എച്ച്.പി.വി വാക്സിനേഷൻ: കൊല്ലം സംസ്ഥാനത്ത് രണ്ടാമത്

കൊല്ലം: ഗർഭാശയഗള കാൻസർ പ്രതിരോധത്തിനായുള്ള എച്ച്.പി.വി (ഹ്യൂമൻ പാപിലോമ വൈറസ്) വാക്സിനേഷൻ കാമ്പയിൻ ജില്ലയിൽ മികച്ച നിലയിൽ മുന്നേറുന്നു. മികച്ച പ്രതികരണം വന്നതോടെ വാക്സിൻ വിതരണത്തിൽ ജില്ല സംസ്ഥാനത്ത് രണ്ടാംസ്ഥാനം സ്വന്തമാക്കി. ദേശീയ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ആരോഗ്യവകുപ്പ് നടപ്പാക്കുന്ന പദ്ധതി പ്രകാരം ജില്ലയിൽ ഇതുവരെ 11,735 പെൺകുട്ടികൾക്കാണ് വാക്സിൻ നൽകിയത്.

31നാണ് വാക്സിനേഷൻ കാമ്പയിൻ സമാപിക്കുക. പൊതുവിപണിയിൽ 4000 രൂപയോളം വിലവരുന്ന വാക്സിനാണ് കാമ്പയിനിലൂടെ സൗജന്യമായി ലഭ്യമാക്കുന്നത്. ‘ഇന്ന് ഒരു വാക്സിൻ-നാളെ ഒരു സുരക്ഷിത ജീവിതം’ എന്ന സന്ദേശവുമായി കൗമാരപ്രായക്കാരായ പെൺകുട്ടികളുടെ ഭാവി ആരോഗ്യസുരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ലോകാരോഗ്യ സംഘടനയും ദേശീയ ആരോഗ്യ ഏജൻസികളും ശിപാർശ ചെയ്തതും ശാസ്ത്രീയമായി ഫലപ്രാപ്തി തെളിയിക്കപ്പെട്ടതുമാണ് ഈ വാക്സിൻ എന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. എ.എൽ. ഷീജ പറഞ്ഞു. വാക്സിനേഷനെതിരെയുള്ള വ്യാജ പ്രചാരണങ്ങളും അടിസ്ഥാനരഹിതമായ ആശങ്കകളും പരിഹരിക്കുന്നതിന് ജില്ലയിൽ ബോധവത്കരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും അവർ വ്യക്തമാക്കി.

ആശാപ്രവർത്തകരുടെ വീടുതോറുമുള്ള സന്ദർശനം, വ്യക്തിഗത കൗൺസലിങ്, സോഷ്യൽ മീഡിയ കാമ്പയിനുകൾ, പോസ്റ്റർ പ്രചാരണം, മൈക്ക് അനൗൺസ്മെന്റുകൾ എന്നിവ ഇതിനായി വിപുലീകരിക്കും. രക്ഷിതാക്കൾ സമൂഹമാധ്യമങ്ങളിലെ തെറ്റായ വിവരങ്ങളിൽ വഞ്ചിതരാകാതെ ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക നിർദേശങ്ങൾ പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ കൂട്ടിച്ചേർത്തു. സംശയനിവാരണത്തിനായി അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളെയോ ആരോഗ്യപ്രവർത്തകരെയോ സമീപിക്കണം.

'ശേഷിക്കുന്ന ഓരോ കുട്ടിയിലേക്കും എത്തുക' എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന കാമ്പയിന് സമൂഹത്തിന്റെ പൂർണ പിന്തുണ അനിവാര്യമാണെന്നും ജില്ല മെഡിക്കൽ ഓഫിസർ പറഞ്ഞു.

Tags:    
News Summary - HPV vaccination: Kollam becomes second in the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.