ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കിടെ വീട്ടമ്മ മരിച്ച സംഭവത്തിൽ അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു. ഹൃദയാഘാതമാണ് മരണകാരണമായി പറയുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ പ്രാഥമികനിഗമനവും ഇതു തന്നെയായിരുന്നു.
ആർത്തവസമയത്ത് കൂടുതൽ രക്തം പോകുന്ന അസുഖത്തിന് ഗൈനക്കോളജിയിൽ ചികിത്സ തേടിയ കോതനല്ലൂർ ചാമക്കാല കന്നുവെട്ടിയിൽ അംബുജാക്ഷന്റെ ഭാര്യ ശാലിനി (49) കഴിഞ്ഞ 27 നാണ് മരിച്ചത്. ഗുരുതരമായ രോഗങ്ങളൊന്നും ശാലിനിക്കുണ്ടായിരുന്നില്ലെന്നും ഗർഭപാത്രത്തിന്റെ മുഖഭാഗത്ത് മരുന്ന് െവച്ചശേഷമാണ് ശാരീരിക അസ്വസ്ഥത ഉണ്ടായതെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.
ചികിത്സാപിഴവെന്ന് ആരോപിച്ച് ബന്ധുക്കൾ ആശുപത്രി സൂപ്രണ്ടിനും ഗാന്ധിനഗർ പൊലീസിലും പരാതി നൽകി. തുടർന്നാണ് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ആർ.എം.ഒ ഡോ. സാം ക്രിസ്റ്റി, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ബീനാകുമാരി, കാർഡിയോളജിയിലെ ഡോ. റഹ്മത്ത് മിസ്രിയ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകുമെന്ന് ശാലിനിയുടെ ബന്ധുക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.