ്റ്റിലായെങ്കിലും ദുരൂഹത ഒഴിയുന്നില്ല. ആറന്മുള പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ആർച്ചൽ പാലവിളവീട്ടിൽ വിവേകിന്റെ ബുള്ളറ്റാണ് അഗ്നിക്കിരയായത്.
ശനിയാഴ്ച വൈകീട്ടോടെ ആർച്ചലിലെ ലൈബ്രറിക്ക് സമീപം രണ്ട് യുവതികൾ നിൽക്കുന്നത് നാട്ടുകാർ കണ്ടു. പന്ത്രണ്ട് മണിയോടെയാണ് ബൈക്ക് കത്തിയത് വീട്ടുകാരറിയുന്നത്. ഈ സമയം മുറ്റത്തും വീടിന്റെ പടവുകളിലും നിറയെ കരി ഓയിൽ ഒഴിച്ചിരുന്നു. പുലർച്ച അഞ്ചരയോടെ അപരിചിതരായ രണ്ട് യുവതികൾ റോഡരികിൽ നിൽക്കുന്നത് അതുവഴി സഞ്ചരിച്ച നാട്ടുകാരും കണ്ടിരുന്നു.
എന്നാൽ വൈകീട്ടോടെ ആർച്ചലിലെത്തിയ യുവതികൾ രാത്രി പന്ത്രണ്ട് മണി വരെയും ബൈക്ക് കത്തിച്ചതിന് ശേഷവുമുള്ള സമയം എവിടെയായിരുന്നു, ആരെങ്കിലും അവരെ സഹായിച്ചിരുന്നോ, ബൈക്ക് കത്തിക്കാനാവശ്യമായ പെട്രോളും കരി ഓയിലും അവർ നേരത്തേ കൊണ്ടുവന്നിരുന്നോ, യുവതികൾക്ക് വിവേകിന്റെ വീടും പരിസരവും സ്ഥലവും നേരത്തേ പരിചയമുണ്ടായിരുന്നോ എന്നിങ്ങനെയുള്ള സംശയങ്ങളാണ് നാട്ടുകാർക്കുള്ളത്. മാത്രമല്ല വിവേകിന്റെ വീട്ടുമുറ്റത്തുനിന്ന് ലഭിച്ച കത്തിലെ ഉള്ളടക്കം മൂന്ന് വർഷം മുമ്പ് പുനലൂർ കോളജ് യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതാണ്.
അന്നത്തെ സംഭവങ്ങൾ വളരെ കൃത്യതയോടെയാണ് കത്തിൽ വിവരിക്കുന്നത്. അന്ന് വിവേക് ഉൾപ്പെടെയുള്ള പൊലീസ് സംഘത്തിന്റെ മർദനമേറ്റതിലുള്ള പ്രതികാരമെന്ന നിലയിൽ കെ.എസ്.യുക്കാരാണ് ബൈക്ക് കത്തിച്ചതെന്നാണ് കത്തിൽ. ഇക്കാര്യങ്ങൾ യുവതികൾക്കെങ്ങനെ അറിയാമെന്നും ഇതിന്റ നിജസ്ഥിതിയും കണ്ടെത്തണം.
പൊലീസ് കസ്റ്റഡിയിൽ വെച്ച് പ്രതികളിലൊരാളായ ആരതി എലിവിഷം കഴിച്ച് ആത്മഹത്യാശ്രമം നടത്തിയതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലാണ്. എലിവിഷവും നേരത്തേ ഇവർ കരുതിയിരുന്നതായാണ് നിഗമനം. പൊലീസിനോടൊപ്പം വാഹനത്തിൽ സഞ്ചരിച്ച പ്രതിയുടെ ആത്മഹത്യാശ്രമം പൊലീസിന്റെ ജാഗ്രതക്കുറവാണെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.
യുവതികൾക്ക് സ്ഥലത്തെത്തുന്നതിനും സുരക്ഷിതമായി ഒളിച്ചിരുന്ന ശേഷം ബൈക്ക് കത്തിച്ചശേഷം രക്ഷപ്പെടുന്നതിനും പ്രാദേശികമായുള്ള സഹായം ലഭിച്ചിട്ടുണ്ടെന്നും സംഭവത്തിൽ നിഷ്‌പക്ഷമായ അന്വേഷണം വേണമെന്നും ഇതിൽ സങ്കുചിതരാഷ്ട്രീയം കൂട്ടിക്കുഴക്കരുതെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.