അള്‍ട്രാവയലറ്റ് സൂചിക ഉയരുന്നു; ജാഗ്രത വേണം

കൊല്ലം: ജില്ലയില്‍ അന്തരീക്ഷ താപനില ഉയരുന്ന ഗുരുതര സാഹചര്യം. പകല്‍ 10 മുതല്‍ വൈകീട്ട് മൂന്ന് വരെ ഉയര്‍ന്ന അള്‍ട്രാവയലറ്റ് സാന്നിധ്യമുണ്ടാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുന്ന തരത്തിൽ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ് നൽകുകയാണ് ദുരന്ത നിവാരണ അതോറിറ്റി.

പുറംജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ ജലാശയങ്ങളിലും പോകുന്ന മത്സ്യത്തൊഴിലാളികള്‍, ജലഗതാഗതത്തിലേര്‍പ്പെടുന്നവര്‍, കെട്ടിട-റോഡ് നിര്‍മാണങ്ങളിലുള്ള തൊഴിലാളികള്‍, കര്‍ഷകര്‍, വഴിയോരകച്ചവടക്കാര്‍, തൊഴിലുറപ്പ്‌ തൊഴിലാളികള്‍, ട്രാഫിക് ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍, പോസ്റ്റ്മാന്‍മാര്‍, ലൈന്‍മാന്‍മാര്‍, ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍, ഇ-കൊമേഴ്സ് പാർസല്‍ വിതരണക്കാര്‍, കലക്ഷന്‍ ഏജന്റുമാര്‍, സെയില്‍സ്/ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവുമാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിങ്ങനെ പകൽ പുറത്ത് ജോലി നോക്കുന്നവർ ജാഗ്രത പുലർത്തണം.

ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മ-നേത്രരോഗങ്ങളുള്ളവര്‍, കാന്‍സര്‍ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷികുറഞ്ഞ വിഭാഗങ്ങള്‍ എന്നിങ്ങനെ വിഭാഗക്കാരും പ്രത്യേകം ജാഗ്രത പാലിക്കണം.

  • പകല്‍സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കണം.
  • ശരീരം മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കണം.
  • പാദരക്ഷകള്‍ ധരിക്കണം
  • തണലില്‍ വിശ്രമിക്കാം
  • നിര്‍ജലീകരണം തടയുന്നതിനായി കൃത്യമായ ഇടവേളകളില്‍ ശുദ്ധജലം കുടിക്കണം, ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം. പുറത്ത്‌പോകുന്നവര്‍ കുപ്പിവെള്ളം കരുതണം.
  • മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതളപാനീയങ്ങള്‍ എന്നിവ ഒഴിവാക്കുക. ഫ്രഷ് ജ്യൂസ്, സംഭാരം, ഒ.ആര്‍.എസ് ലായനി എന്നിവ ഉപയോഗിക്കാം.
  • ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉള്‍പ്പെടുത്തണം.
  • വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം.
  • ക്ലാസ് മുറികളില്‍ വായുസഞ്ചാരവും പരീക്ഷാഹാളുകളില്‍ ജലലഭ്യതയും ഉറപ്പാക്കണം.
  • അസംബ്ലി, ഉച്ചക്കുള്ള കായികപഠനം എന്നിവ ഒഴിവാക്കാം.
Tags:    
News Summary - High UV Levels Alert: Caution Urged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.